Connect with us

Ongoing News

ഫോക്‌സ് വാഗൺ റിപ്പോർട്ട്: കൈമലർത്തി അന്വേഷണ സംഘം

Published

|

Last Updated

തിരുവനന്തപുരം: സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീർ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ച് ഓടിച്ച കാറിടിച്ച് കൊല്ലപ്പെട്ട സംഭവത്തിൽ ഫോക്‌സ് വാഗൺ കമ്പനിയുടെ റിപ്പോർട്ട് വൈകുന്നു. സെപ്തംബർ ആദ്യവാരം സമർപ്പിക്കുമെന്ന് ഫോക്‌സ് വാഗൺ കമ്പനി അറിയിച്ചിരുന്ന റിപ്പോർട്ട് ഇനിയും ലഭിച്ചിട്ടില്ല. ഒരു മാസം മുമ്പ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന റിപ്പോർട്ട് എന്താണ് വൈകാൻ കാരണമെന്ന വ്യക്തമായ ധാരണ പ്രത്യേക അന്വേഷണ സംഘത്തിനുമില്ല.
ആഗസ്റ്റിൽ പുണെയിൽ നിന്നുള്ള വിദഗ്ധ സംഘം എത്തി പരിശോധനക്കാവശ്യമായ ഡിജിറ്റൽ ഡാറ്റ ശേഖരിച്ച് മടങ്ങിയ ശേഷം റിപ്പോർട്ട് നൽകുന്ന നടപടിക്രമങ്ങൾ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ഫോക്‌സ് വാഗൺ കന്പനിക്ക് കത്ത് നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ ഒരുമാസമായി ഇക്കാര്യത്തിൽ മുന്നോട്ട് പോകാനായിട്ടില്ല.

മ്യൂസിയം പോലീസിന്റെ കസ്റ്റഡിയിലുണ്ടായിരുന്ന ഫോക്‌സ് വാഗൺ വെന്റോ മോഡൽ കാർ കമ്പനിയുടെ ഷോറൂമിൽ എത്തിച്ച് അപകടത്തിൽ ഇടിയുടെ ആഘാതം, എത്ര വേഗതയിലാണ് വാഹനം അപകടത്തിൽ പെട്ടത്, ബ്രേക്ക് പ്രയോഗിച്ചതിന്റെ രീതി, ഹാൻഡ് ബ്രേക്ക് ഉപയോഗിച്ചിട്ടുണ്ടോ തുടങ്ങിയ വിവരങ്ങൾ ശാസ്ത്രീയമായി പരിശോധിച്ച് റിപ്പോർട്ട് നൽകാനാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നത്.

കോടതിയുടെ അനുമതിയോടെ പുണെയിൽ നിന്ന് എത്തിയ സംഘം തിരുവനന്തപുരത്തുള്ള ഫോക്‌സ് വാഗണിന്റെ ഷോറൂമിലെത്തിച്ചാണ് ശാസ്ത്രീയ വിവര ശേഖരണം നടത്തിയത്. എന്നാൽ സംഘം പുണെയിലെത്തിയ ശേഷം ഇത് ഒരു പ്രത്യേക കേസായി പരിഗണിച്ച് തങ്ങൾ ശേഖരിച്ചിരുന്ന വിവരങ്ങൾ കൂടുതൽ വിശകലനത്തിനായി ജർമനിയിലെ ഫോക്‌സ് വാഗൺ കമ്പനിയുടെ ലാബിലേക്ക് അയച്ചിരുന്നതായും റിപ്പോർട്ട് വന്നിരുന്നു. ഇപ്പോൾ കമ്പനിയുടെ പരിശോധന ഏത് ഘട്ടത്തിലാണെന്ന വിവരം പോലും പ്രത്യേക അന്വേഷണ സംഘത്തിനില്ല എന്നതാണ് യാഥാർഥ്യം. റിപ്പോർട്ട് ഉടൻ ലഭ്യമാക്കുമെന്ന് ഫോക്‌സ് വാഗൺ കമ്പനിയുടെ ഉറപ്പിൽ വിശ്വസിച്ചിരിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം.

ഇത് കൂടാതെ ഫോറൻസിക് റിപ്പോർട്ടും മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ടുമാണ് അന്വേഷണ സംഘത്തിന് ലഭിക്കാനുള്ളത്. എ ഡി ജി പി ഡോ. ശേഖ് ദർവേഷ് സാഹിബിന്റെ അന്വേഷണത്തിന്റെ മേൽനോട്ടത്തിലാണ് പ്രത്യേക സംഘം കേസ് അന്വേഷിക്കുന്നത്. കേസിന്റെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന തിരുവനന്തപുരം സിറ്റി നാർക്കോട്ടിക്ക് സെൽ അസി. കമ്മീഷണർ ഷീൻ തറയിലിനെ മാറ്റി ക്രൈം ബ്രാഞ്ച് എസ് പി എ ഷാനവാസിന് ചുമതല നൽകിയിരുന്നു.