സാധ്യതകളുടെ പറുദീസയൊരുക്കി മെഡിക്കല്‍ ഫിസിക്‌സ്

ഫിസിക്‌സ് ബിരുദധാരികള്‍ക്ക് സ്‌പെഷ്യലൈസേഷന് തിരഞ്ഞെടുക്കാവുന്ന മികച്ച കരിയര്‍ ഓപ്ഷനാണ് മെഡിക്കല്‍ ഫിസിക്‌സ് മുന്നോട്ടുവെക്കുന്നത്.
Posted on: October 11, 2019 2:36 pm | Last updated: October 11, 2019 at 2:38 pm

ന്യൂജെന്‍ കോഴ്‌സുകള്‍ ഉള്‍പ്പെടെ വിദ്യാര്‍ഥികളെ അവസരങ്ങളുടെയും സാധ്യതകളുടെയും അനന്ത വിഹായസ്സിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന പറുദീസയാണ് ശാസ്ത്ര ശാഖയായ മെഡിക്കല്‍ ഫിസിക്‌സ്. ഫിസിക്‌സ് ബിരുദധാരികള്‍ക്ക് സ്‌പെഷ്യലൈസേഷന് തിരഞ്ഞെടുക്കാവുന്ന മികച്ച കരിയര്‍ ഓപ്ഷനാണ് മെഡിക്കല്‍ ഫിസിക്‌സ് മുന്നോട്ടുവെക്കുന്നത്.

അപകടകാരിയായ റേഡിയോ ആക്ടീവ് മൂലകങ്ങളെയും റേഡിയോ ആക്ടീവ് കിരണങ്ങളെയും നിയന്ത്രിച്ചു നിര്‍ത്തി രോഗ നിര്‍ണയത്തിനും ചികിത്സക്കും പ്രയോജനപ്പെടുത്തുന്ന മെഡിക്കല്‍ റേഡിയേഷന്‍ ഫിസിക്‌സിന് ഇതോടൊപ്പം വ്യാവസായിക, കാര്‍ഷിക മേഖലകളെ വളര്‍ച്ചയുടെ പാതയിലേക്ക് നയിക്കാനും കഴിയും.

ഇതുവഴി ഉയര്‍ന്ന യോഗ്യതയുള്ള മെഡിക്കല്‍ ഫിസിസിസ്റ്റുകള്‍ക്ക് വന്‍കിട ആശുപത്രികള്‍, റേഡിയോ തെറാപ്പി സെന്ററുകള്‍ എന്നിവിടങ്ങള്‍ക്കപ്പുറം വ്യവസായ രംഗത്തും ഗവേഷണ രംഗത്തും മികച്ച അവസരമാണ് തുറക്കപ്പെടുന്നത്. പ്രതിദിനം വളരുന്ന, വെല്ലുവിളികള്‍ നിറഞ്ഞ ശാസ്ത്ര ശാഖയായതിനാല്‍ വിഷയത്തില്‍ അപ്‌ഡേഷനും ഗുണനിലവാരം നിലനിര്‍ത്തലും അനിവാര്യമായ കര്‍ശന വ്യവസ്ഥകളുള്ള പ്രഫഷന്‍ കൂടിയാണിത്. റേഡിയോ ആക്ടീവ് കിരണങ്ങളും മൂലകങ്ങളും ഉപയോഗിച്ചുള്ള ചികിത്സക്ക് മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കൊപ്പം മെഡിക്കല്‍ ഫിസിസിസ്റ്റുകളുടെ സാന്നിധ്യം നിര്‍ബന്ധമാകും. ക്യാന്‍സര്‍ ചികിത്സാ രംഗത്ത് ഇവരുടെ സേവനം ഏറെ നിര്‍ണായകമാകും. രാജ്യത്ത് വന്‍കിട ആശുപത്രികള്‍ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ യോഗ്യതയുള്ളവര്‍ക്ക് അവസരങ്ങളും ഏറെയായിരിക്കും.
ഈ മേഖലയിലെ ഗുണനിലവാരം നിയന്ത്രിക്കുന്ന അറ്റോമിക് എനര്‍ജി റെഗുലേറ്ററി ബോര്‍ഡി (എ ഇ ആര്‍ ബി) ന്റെ നിബന്ധന പ്രകാരം ഈ മേഖലയില്‍ സേവനമനുഷ്ഠിക്കുന്നതിന് മതിയായ യോഗ്യത നിര്‍ബന്ധമാണ്. കൂടാതെ സുരക്ഷാ സംബന്ധമായ ഉപദേശങ്ങള്‍ നല്‍കുന്നതിനു റേഡിയോളജിക്കല്‍ സേഫ്റ്റി ഓഫീസറായി (ആര്‍ എസ് ഒ) നിയോഗിക്കണമെന്നും വ്യവസ്ഥയുണ്ട്.

