Connect with us

Editors Pick

19 മണിക്കൂര്‍ തുടര്‍ച്ചയായ യാത്ര; ചരിത്രം സൃഷ്ടിച്ച് ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വിമാന സര്‍വീസ്

Published

|

Last Updated

സിഡ്‌നി: ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നോണ്‍ സ്‌റ്റോപ്പ് വിമാന സര്‍വീസ് വിജയകരം. വെള്ളിയാഴ്ച രാത്രി 9.27ന് ന്യൂയോര്‍ക്കില്‍ നിന്ന് പുറപ്പെട്ട ക്വാണ്ടാസ് എയര്‍ലൈന്‍സിന്റെ ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനം 19 മണിക്കൂറും 16 മിനുട്ടും സഞ്ചരിച്ച് ഞായറാഴ്ച രാവിലെ 7.33ന് സിഡ്‌നിയില്‍ ലാന്‍ഡ് ചെയ്തു. ഇടക്കുവെച്ച് ഇന്ധനം നിറയ്ക്കാതെ 10,200 മൈല്‍ ദൂരമാണ് വിമാനം തുടര്‍ച്ചയായി പിന്നിട്ടത്.

49 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഭൂരിഭാഗം പേരും ക്വാണ്ടാസ് എയര്‍ലൈന്‍സ് ജീവനക്കാരായിരുന്നു. ദൈര്‍ഘ്യമേറിയ യാത്രയില്‍ യാത്രക്കാര്‍ എങ്ങനെ ഉറങ്ങുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നുവെന്ന് നിരീക്ഷിക്കാന്‍ ഓസ്‌ട്രേലിയന്‍ സര്‍വകലാശാലയിലെ രണ്ട് ഗവേഷകരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. നാല് പൈലറ്റുമാരാണ് വിമാനം നിയന്ത്രിച്ചത്.

യാത്രക്കാര്‍ക്ക് ജെറ്റ് ലാഗ് ഒഴിവാക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിച്ചിരുന്നു. ഇതിനായി വിമാനത്തിലെ ലൈറ്റുകള്‍ വിവിധ സമയങ്ങളില്‍ ഓണ്‍ ചെയ്തും ഓഫ് ചെയ്തും സമയക്രമീകരണം നടത്തി. ഭക്ഷണവും വിവിധ സമയങ്ങളിലായി ക്രമീകരിച്ചു. യാത്രക്കാര്‍ക്ക് ക്ഷീണവും മറ്റു ആരോഗ്യപ്രശ്‌നങ്ങളും ഇല്ലാതിരിക്കാന്‍ വിവിധ വ്യായാമമുറകളും പരിശീലിപ്പിച്ചിരുന്നു. യാത്രക്കാരുടെ എണ്ണം കുറവായതിനാല്‍ 16,000 കിലോമീറ്റര്‍ ദൂരം നിര്‍ത്താതെ പറക്കാനുള്ള ഇന്ധനം വിമാനത്തില്‍ സൂക്ഷിക്കാന്‍ സാധിച്ചു. ടേക് ഓഫ് ചെയ്യുമ്പോള്‍ 233 ടണ്‍ ആയിരുന്നു വിമാനത്തിന്റെ ഭാരം.

ദൈര്‍ഘ്യമേറിയ നോണ്‍ സ്‌റ്റോപ്പ് വിമാന സര്‍വീസ് ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള മൂന്ന് പരീക്ഷണങ്ങളില്‍ ആദ്യത്തേതാണ് വിജയകരമായി പൂര്‍ത്തീകരിച്ചത്. ദൈര്‍ഘ്യമേറിയ യാത്രയില്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് മനസ്സിലാക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് വിമാനക്കമ്പനി അധികൃതര്‍ പറഞ്ഞു.

നിലവില്‍ ന്യൂയോര്‍ക്കില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ളതാണ് ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വാണിജ്യ വിമാന സര്‍വീസ്. 18 മണിക്കൂറും 30 മിനുട്ടുമാണ് യാത്രാ ദൈര്‍ഘ്യം. 2018 ല്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ആണ് ഈ സര്‍വീസ് ആരംഭിച്ചത്.