Connect with us

Cover Story

എനിക്കും ഒരു സ്വപ്‌നമുണ്ട്‌

Published

|

Last Updated

സാഹസികർക്കു മുമ്പിൽ വെല്ലുവിളി ഉയർത്തി നിൽക്കുന്ന കിളിമഞ്ചാരോ കൊടുമുടിക്കുമുമ്പിൽ നിന്ന് നീരജ് ഈ ലോകത്തിനു നേർക്കു കൈവീശുന്നു. കീഴടങ്ങാൻ കൂട്ടാക്കാത്ത അചഞ്ചലമായ മനോബലം കൈമുതലാക്കുക എന്ന സന്ദേശം നിശ്ചയ ദാർഢ്യം സ്ഫുരിക്കുന്ന ആ കണ്ണുകളിൽ നിറയുന്നു.

കൗമാര കുതൂഹലങ്ങൾക്കിടെ അർബുദം പതുങ്ങിയെത്തി ഇടതുകാൽ കുതികാൽവെട്ടിയെടുത്തപ്പോൾ തളർന്നു പോകേണ്ടതായിരുന്നു അവൻ. കൂട്ടുകാർക്കൊപ്പം ആർത്തുല്ലസിക്കേണ്ട പ്രായത്തിൽ വിധി ഒറ്റക്കാലിലേക്ക് എടുത്തെറിഞ്ഞിട്ടും തളർന്നുപോകാത്ത ആ മനസ്സിന്റെ സ്ഥൈര്യത്തിലുണ്ട് ആത്മവിശ്വാസത്തിന്റെ അനന്തമായ പൊരുൾ.

ആഫ്രിക്കയിലെ 19,341 അടി ഉയരമുള്ള കിളിമഞ്ചാരോ കൊടുമുടി കീഴടക്കാൻ ഒക്ടോബർ ഒമ്പതിന്റെ പ്രഭാതത്തിൽ ആദ്യത്തെ കാലടിവെക്കുമ്പോൾ മുന്നോട്ടു നയിക്കുന്നത് ആത്മബലത്തിന്റെ ചങ്കിടിപ്പാണ്. അടുത്ത കാലടിക്കുപകരം ക്രച്ചസ്സിൽ മുന്നോട്ടാഞ്ഞ് ഇരു കാലുള്ളവർക്കുപോലും അസാധ്യമായ പർവതാരോഹണം നടത്തുമ്പോൾ, ആലുവക്കാരൻ നീരജ് ജോർജ് ബേബി മറികടക്കുന്നതു ശരീരത്തിന്റെ പരിമിതികളെ മാത്രമല്ല, എല്ലാവരേയും എപ്പോഴും പിൻതിരിപ്പിച്ചുകൊണ്ടിരിക്കുന്ന പരാജയ ഭീതിയെന്ന അർബുദത്തെയാണ്.
ഏഴ് ദിവസം കൊണ്ട് കിളിമഞ്ചാരോ കീഴടക്കിക്കഴിയുമ്പോൾ ഒറ്റക്കാലിൽ ഏറ്റവും വേഗത്തിൽ ഹിമശിഖരം കീഴടക്കിയെന്ന റെക്കോർഡ് നീരജിനു സ്വന്തമാകും.
ബാല്യം വർണരാജികൾ നിറച്ചു തുള്ളിച്ചാടാൻ വിളിക്കുന്ന എട്ടാം വയസ്സിലാണ് തസ്‌കരനെപ്പോലെ പതുങ്ങിയെത്തി അർബുദം നീരജിന്റെ ഇടതുകാൽ മുട്ടിന് മുകളിൽ െവച്ചു കവർന്നെടുത്തത്. “നാല് ചുവരുകൾക്കുള്ളിൽ ജീവിതം തളച്ചിടരുതെന്ന് അന്നേ ഞാൻ തീരുമാനിച്ചതാണ്. കാൽ നഷ്ടപ്പെട്ടെങ്കിലും മനസ്സിനെയോ ജീവിതത്തെയോ തളർത്താൻ കഴിഞ്ഞിട്ടില്ല.” ഓരോ വിജയത്തിന്റെ മുഖത്തുനിന്നും സഹജീവികളോടു പറയാൻ നീരജിന് ഈ വാക്കുകൾ മാത്രമേ ഉള്ളൂ.