യോഗ്യതകളും സാധ്യതകളും

ഫിസിക്‌സില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി റേഡിയോളജിക്കല്‍ അല്ലങ്കില്‍ മെഡിക്കല്‍ ഫിസിക്‌സില്‍ ഡിപ്ലോമ. അല്ലങ്കില്‍ ഫിസിക്‌സില്‍ ബിരുദവും റേഡിയോളജിക്കല്‍ അല്ലങ്കില്‍ മെഡിക്കല്‍ ഫിസിക്‌സില്‍ ബിരുദാനന്തര ബിരുദവുമാണ് മെഡിക്കല്‍ ഫിസിസിസ്റ്റാവാന്‍ കുറഞ്ഞ യോഗ്യതയായി എ ഇ ആര്‍ ബി നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. ഇതോടൊപ്പം ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പും പൂര്‍ത്തിയാക്കണം. മുകളില്‍ പറഞ്ഞ യോഗ്യതകള്‍ക്ക് പുറമെ ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററിന്റെ റേഡിയോളജിക്കല്‍ ഫിസിക്‌സ് ആന്‍ഡ് അഡ്വൈറി ഡിവിഷന്‍ നടത്തുന്ന റേഡിയോളജിക്കല്‍ സേഫ്റ്റി ഓഫീസര്‍ പരീക്ഷ പാസാകുകയും ചെയ്താല്‍ ആര്‍ എസ് ഒയായും ജോലി ലഭിക്കും.

എ ഇ ആര്‍ ബിയുടെ നിബന്ധനകള്‍ക്കു വിധേയമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ തെരഞ്ഞെടുത്തു വേണം പഠനത്തിനു ചേരാന്‍. അല്ലങ്കില്‍ ഈ രംഗത്തു പ്രവര്‍ത്തിക്കാനാകില്ല. കൂടാതെ ഇന്റേണ്‍ഷിപ്പിനായി ആധുനിക സൗകര്യങ്ങളോടു കൂടിയ സ്ഥാപനങ്ങള്‍ തിരഞ്ഞെടുക്കണം. കുറഞ്ഞത് ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് എങ്കിലും പൂര്‍ത്തിയാക്കിയിരിക്കുകയും വേണം.

ആധുനിക റേഡിയേഷന്‍ തെറാപ്പിയുമായി

പൊതുമേഖലയിലും സ്വകാര്യ മേഖലകളിലും നിരവധി ആശുപത്രികള്‍ വരുന്ന സാഹചര്യത്തില്‍ വൈദ്യശാസ്ത്ര മേഖലയില്‍ തന്നെ നിരവധി അവസരങ്ങളാണ് മെഡിക്കല്‍ ഫിസിസിസ്റ്റിനെ കാത്തിരിക്കുന്നത്. കൂടാതെ റേഡിയോളജി കോഴ്‌സുകള്‍ നടത്തുന്ന സ്ഥാപനങ്ങളിലും സര്‍വകലാശാലകളിലും അധ്യാപകനായും റേഡിയേഷനുമായി ബന്ധപ്പെട്ട ഗവേഷണം നടത്തുന്ന ലാബോറട്ടറികളില്‍ ഗവേഷകനായും പ്രവര്‍ത്തിക്കാം. ന്യൂക്ലിയോണിക് ഗേജസ്, ഇന്‍ഡസ്ട്രിയല്‍ റേഡിയോഗ്രാഫി തുടങ്ങിയവയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങളിലും മികച്ച സാധ്യതകളുണ്ട്. ഇതോടൊപ്പം അമേരിക്കയും ഇംഗ്ലണ്ടും ഉള്‍പ്പെടെ വിദേശ രാജ്യങ്ങളില്‍ മെഡിക്കല്‍ ഫിസിക്‌സിസ്റ്റിന് നിരവധി അവസരങ്ങളാണുള്ളത്.

