Connect with us

Kerala

ഓര്‍ത്തഡോക്‌സ് സഭ പിന്തുണച്ചിട്ടും കെ സുരേന്ദ്രന് മൂന്നാം സ്ഥാനം

Published

|

Last Updated

കോന്നി: ശബരിമലയില്‍ നടത്തിയ ഇടപെടലിന്റെ ആത്മവിശ്വാസവുമായി മഞ്ചേശ്വരത്ത് നിന്ന് കോന്നിയില്‍ മത്സരിക്കാന്‍ ചെന്ന കെ സുരേന്ദ്രന് അവിടെയും രക്ഷയില്ല. കടുത്ത ത്രികോണ മത്സരമാണ് നടക്കുന്നതെന്നും ഓര്‍ത്തഡോക്‌സ് സഭയുടെ പിന്തുണയില്‍ താന്‍ വിജയിക്കുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ച സുരേന്ദ്രന് മൂന്നാം സ്ഥാനത്ത നിന്ന് മുന്നേറാന്‍ കഴിഞ്ഞില്ല. വോട്ടെണ്ണല്‍ പകുതിക്ക് മുകളിലെത്തിയപ്പോള്‍ ഏകദേശം 20000ത്തോളം വോട്ടാണ് സുരേന്ദ്രന് ലഭിച്ചത്. കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ കിട്ടിയതിനേക്കാള്‍ കുറവാണിത്.

സുരേന്ദ്രനെ മുന്‍നിര്‍ത്തി ശക്തമായ പ്രചാരണം മണ്ഡലത്തില്‍ നടത്താന്‍ ബി ജെ പിക്ക് കഴിഞ്ഞിരുന്നു. മാധ്യമങ്ങളുടെ നിറഞ്ഞ പിന്തുണയും എന്‍ ഡി എക്ക് ലഭിച്ചു. എന്നാല്‍ ഒരു പഞ്ചായത്തില്‍ പോലും ലീഡ് ചെയ്യാന്‍ സുരേന്ദ്രന് കഴിഞ്ഞില്ല. ഓര്‍ത്തഡോക്‌സ് സഭ സുരേന്ദ്രന് വോട്ട് ചെയ്യണമെന്ന് പരസ്യ ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ സഭാ വിശ്വാസികളായ വോട്ടര്‍മാരില്‍ പോലും ഇത് കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞില്ല.

നിലവിലെ വോട്ടു നിലയനുസരിച്ച് സി പി എം സ്ഥാനാര്‍ഥി കെ യു ജനീഷ് കുമാര്‍ 4649 വോട്ടിന് ലീഡ് ചെയ്യുകയാണ്. യു ഡി എഫ് സ്ഥാനാര്‍ഥി പി മോഹന്‍രാജ് ആണ് രണ്ടാം സ്ഥാനത്ത്.
മുന്‍മന്ത്രി അടൂര്‍ പ്രകാശിന്റെ മണ്ഡലമായ കോന്നിയില്‍ തന്റെ വിശ്വസ്തനായ റോബിന്‍ പീറ്ററെ സ്ഥാനാര്‍ഥിയാക്കാത്തതില്‍ അദ്ദേഹം കടുത്ത അതൃപ്തി അറിയിച്ചിട്ടുണ്ട്. യു ഡി എഫിന്റെ പിന്നോക്കം പോക്കിന് ഇതും കാരണമായേക്കാം.