അടുത്ത സുഹൃത്തുക്കളായ ചാന്ദ്‌നി അലക്‌സ്, പോൾ, ശ്യാം ഗോപകുമാർ, സിജോ, അഖില എന്നിവരും പർവതാരോഹണത്തിൽ നീരജിനൊപ്പമുണ്ട്.
ആലുവ യു സി കോളജിൽ നിന്ന് ബിരുദം നേടിയ ശേഷം സ്‌കോട്ട്‌ലാൻഡിൽ നിന്ന് ബയോടെക്‌നോളജിയിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി അക്കാദമിക മികവിലും നീരജ് വിട്ടുവീഴ്ച ചെയ്തില്ല.
32 കാരനായ നീരജ് അഡ്വക്കറ്റ് ജനറൽ ഓഫീസിൽ അസിസ്റ്റന്റായി ജോലി ചെയ്യുന്നതിനിടെയാണ് കായിക നേട്ടങ്ങൾ കരസ്ഥമാക്കുന്നതും സാഹസിക സഞ്ചാരങ്ങൾ സജ്ജമാക്കുന്നതും.

ഒറ്റക്കാലിൽ ഉയരങ്ങളിലേക്കു സഞ്ചരിക്കുമ്പോൾ മറുകാലിന്റെ ശൂന്യതക്കു പകരമായി ആത്മവിശ്വാസത്തേയും നിശ്ചയ ദാർഢ്യത്തേയും ചേർത്തുനിർത്തുകയാണ് നീരജ്. പിതാവ് റിട്ടയേർഡ് പ്രൊഫസർ സി എം ബേബിയും മാതാവ് ഡോ. ഷൈലാ പാപ്പുവും സഹോദരി നിനോ രാജേഷും നീരജിന്റെ വിജയങ്ങൾക്കു പിന്നിൽ കരുത്തായി നിൽക്കുന്നു.
ഇന്ത്യയിലെ നിരവധി സ്ഥലങ്ങളിൽ നേരത്തെ ട്രെക്കിംഗ് നടത്തി പരിചയം നേടിയാണ് അദ്ദേഹം കിളിമഞ്ചാരോയിലേക്കു യാത്ര പുറപ്പെട്ടത്. 2015 ൽ ജർമനിയിൽ നടന്ന പാരാബാഡ്മിന്റൺ ലോകചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കുകയും 2012 ൽ ഫ്രാൻസിൽ നടന്ന ഫ്രഞ്ച് ഓപ്പൺ പാരാ ബാഡ്മിന്റണിൽ സ്വർണ മെഡൽ കരസ്ഥമാക്കുകയും ചെയ്തു വിജയ രഥമേറിയിട്ടുണ്ട് നീരജ്. സ്‌കൂബാ ഡ്രൈവിംഗ്, ട്രക്കിംഗ്, ഹൈക്കിംഗ് എന്നിവയെല്ലാം നീരജിന്റെ ഹരങ്ങളാണ്. െവന്നിക്കൊടിയേന്തിയുള്ള ഈ യാത്രയിൽ പർവതാരോഹണം ഒരു നാഴികക്കല്ലാകും.

മഹത്വത്തിന്റെ
പർവതം” താണ്ടാൻ

ആഫ്രിക്കയുടെ മേൽക്കൂര എന്നു വിളിക്കപ്പെടുന്ന കിളിമഞ്ചാരോ പർവതം. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ വെച്ച് ഏറ്റവും ഉയരം കൂടിയതും ലോകത്തിലെ സുഷുപ്തിയിലാണ്ട ഏറ്റവും വലിയ അഗ്‌നിപർവതങ്ങളിൽ ഒന്നുമാണ് ഇത്.
ഭൂമധ്യരേഖക്ക് തെക്ക് കെനിയൻ അതിർത്തിക്കു തൊട്ടടുത്തായി ടാൻസാനിയയിൽ മേഘങ്ങളെ ചുംബിക്കുന്ന കൊടുമുടികളോടു കൂടിയ ഈ പർവതം നിലകൊള്ളുന്നു.
പരന്ന പീഠഭൂമിയിൽ ഒറ്റപ്പെട്ടുനിൽക്കുന്നതുകൊണ്ട് കൂടുതൽ ഭീമാകാരമായി ആ ഉയരം ആരെയും അമ്പരപ്പിക്കുന്നു. രണ്ട് അഗ്‌നിപർവത ശൃംഗങ്ങളിൽ ഒന്നിന്റെ നെറുക സദാ മഞ്ഞു മൂടിക്കിടക്കുന്നു.