കേരളത്തിലെ പഠന അവസരങ്ങള്‍

സംസ്ഥാനത്ത് വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും യൂനിവേഴ്‌സിറ്റികളിലും റേഡിയേഷന്‍ ഫിസിക്‌സില്‍ ഉന്നത പഠനത്തിന് അവസരമൊരുക്കിയിട്ടുണ്ട്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി മെഡിക്കല്‍ റേഡിയഷന്‍ ഫിസിക്‌സില്‍ മൂന്ന് വര്‍ഷം കാലപരിധിയുള്ള സ്വാശ്രയ കോഴ്‌സ് നടത്തുന്നുണ്ട്. മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ച് ഫിസ്‌ക്‌സില്‍ 60 ശതമാനം മാര്‍ക്കോടെ ബിരുദമാണ് കോഴ്‌സിനുള്ള യോഗ്യത. തിരുവനന്തപുരത്തെ റീജ്യനല്‍ ക്യാന്‍സര്‍ സെന്റര്‍ റേഡിയോളജിക്കല്‍ ഫിസിക്‌സില്‍ ഒരു വര്‍ഷത്തെ പോസ്റ്റ് എം എസ് സി ഡിപ്ലോമ കോഴ്‌സ് നടത്തി വരുന്നുണ്ട്. കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ചിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ മെഡിക്കല്‍ റേഡിയോളജിക്കല്‍ സയന്‍സസ് കോഴ്‌സിന്റെ കാലാവധി ഒരു വര്‍ഷമാണ്.

എ ഇ ആര്‍ ബി അംഗീകൃത കോഴ്‌സുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍

ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്റര്‍ മുംബൈ, കിദ്വായി മെമ്മോറിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി ബെംഗളൂരു, ഉസ്മാനിയ യൂനിവേഴ്‌സിറ്റി ഹൈദരാബാദ്, ഡോ. ബി. ബറുവ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഗുവാഹത്തി, മഹാവീര്‍ ക്യാന്‍സര്‍ സന്‍സ്ഥാന്‍ പാറ്റ്‌ന, പണ്ഡിറ്റ് ജെ എന്‍ എം. മെഡിക്കല്‍ കോളജ്‌ റായ്പൂര്‍, ഗുരു ഗോബിന്ദ് സിംഗ് ഇന്ദ്രപ്രസ്ഥ യൂനിവേഴ്‌സിറ്റി ന്യൂഡല്‍ഹി, വൈദേഹി ഇന്‍സ്റ്റിറ്റ്യൂട്ട് മെഡിക്കല്‍ സയന്‍സസ് ബെംഗളൂരു, മണിപ്പാല്‍ യൂനിവേഴ്‌സിറ്റി മണിപ്പാല്‍, പഞ്ചാബ് യൂനിവേഴ്‌സിറ്റി ചണ്ഡിഗഢ്, പി എസ് ജി കോളജ് ഓഫ് ടെക്‌നോളജി കോയമ്പത്തൂര്‍, ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് വെല്ലൂര്‍, ഭാരതിയാര്‍ യൂനിവേഴ്‌സിറ്റി കോയമ്പത്തൂര്‍, അണ്ണാ യൂനിവേഴ്‌സിറ്റി ചെന്നൈ, ജാദവ്പൂര്‍ യൂനിവേഴ്‌സിറ്റി കൊല്‍ക്കത്ത, ഡോ. എന്‍ ജി പി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് കോയമ്പത്തൂര്‍, ഡി വൈ പട്ടീല്‍ യൂനിവേഴ്‌സിറ്റി കോല്‍ഹാപ്പൂര്‍.