Connect with us

Kerala

എസ് വൈ എസ് സാന്ത്വന കേന്ദ്രം ഇന്ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

Published

|

Last Updated

തിരുവനന്തപുരം: എസ് വൈ എസ് സംസ്ഥാന കമ്മിറ്റി തിരുവനന്തപുരത്ത് നിർമിച്ച സാന്ത്വന കേന്ദ്രം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. വഴുതക്കാട് ടാഗോർ തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അധ്യക്ഷത വഹിക്കും. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥന നടത്തും.

ഉദ്ഘാടന ചടങ്ങിൽ സാന്ത്വനം സോഫ്റ്റ് വെയർ ലോഞ്ചിംഗ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പ്രത്യേക പരിശീലനം ലഭിച്ച സാന്ത്വനം വോളണ്ടിയേഴ്‌സിന്റെ സമർപ്പണം റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും നിർവഹിക്കും. പുതിയ ആയിരം വീടുകൾ നിർമിക്കുന്ന ദാറുൽഖൈർ ഭവന പദ്ധതിയുടെ ലോഞ്ചിംഗ് വ്യവസായ മന്ത്രി ഇ പി ജയരാജൻ നിർവഹിക്കും. റീജ്യനൽ ക്യാൻസർ സെന്ററിലും ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലുമെത്തുന്ന നിരാലംബരായ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്രയമാകുന്ന കേന്ദ്രത്തിൽ ഒരേ സമയം 300 പേർക്ക് താമസ, ഭക്ഷണ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. നാല് നിലകളിലായി 25,000 സ്‌ക്വയർ ഫീറ്റ് വിശാലതയുള്ള സാന്ത്വന കേന്ദ്രം ഐ സി എഫിന്റെ സഹായത്തോടെ പത്ത് കോടി രൂപ ചെലവിലാണ് നിർമിച്ചത്. സേവന സാന്ത്വന കാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘമാണ് എസ് വൈ എസ് സാന്ത്വനം. സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ കേന്ദ്രീകരിച്ച് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യ ഭക്ഷണം, മരുന്ന്, വോളണ്ടിയർ സേവനങ്ങൾ എന്നിവ നൽകുന്നുണ്ട്. സംസ്ഥാനത്തെ എസ് വൈ എസ് സാന്ത്വന പ്രവർത്തനങ്ങളുടെ ആസ്ഥാന മന്ദിരം കൂടിയാണ് തിരുവനന്തപുരത്തെ സാന്ത്വനം സെന്ററെന്ന് ഭാരവാഹികൾ പറഞ്ഞു.

ചടങ്ങിൽ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹിം ഖലീലുൽ ബുഖാരി, വി എസ് ശിവകുമാർ എം എൽ എ, ഒ രാജഗോപാൽ എം എൽ എ, എ യൂനുസ് കുഞ്ഞ്, പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, പി എ ഹൈദ്രോസ് മുസ്‌ലിയാർ, പേരോട് അബ്ദുർ റഹ്മാൻ സഖാഫി, സി മുഹമ്മദ് ഫൈസി, സയ്യിദ് ത്വാഹാ സഖാഫി, കെ കെ അഹ്‌മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, വണ്ടൂർ അബ്ദുർ റഹ്മാൻ ഫൈസി, എ സൈഫുദ്ദീൻ ഹാജി, പ്രൊഫ. എ കെ അബ്ദുൽ ഹമീദ്, മജീദ് കക്കാട്, സി പി സൈതലവി ചെങ്ങര, സയ്യിദ് അബ്ദുർറഹ്മാൻ ആറ്റക്കോയ തങ്ങൾ, അബ്ദുൽ അസീസ് സഖാഫി മമ്പാട്, ഡോ. പി എ മുഹമ്മദ് കുഞ്ഞി സഖാഫി, ഡോ. മുഹമ്മദ് ഹനീഫ, എ പി അബ്ദുൽകരീം ഹാജി ചാലിയം, സി പി മൂസ ഹാജി അപ്പോളോ, എം എൻ സിദ്ദീഖ് ഹാജി, എ പി അശ്ഹർ സംബന്ധിക്കും. പത്രസമ്മേളനത്തിൽ എസ് വൈ എസ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് ത്വാഹാ സഖാഫി, സാന്ത്വനകേന്ദ്രം ചെയർമാൻ ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി, എ സൈഫുദ്ദീൻ ഹാജി, ഡോ. പി എ മുഹമ്മദ്കുഞ്ഞി സഖാഫി, എസ് ശറഫുദ്ദീൻ, സിദ്ദീഖ് സഖാഫി നേമം പങ്കെടുത്തു.