ഭൂപടത്തിൽ രേഖപ്പെടാതെ കിടന്നിരുന്ന ഇരുണ്ട ഭൂഖണ്ഡത്തിലെ ആ മഞ്ഞണിഞ്ഞ അഗ്‌നിപർവതം “മഹത്വത്തിന്റെ പർവതം” എന്ന അർഥത്തിൽ കിളിമഞ്ചാരോ എന്നു വിളിക്കപ്പെട്ടു.
അമ്പരപ്പിക്കുന്ന ഉയരത്തോടൊപ്പം മനോഹാരിതക്കും പേരുകേട്ടതാണ് കിളിമഞ്ചാരോ. ആനക്കൂട്ടങ്ങൾ വിഹരിക്കുന്ന വരണ്ട ആഫ്രിക്കൻ സമതലങ്ങൾക്കപ്പുറം രമണീയമായ ദൃശ്യങ്ങളാൽ കൊരുത്തെടുത്ത കിളിമഞ്ചാരോ തലയുയർത്തി നിൽക്കുന്നു.

നൂറുകണക്കിനു കിലോമീറ്ററുകൾക്കകലെ ഏതു ദിശയിൽനിന്നും കാണാൻ കഴിയും വിധം വലിയ ഹിമപ്പരപ്പുകളും ഹിമാനികളും നിറഞ്ഞു വെട്ടിത്തിളങ്ങി നിൽക്കുന്ന പ്രകൃതിയുടെ ഈ മഹാ ഗോപുരത്തെ “മരുയാത്രികരുടെ പർവതം” എന്നും വിളിക്കുന്നു.
ചിതറിക്കിടക്കുന്ന ഉരുളൻ പാറക്കല്ലുകളോടുകൂടി ചെരിവാർന്ന വിസ്തൃത സമതലത്താൽ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്ന ഈ പർവത ശിഖരങ്ങൾ തകർന്നടിഞ്ഞ ഒരു പുരാതന അഗ്‌നിപർവതത്തിന്റെ അവശിഷ്ടങ്ങളാണ്. തരിശും ഭയജനകവുമായ പീഠഭൂമിയായി ആ മഞ്ഞു മലകൾ നിൽക്കുന്നു.

കിളിമഞ്ചാരോയുടെ പരിസ്ഥിതിവ്യൂഹത്തിന്റെ അടിവാരങ്ങളിൽ മനുഷ്യസ്പർശമേൽക്കാത്ത ഉഷ്ണമേഖലാ വനങ്ങളിൽ ആനകളും കാട്ടുപോത്തുകളും ഇന്നും കൂട്ടത്തോടെ വിഹരിക്കുന്നു.

വനത്തിനു മേലെ ശക്തമായ കാറ്റേറ്റ് വളഞ്ഞുകുത്തി നിൽക്കുന്ന വയസ്സൻ വൃക്ഷങ്ങൾ മനോഹരമായ കാഴ്ചകൾ തീർക്കുന്നു. ഉരുളൻ പാറകൾക്കും പാറമടക്കുകൾക്കും ചുറ്റുമായി പുല്ലും പൂക്കളും വളർന്നുനിൽക്കുന്നു.
വീണ്ടും ഉയരത്തിലേക്കു പോയാൽ തരിശുനിലങ്ങൾ ആൽപ്‌സ് മേഖലക്കു വഴിമാറുന്നു. ഉണങ്ങി വരണ്ട, പാറകളുള്ള മരുഭൂമിയും അതിരുകടന്ന താപനിലയും ഈ പർവതത്തിന്റെ പ്രത്യേകതയാണ്. പകൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയരുകയും രാത്രിയിലാകട്ടെ അത് ഹിമാങ്കത്തിലും താഴുകയും ചെയ്യുുന്നു.

