Connect with us

Kerala

മരടിലെ ഫ്‌ളാറ്റ് ഉടമകള്‍ക്കായി 6.15 കോടി നഷ്ടപരിഹാരം അനുവദിച്ചു

Published

|

Last Updated

കൊച്ചി: മരടിലെ 34 ഫ്‌ളാറ്റുടമകള്‍ക്ക് നഷ്ടപരിഹാരം അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവായി. 6.15 കോടി രൂപയാണ് ഇവര്‍ക്കായി അനുവദിച്ചത്. തുക താമസിയാതെ ഫ്‌ളാറ്റ് ഉടമകളുടെ ബേങ്ക് അക്കൗണ്ടിലെത്തും. മരടിലെ ഫ്‌ളാറ്റ് ഉടമകള്‍ക്ക് 25 ന് അകം നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നു.

ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ സമിതി നഷ്ടപരിഹാരത്തിനു ശിപാര്‍ശ ചെയ്ത ഫ്‌ളാറ്റ് ഉടമകള്‍ക്ക് ഇതിനു മുന്‍പായി തുക കൈമാറും. നഷ്ടപരിഹാരത്തിന് അര്‍ഹരായവരില്‍ 23 പേര്‍ കൂടി ഇന്നലെ മരട് നഗരസഭയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. 38 ഫ്‌ളാറ്റ് ഉടമകള്‍ കഴിഞ്ഞ ദിവസം സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. സമിതി ഇതുവരെ 107 ഫ്‌ളാറ്റ് ഉടമകള്‍ക്കാണ് നഷ്ടപരിഹാരം ശിപാര്‍ശ ചെയ്തിട്ടുള്ളത്.

അതേസമയം മരട് ഫ്‌ളാറ്റ് കേസിലെ അന്വേഷണം രാഷ്ട്രീയ നേതാക്കളിലേക്കും എത്തുകയാണ്. മരടിലെ മുന്‍ പഞ്ചായത്ത് ഭരണസമിതിയില്‍ ഉണ്ടായിരുന്ന 21 അംഗങ്ങളോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസയച്ചു. നാളെ മുതലാണു രണ്ടു പേര്‍ വീതം ഹാജരാകാന്‍ നോട്ടിസ് കൊടുത്തിരിക്കുന്നത്.