Connect with us

Kerala

സ്ഥാനാര്‍ഥിയെചൊല്ലി തര്‍ക്കം രൂക്ഷം; ലീഗ് യോഗം തീരുമാനമാകാതെ പിരിഞ്ഞു

Published

|

Last Updated

മലപ്പുറം: ഉപതിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിത്വചൊല്ലി മുസ്ലിംലീഗിനുള്ളില്‍ രൂക്ഷ അഭിപ്രായ വിത്യാസം. നേതൃത്വത്തെ ചോദ്യം ചെയ്ത് ഒരു വിഭാഗം രംഗത്തെത്തുകയും ഇവര്‍ പരസ്യ പ്രതിഷേധം നടത്തുകയും ചെയ്തതോടെ ഇന്ന് തന്നെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനുള്ള തീരുമാനത്തില്‍ നിന്നും നേതൃത്വം പിന്‍മാറി.

സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ പാണക്കാട് ചേര്‍ന്ന യോഗത്തിലാണ് നടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ജില്ലാ നേതാവ് എം സി ഖമറുദ്ദീനെ സ്ഥാനാര്‍ഥിയാക്കാനായിരുന്നു നേതൃത്വത്തിന്റെ തീരുമാനം. നേരത്തെ തന്നെ മത്സര രംഗത്തേക്ക് പരിഗണിക്കപ്പെടേണ്ട വ്യക്തിയായിരുന്നു ഖമറുദ്ദീനെന്നും ചില നേതാക്കള്‍ യോഗത്തില്‍ പറഞ്ഞു. എന്നാല്‍ ഇത് അംഗീകരിക്കാനാകില്ലെന്ന് അറിയിച്ച് മണ്ഡലത്തില്‍ നിന്നുള്ള പ്രദേശിക നേതാക്കള്‍ പ്രതിഷേധിക്കുകയായിരുന്നു. ഖമറുദ്ദീന്‍ മണ്ഡലത്തിന് പുറത്തുള്ള സ്ഥാനാര്‍ഥിയാണെന്നും യൂത്ത്‌ലീഗ് നേതാവ് എ കെ എം അശ്‌റഫിനെ സ്ഥാനാര്‍ഥിയാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

ഖമറുദ്ദീനായി നേതൃത്വം തീരുമാനത്തില്‍ ഉറച്ച് നിന്നതോടെ ഉപ്പളയില്‍ നിന്നടക്കം എത്തിയ പ്രാദേശിക നേതാക്കള്‍ തങ്ങളുടെ വീടിന് പുറത്തിറങ്ങി മാധ്യമങ്ങള്‍ക്ക് മുമ്പാകെ പ്രതിഷേധം അറിയിക്കുകയായിരുന്നു. മണ്ഡലം നിലനിര്‍ത്തണമെന്ന് നേതൃത്വത്തിന് താത്പര്യം ഉണ്ടെങ്കില്‍ എ കെ എം അശ്‌റഫിനെസ്ഥാനാര്‍ഥിയാക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. പ്രതിഷേധം ശ്രദ്ധയില്‍പ്പെട്ട് ഇത് തണുപ്പിക്കാനെത്തിയ സി ടി അഹമ്മദലിയെയും നേതാക്കള്‍ ചോദ്യം ചെയ്തു. ചാനലുകളില്‍ വാര്‍ത്ത പോകാന്‍ തുടങ്ങിയതോടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതില്‍ നിന്ന് നേതൃത്വം പിന്‍മാറുകയായിരുന്നു.

എന്നാല്‍ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ലീഗിനുള്ളില്‍ ഒരു പ്രശ്‌നവുമില്ലെന്നും ചില അഭിപ്രായങ്ങള്‍ ഉയരുകയാണ് ഉണ്ടായതെന്നും ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ഇത്തരം അഭിപ്രായ വിത്യാസങ്ങല്‍ സ്വാഭാവികമാണെന്നും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സ്ഥാനാര്‍ഥിയെ തീരുമാനിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Latest