Connect with us

Editors Pick

എൻ ആർ സി: 'മരണം' വില്ലനായെത്തി അബുത്വാലിബ് പുറത്തായി

Published

|

Last Updated

അബുത്വാലിബ്, ഇദ്‌രിസ് അലി

ഗുവാഹത്തി: ഔദ്യോഗിക രേഖ പ്രകാരം കച്ചാരിഗാവിലെ 47കാരനായ അബുത്വാലിബ് “മരിച്ച”യാളാണ്. 2009ൽ ഡി വോട്ടറായ അദ്ദേഹത്തെ 2018 ഫെബ്രുവരിയിൽ ട്രൈബ്യൂണൽ പൗരനായി വിധിച്ചു. പരാതിക്കാരൻ മരിച്ചതിനാൽ കേസ് റദ്ദാക്കിയെന്നാണ് 2009ലെ തന്നെ രേഖകളിലുള്ളത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതി അബുത്വാലിബിനുള്ള വിധിയും റദ്ദാക്കി. ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ അഭിഭാഷകൻ നഈമുദ്ദീൻ അഹ്മദിന്റെ മറുപടി ഇങ്ങനെയാണ്: ഡി വോട്ടർ എന്ന് അടയാളപ്പെടുത്തപ്പെട്ട അബുത്വാലിബിന് അതിർത്തി പോലീസ് വഴി ട്രൈബ്യൂണൽ സമൻസ് ലഭിച്ചിരിക്കണം. പോലീസിന് അദ്ദേഹത്തെ കണ്ടെത്താൻ സാധിക്കാത്തതിനാൽ, ചില സാക്ഷികളുടെ മൊഴി പ്രകാരമോ സ്വന്തം ഇഷ്ടപ്രകാരമോ ഇയാൾ മരിച്ചെന്ന് പോലീസ് റിപ്പോർട്ട് ചെയ്തിരിക്കണം. വർഷങ്ങൾ കഴിഞ്ഞാണ് അബുത്വാലിബ് ഡി വോട്ടർ വിഷയത്തിൽ നഈമുദ്ദീനെ സമീപിക്കുന്നത്. തുടർന്ന് ഏറെ പണിപ്പെട്ട് ട്രൈബ്യൂണലിൽ പുനർവിചാരണ ആരംഭിച്ച് അനുകൂല വിധി നേടിയെങ്കിലും അബുത്വാലിബിന്റെ മരണം സംബന്ധിച്ച പരാമർശത്തിൽ ട്രൈബ്യൂണൽ ഉദ്യോഗസ്ഥൻ മാറ്റംവരുത്താത്തതാണ് വിധി ഹൈക്കോടതി റദ്ദാക്കാൻ ഇടയാക്കിയത്. കൃഷി ഭൂമിയെല്ലാം വിറ്റ് കൂലിപ്പണിക്കാരനാണ് ഇപ്പോൾ അദ്ദേഹം. നിയമ പോരാട്ടത്തിന് മകൻ ഒരു ലക്ഷത്തിലേറെ രൂപ ചെലവാക്കിയിരുന്നു. നിലവിൽ കേരളത്തിൽ ജോലി ചെയ്യുന്ന മകൻ വിവാഹം കഴിച്ചതിനാൽ തനിക്കായി ചെലവാക്കാൻ അവന്റെ പക്കൽ ഒന്നുമുണ്ടാകില്ല. നദിയിലെ വെള്ളപ്പൊക്കം കാരണം എല്ലാം നഷ്ടപ്പെട്ടിട്ടുണ്ട്. അതിനിടയിലാണ് പൗരത്വ നിയമ പ്രക്രിയ. കടയിൽ നിന്ന് 20 രൂപക്ക് വിഷം വാങ്ങി കുത്തിവെക്കാനേ നിലവിലെ അവസ്ഥയിൽ സാധിക്കൂവെന്ന് ത്വാലിബ് ചങ്കുപിളരും വേദനയോടെ പറയുന്നു.

കഴിഞ്ഞ വർഷത്തെ കരട് എൻ ആർ സിയിൽ ഉൾപ്പെട്ടിട്ടും അന്തിമ പട്ടികയിൽ പേരില്ലാത്തവരാണ് ബർകുറാനിയിലെ ഇദ്‌രീസ് അലിയും കുടുംബവും. 2017ലാണ് ഇദ്‌രീസിന്റെ ഡി വോട്ടർ വിശേഷണം മോറിഗാവ് വിദേശീ ട്രൈബ്യൂണൽ നാല് ഒഴിവാക്കിയത്; ഭാര്യയുടെത് കഴിഞ്ഞ വർഷവും. അംജദ് അലിയുടേതിന് സമാനമാണ് ഇവരുടെ കാര്യവും. ട്രൈബ്യൂണലിന്റെ മുമ്പത്തെ വിധി റദ്ദാക്കാതെയാണ് പുതിയ വിധിയുണ്ടായത്. അതിനാൽ ഹൈക്കോടതി ഇത് റദ്ദാക്കി. സ്വന്തമായി ഒരു തുണ്ട് ഭൂമി പോലുമില്ലാത്ത ഈ കൂലിപ്പണിക്കാരന്, എന്താണ് പ്രശ്‌നമെന്ന് പോലും മനസ്സിലായിട്ടില്ല. അഭിഭാഷകൻ ആവശ്യപ്പെടുന്ന പണവും രേഖകളും കൊടുത്താൽ അനുകൂല വിധി വരുമെന്നാണ് ഇവർ ധരിച്ചത്. എൻ ആർ സി നടപടിക്രമങ്ങളിലെ സങ്കീർണതകൾ സംബന്ധിച്ച് ഇവർക്ക് ബോധ്യമില്ലെങ്കിലും, അഭിഭാഷകർ അത് മനസ്സിലാക്കിക്കൊടുക്കേണ്ടതായിരുന്നു. എന്നാൽ അവർ വരുമാന സ്രോതസ്സ് ആയി മാത്രമാണ് ട്രൈബ്യൂണലിലെ കേസുകളെ കാണുന്നതെന്നാണ് ഇവയൊക്കെ തെളിയിക്കുന്നത്. നദിയിലേക്ക് ചാടി മരിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന് കൈകളിൽ മുഖം പൊത്തി ഈ വൃദ്ധൻ പറയുന്നു.