അതിസാഹസികമായ പാതകൾ പിന്നിട്ട് പർവത തുഞ്ചത്തെത്തുകയെന്നതു വലിയ വെല്ലുവിളികളാണ്. പർവതാരോഹകരെ സഹായിക്കാൻ വഴികളില്ലെല്ലാം സന്നാഹങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിലും ഒരു കാലില്ലാത്ത ആൾക്ക് ഈ മലകയറ്റം അസാധ്യമെന്നേ തോന്നൂ…
കടും നീലാകാശത്തിന്റെ പശ്ചാത്തലത്തിൽ വെളുത്ത് ശുദ്ധമായ വലിയ ഹിമാനികളും ഹിമപ്പരപ്പുകളും നിലകൊള്ളുന്ന ഇവിടം വായു നേർത്തതാണ്. പരന്ന ഉച്ചിയിലാണ് അഗ്‌നിപർവതത്തിന്റെ മുഖം. അഗ്‌നിപർവത മുഖത്തിനകത്ത് പർവതത്തിന്റെ അകക്കാമ്പിലെ വലിയ ചാരക്കുഴിയുടെ ചെറിയ ധൂമരന്ധ്രങ്ങളിൽനിന്ന് (പുകദ്വാരങ്ങൾ) ഇന്നും ചൂടുള്ള സൾഫ്യൂറിക് പുകപടലങ്ങൾ സാവധാനം തണുത്ത വായുവിലേക്ക് ഉയരുന്നു. സുഷുപ്തിയിലാണ്ട അഗ്‌നിപർവതത്തിനുള്ളിലെ പ്രക്ഷുബ്ധാവസ്ഥയെ ഇപ്പോഴും ഇതു കാണിക്കുന്നു.

ഇന്ത്യൻ മഹാസമുദ്രത്തിൽനിന്ന് വീശിയടിക്കുന്ന ഈർപ്പമുള്ള കാറ്റ് പർവതത്തിന്മേൽ പതിച്ച് മുകളിലേക്ക് പോകുന്നു. ഇതു മഴയായി പെയ്തു താഴ്ന്ന ചെരിവുകളെ ഫലഭൂയിഷ്ഠമാക്കുന്നു.
മഞ്ഞുമൂടിക്കിടക്കുന്ന അതിന്റെ കൊടുമുടിയിൽ എത്തിപ്പെടാൻ ശ്രമിക്കുന്നവരെ ഉപദ്രവിച്ചേക്കാവുന്ന ഭൂതപ്രേതാദികളെക്കുറിച്ചുള്ള കെട്ടുകഥകൾ പ്രദേശ വാസികൾ ഇന്നും കൈമാറിക്കൊണ്ടിരിക്കുന്നു. ഇതു നിമിത്തം അവിടത്തുകാർ അതിന്റെ നെറുകയിൽ കയറാൻ ഇപ്പോഴും ഭയപ്പെടുന്നു.

പ്രതിസന്ധികളെ
തരണംചെയ്ത്…

നല്ല ആരോഗ്യമുള്ള ആർക്കും കയറാൻ സാധിക്കുന്ന പർവതമാണു കിളിമഞ്ചാരോ എങ്കിലും ഒരു കാലില്ലാത്ത ആൾക്കു മുമ്പിൽ അതു സമാനതകളില്ലാത്ത വെല്ലുവിളി തന്നെയാണ് സൃഷ്ടിക്കുന്നത്.കിളിമഞ്ചാരോ കീഴടക്കി കൂട്ടുകാർക്കൊപ്പം ഈ മാസം 21 നു തിരിച്ചെത്തുന്ന വിധമാണ് നീരജ് യാത്ര ആസൂത്രണം ചെയ്തിരിക്കുന്നത്.
നൈനിറ്റാളിലെ നൈന പീക്ക്, കോയമ്പത്തൂരിലെ വെള്ളാങ്കിരി മല, വയനാട്ടിലെ ചെമ്പ്രമല, പക്ഷിപാതാളം തുടങ്ങി നീരജ് ട്രെക്കിംഗ് നടത്തിയ സ്ഥലങ്ങൾ ഏറെയുണ്ട്. ഉയരങ്ങൾ കീഴടക്കുമ്പോൾ വിധി കവർന്നെടുന്ന കാലിന്റെ ശൂന്യതയിൽ ആയിരം കാലുകൾ തന്നെ പിൻതുണക്കുന്നതായി അവൻ അറിയുന്നു…പരാജയത്തെ ദൂരേക്ക് തൊഴിച്ചെറിയാൻ ഒറ്റക്കാലിൽ നിന്നുകൊണ്ട് നീരജിനു സാധ്യമാകുന്നു. കിളിമഞ്ചാരോയുടെ ഔന്നത്യത്തിൽ നിൽക്കുമ്പോൾ നീരജ് ലോകത്തോടു പറയുന്നതും അതുമാത്രമാണ്… പരാജയ ഭീതിയും പരിമിതികളും മാത്രമാണ് നമ്മെ തളർത്തുന്ന അർബുദങ്ങൾ എന്ന സത്യം.

എം ബിജുശങ്കർ
• bijunews1@gmail.com

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest