Connect with us

Kerala

സലഫി, ഇസ്‌ലാഹി പേരുകളില്‍ താത്പര്യമില്ലെന്ന് മുജാഹിദ് വിഭാഗം

Published

|

Last Updated

കോഴിക്കോട്: “സലഫി”, “ഇസ്‌ലാഹി” പേരുകള്‍ ഉപയോഗിക്കാന്‍ താത്പര്യമില്ലെന്ന് മുജാഹിദ് മകസുദ്ദഅ്‌വ വിഭാഗം. ഈ പേരുകളില്‍ അറിയപ്പെടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കേരള നവോത്ഥാന പ്രസ്ഥാനമെന്ന് അറിയപ്പെടാനാണ് സംഘടന ആഗ്രഹിക്കുന്നതെന്നും സംഘടനാ നേതാവ് ഡോ. ജാബിര്‍ അമാനി പറഞ്ഞു. മദ്‌റസ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ പേരില്‍ സലഫി എന്ന് ചേര്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ല.

“സലഫി”യെന്നത് ഖുര്‍ആനും സുന്നത്തും പിന്തുടരുന്നവരായിരിക്കണം. മുമ്പ് സലഫി പ്രസ്ഥാനം എന്നാല്‍ അതായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആഗോളതലത്തില്‍ സലഫി എന്ന പദത്തിന് വ്യാഖ്യാനങ്ങളില്‍ മാറ്റം വന്നിട്ടുണ്ട്. അതിന് തീവ്രവാദ സംഘടനകളെ പ്രതിനിധാനം ചെയ്യുന്നുവെന്ന വിലയിരുത്തലാണ് പൊതുവെയുള്ളത്. കള്ള് ഷാപ്പില്‍ പോയി വെള്ളം കുടിച്ചാല്‍ മദ്യം കുടിക്കാനല്ല പോയതെന്ന് വിശദീകരിച്ചാല്‍ ആരും അംഗീകരിക്കില്ല. അത് പോലെയാണ് സലഫി എന്ന് പറയുന്നത്. ഇസ്‌ലാഹി മൂവ്‌മെന്റ് എന്നത് വിദേശരാജ്യങ്ങളില്‍ വെപണ്‍ മാനേജ്‌മെന്റ് എന്നാണ് അറിയപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഖുര്‍ആനും സുന്നത്തും അംഗീകരിക്കുന്ന സുന്നികളെ അംഗീകരിക്കുന്നു. കേരളത്തിലെ പ്രബോധന സാഹചര്യമല്ല ലോകത്തുള്ളത്. ആദര്‍ശതലത്തില്‍ നിന്ന് കൊണ്ട് മുജാഹിദ് വിഭാഗങ്ങള്‍ തമ്മില്‍ യോജിക്കാന്‍ തയ്യാറാണ്. 2002ന് മുമ്പ് അഹ്‌ലെ ഹദീസുമായി ബന്ധമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ സംഘടനയുമായി ദേശീയതലത്തില്‍ യാതൊരു ബന്ധവുമില്ല. ന്യൂനപക്ഷ സംഘടനകളില്‍ നിന്നുള്‍പ്പെടെ ബി ജെ പിയിലേക്ക് പോയിരിക്കുന്നത് അവരുടെ സ്വാര്‍ഥതാത്പര്യത്തിന്റെ പേരിലാണെന്നും അദ്ദേഹം പറഞ്ഞു.

സംഘടനയുടെ ആഭിമുഖ്യത്തില്‍ സീ കോണ്‍ സംസ്ഥാന അധ്യാപക, വിദ്യാഭ്യാസ സമ്മേളനം നാളെ കോഴിക്കോട്ട് നടക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡോ. കെ അബ്ദുര്‍റഹ്മാന്‍, പ്രൊഫ. കെ പി സകരിയ്യ, എന്‍ എം അബ്ദുല്‍ ജലീല്‍, ഡോ. അനസ് കടലുണ്ടി തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.