സർഗോത്സവത്തിന് ഇനി അഞ്ച് നാളുകൾ; ധർമധ്വജം വാനിലുയർന്നു

Posted on: September 23, 2019 4:25 pm | Last updated: September 28, 2019 at 11:41 am
എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവ് നഗരിയിൽ മുൻ ജില്ലാ സാരഥികൾ 26 പതാക ഉയർത്തുന്നു

ചാവക്കാട്: ഈ മാസം 27, 28, 29 തീയതികളിലായി ചാവക്കാട് നടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ഇസ്‌ലാമിക കലാമേളയായ എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവിന്റെ വിളംബരമറിയിച്ച് ധർമ വിപ്ലവ പതാക വാനിലുയർന്നു.
തൃശൂർ ജില്ലയിലെ ഇസ്‌ലാമിക നവോത്ഥാന രംഗത്തെ നായകർ അന്ത്യവിശ്രമം കൊള്ളുന്ന 26 പുണ്യ കേന്ദ്രങ്ങളിൽ നിന്ന് പ്രാസ്ഥാനിക നേതാക്കളുടെ നേതൃത്വത്തിൽ അനേകം പ്രവർത്തകരുടെ അകമ്പടിയോടെ വാഹന റാലിയായി എത്തിച്ച പതാകകളാണ് പ്രധാന നഗരിക്ക് അലങ്കാരമായി ആകാശത്തേക്കുയർന്നത്.

ചേറ്റുവയിൽ നിന്ന് മഹാറാലിയായി ചാവക്കാട് നഗരത്തെ അക്ഷരാർഥത്തിൽ ഇളക്കിമറിച്ചാണ് പതാക വരവ് സമാപിച്ചത്.

എസ് എസ് എഫിന് ജില്ലയിൽ മുൻകാലങ്ങളിൽ സാരഥ്യം വഹിച്ച താഴപ്ര മുഹ്‌യിദ്ദീൻകുട്ടി മുസ്‌ലിയാർ, പി എസ് കെ മൊയ്തു ബാഖവി, ഐ എം കെ ഫൈസി, എ എ കടങ്ങോട്, ശംസു ഹാജി ഒതളൂർ, സൈദു ഹാജി തൊഴിയൂർ, അബുഹാജി കല്ലൂർ, പി എ മുഹമ്മദ് ഹാജി, ജബ്ബാർ ഒളരി, ലത്വീഫ് നാട്ടിക, ഹുസൈൻ തങ്ങൾ വാടാനപ്പള്ളി, ഫസൽ തങ്ങൾ അൽ ഐദറൂസി, കെ കെ മുഹമ്മദ് മുസ്‌ലിയാർ, കൊടുങ്ങല്ലൂർ ഉമർ മുസ്‌ലിയാർ, നസ്‌റുദീൻ ദാരിമി പെരിഞ്ഞനം, കെ ആർ മുഹമ്മദ് അൻവരി, എം എം ഇബ്‌റാഹീം എരുമപെട്ടി, ശാഹുൽ ഹമീദ് പാവറട്ടി, സി വി മുസ്തഫ സഖാഫി, വി ഫൈവ് അബുഹാജി, ആർ വി എം ബശീർ മൗലവി, ഗഫൂർ മൂന്നുപീടിക, സയ്യിദ് എസ് എം കെ മഹ്‌മൂദി എന്നീ നേതാക്കളാണ് പതാക ഉയർത്തലിന് നേതൃത്വം നൽകിയത്.