കറിപ്പൊടികളിലെ മാരക വിഷാംശം, നടപടിയില്ലാതെ കേരളം

ഹൈക്കോടതി നോട്ടീസ് അയച്ചിട്ടും മറുപടിയില്ല
Posted on: September 26, 2019 6:10 pm | Last updated: September 26, 2019 at 6:10 pm

കണ്ണൂർ: കേരളത്തിലെ കറിപ്പൊടികളിൽ മാരകമായ വിഷാംശം കലർന്നിട്ടുണ്ടെന്നത് സംബന്ധിച്ച് ഹൈക്കോടതിയിൽ ഹരജി നൽകി ഒരു വർഷം കഴിഞ്ഞിട്ടും ഇതു വരെ ഹിയറിംഗ് പോലും നടന്നില്ല. കണ്ണൂരിലെ കറുവപ്പട്ട കർഷകൻ ലെനോർഡ് ജോൺ 2018 സെപ്തംബർ 25 നാണ് ഇത് സംബന്ധിച്ച് ഹൈക്കോടതിയിൽ പൊതു താത്പര്യ ഹരജി നൽകിയത്.

പതിമൂന്ന് ഭക്ഷ്യോത്പന്ന നിർമാതാക്കളെ പ്രതി ചേർത്തും സംസ്ഥാന ഫുഡ് സേഫ്റ്റി കമ്മീഷണർ, അസി. ഫുഡ് സേഫ്റ്റി കമ്മീഷണർ, ചീഫ് സെക്രട്ടറി തുടങ്ങിയവർ എതിർ കക്ഷികളായുമാണ് ഹരജി നൽകിയത്. ഗുണനിലവാരമില്ലാത്തതും എത്തിയോൺ പോലുള്ള മാരക കീടനാശിനികൾ അടങ്ങിയതുമായ കറിപ്പൊടികൾ ക്യാൻസർ പോലുള്ള ഗുരുതര രോഗമുണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് ഹരജി.

ഹൈക്കോടതിയിൽ നൽകിയ ഹരജിയെ തുടർന്ന് എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചിരുന്നെങ്കിലും അവർ മറുപടി നൽകാത്തതിനാലാണ് കേസ് മുന്നോട്ട് പോകാത്തതെന്നാണ് വാദമെന്ന് ലെനോർഡ് ജോൺ ചൂണ്ടിക്കാട്ടി. പൊതുതാത്പര്യ ഹരജിയിൽ പറഞ്ഞ കാര്യങ്ങൾ കോടതിക്ക് ബോധ്യപ്പെട്ടാൽ ഉണ്ടാകുന്ന പ്രത്യാഘാതം ഭയന്ന് കീടനാശിനി വിഷാംശത്തിന്റെ ലാബ് റിപ്പോർട്ടുകൾ അടക്കം കോടതിയിൽ ഹാജരാക്കുന്നത് ഒഴിവാക്കാനാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉൾപ്പെടെയുള്ള എതിർ കക്ഷികൾ നോട്ടീസിന് മറുപടി നൽകാതെ നീട്ടിക്കൊണ്ടുപോകുന്നത്. ഇത് പൊതുജനത്തിന്‌ ലഭിക്കേണ്ട നീതി തടയുന്നതിന് തുല്യമാണ്.

ഫുഡ് സേഫ്റ്റി 2006 ലെ നിയമപ്രകാരം പ്രതികൾക്ക് ജീവപര്യന്തം വരെ ശിക്ഷ ഉറപ്പാക്കിയിട്ടുണ്ട്. എന്നാൽ നിയമ പ്രകാരം കേരളത്തിൽ രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകളിൽ ഒരു പ്രതിക്കും ശിക്ഷ വാങ്ങിക്കൊടുക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന് സാധിച്ചിട്ടില്ലെന്നും ലെനോർഡ് ചൂണ്ടിക്കാട്ടി. കാർഷിക സർവകലാശാലയുടെ റിപ്പോർട്ട് പ്രകാരം കേരളത്തിൽ 86 ശതമാനം മുളക് പൊടിയിലും എത്തിയോൺ ചേർക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. 28 കമ്പനികളുടെ കറിപ്പൊടികൾ പരിശോധിച്ചപ്പോൾ പതിനെട്ടിലും എത്തിയോൺ കണ്ടെത്തി. തുണികളിൽ ചുവന്ന നിറം ലഭിക്കുന്നതിനായി ഉപയോഗിക്കുന്ന സുഡനും എരിവിന് എസൻസുമാണ് ചേർക്കുന്നത്.

ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ ഇന്ത്യയിൽ നിന്നുള്ള മുളക് പൊടികൾ നിരോധിച്ചിരിക്കുകയാണ്. ഇത്തരം വിഷാംശം ചേർത്ത മുളക് പൊടികൾ ഉപയോഗിക്കുമ്പോൾ അമ്മയുടെ മുലപ്പാലിലൂടെ കുഞ്ഞിനു പോലും ക്യാൻസർ രോഗം പിടിപെടുന്നുണ്ട്. ക്യാൻസർ മാത്രമല്ല, കണ്ണിനെയും എല്ലിനെയുമൊക്കെ ഇവ ബാധിക്കുന്നുണ്ട്.

കേരളത്തിൽ രണ്ട് സ്ഥലത്ത് ജി സി എം എസ് മെഷീനും ആവശ്യമുള്ള ജീവനക്കാരും ഉണ്ടായിട്ടും പൊതുജനങ്ങളുടെ ആരോഗ്യത്തെ മാരകമായി ബാധിക്കുന്ന കറിപ്പൊടികളിലെ മായം സംബന്ധിച്ച് ബന്ധപ്പെട്ടവർ വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ലെന്ന് ലെനോർഡ് ജോൺ പറഞ്ഞു. .34 ശതമാനം മാത്രമാണ് കറിപ്പൊടികളിൽ എത്തിയോൺ ചേർക്കാൻ അനുവാദമുള്ളതെങ്കിൽ ഒരു ശതമാനത്തിന് മുകളിലാണ് മിക്ക കറിപ്പൊടികളിലും എത്തിയോൺ ഉപയോഗിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിൽ ക്യാൻസർ രോഗികളിൽ കേരളം ഒന്നാം സ്ഥാനത്തെത്താൻ പ്രധാന കാരണം കറിപ്പൊടികളിൽ ഉപയോഗിക്കുന്ന എത്തിയോണും കാസിയയെന്ന വ്യാജ കറുവപ്പട്ടയുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.