Connect with us

National

ഹരിയാനയിൽ ആരു ഭരിക്കും? ജെ ജെ പി തീരുമാനിക്കും

Published

|

Last Updated

ചണ്ഡീഗഢ്: ഹരിയാനയിൽ ഏത് പാർട്ടി സർക്കാർ രൂപവത്കരിക്കുകയാണെങ്കിലും ഒരു വയസ്സ് പോലും പ്രായമാകാത്ത ജൻനായക് ജനതാ പാർട്ടി (ജെ ജെ പി)യുടെ നിലപാട് നിർണായകമാകും. കോൺഗ്രസ് മുഖ്യമന്ത്രിപദം വരെ വാഗ്ദാനം ചെയ്താണ് സർക്കാർ രൂപവത്കരണത്തിൽ ജെ ജെ പിയുടെ സ്ഥാപകൻ ദുഷ്യന്ത് ചൗത്താലയുടെ സഹായം തേടുന്നത്. രാഷ്ട്രീയത്തിലെ പതിവ് വിലപേശലിന് കാത്തിരിക്കുകയാണോ ദുഷ്യന്ത് എന്നത് വ്യക്തമല്ല. വിലപേശലാണ് പ്രധാനമെങ്കിൽ കേന്ദ്രത്തിൽ അധികാരമുള്ള ബി ജെ പിയുടെ വാഗ്ദാനങ്ങൾക്ക് അദ്ദേഹം വശംവദനാകുമോയെന്നും രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുന്നുണ്ട്.

ഉപ പ്രധാനമന്ത്രിയായിരുന്ന ചൗധരി ദേവിലാലിന്റെ ആശയങ്ങൾ ഉയർത്തിപ്പിടിച്ച് അദ്ദേഹത്തിന്റെ ഇളമുറക്കാരൻ ദുഷ്യന്ത് ചൗത്താലയാണ് 2018 ഡിസംബറിൽ ജെ ജെ പി സ്ഥാപിച്ചത്. ചൗത്താല കുടുംബത്തിന്റെ സ്വന്തമായ ഇന്ത്യൻ നാഷനൽ ലോക് ദളി (ഐ എൻ എൽ ഡി)ലെയും കുടുംബത്തിലെയും കലഹങ്ങളാണ് ജെ ജെ പിയുടെ പിറവിക്ക് കാരണം.

കഴിഞ്ഞ വർഷം ഒക്‌ടോബറിൽ ഐ എൻ എൽ ഡി നേതാവ് ഓം പ്രകാശ് ചൗത്താലയുടെ മകൻ അഭയ് ചൗത്താല ഗൊഹാനയിൽ സംഘടിപ്പിച്ച റാലി തടസ്സപ്പെടുത്തിയതാണ് പൊട്ടിത്തെറിയിലെത്തിച്ചത്. ഓം പ്രകാശ് ചൗത്താലയുടെ പേരമകൻ കൂടിയായ ദുഷ്യന്ത് ചൗത്താലയും ഇളയ സഹോദരൻ ദിഗ്‌വിജയ് ചൗത്താലയുമാണ് റാലി പരാജയപ്പെട്ടതിൽ പ്രതിസ്ഥാനത്ത് വന്നത്. തുടർന്ന് ദുഷ്യന്തും ദിഗ്‌വിജയും ഐ എൻ എൽ ഡിയിൽ നിന്ന് പുറത്തായി. പിതാവ് അജയ് ചൗത്താല ഇവരെ പിന്തുണച്ചതിനാൽ അദ്ദേഹവും പുറത്തായി. ഡിസംബറിൽ ജിൻഡിൽ നടന്ന റാലിയിലാണ് ജെ ജെ പി സ്ഥാപിതമായത്. ഐ എൻ എൽ ഡിയിൽ ആയിരിക്കെ ഒരു തവണ എം പി ആയിരുന്നു ദുഷ്യന്ത്.

ഹരിയാന ജനത “ജൻ നായക്” എന്ന് വിശേഷിപ്പിച്ചിരുന്ന ചൗധരി ദേവിലാലിന്റെ ബഹുമാനാർഥമാണ് ദുഷ്യന്ത് പാർട്ടിയുടെ പേര് തിരഞ്ഞെടുത്തത്. ദുഷ്യന്തിന്റെ മാതാവ് നൈന സിംഗ് ചൗത്താല അടക്കം ഐ എൻ എൽ ഡിയുടെ മൂന്ന് എം എൽ എമാർ അന്ന് ജെ ജെ പിയിലേക്ക് വന്നിരുന്നു.