Connect with us

Kasargod

സഅദിയ്യ ഗോൾഡൻ ജൂബിലി: 28ന് മുസ്‌ലിം ചരിത്ര സെമിനാർ

Published

|

Last Updated

കാസർകോട്: കേരള മുസ്‌ലിം ചരിത്രത്തെക്കുറിച്ച് സമഗ്രമായി ചർച്ച ചെയ്യുന്ന കേരള മുസ്‌ലിം ചരിത്ര സെമിനാർ ഈ മാസം 28ന് കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടക്കും. സഅദിയ്യ ഗോൾഡൻ ജൂബിലി സംരംഭമായി ആരംഭിക്കുന്ന ശൈഖ് സൈനുദ്ദീൻ മഖ്ദൂം റിസർച്ച് സെന്ററിന് കീഴിലാണ് ഒരു ദിവസത്തെ സെമിനാർ നടക്കുന്നത്. കാസർകോട് ജില്ലയിലേയും പരിസരങ്ങളിലേയും ചരിത്ര വിദ്യാർഥികൾ സംബന്ധിക്കുന്ന സെമിനാർ കേരള മുസ്‌ലിം ചരിത്രത്തെകുറിച്ചുള്ള പുതിയ വെളിപ്പെടുത്തലായി മാറും. ഉത്തര മലബാറിലെ അറിയപ്പെടാത്ത നാഗരികതയെക്കുറിച്ച് ആഴത്തിലുള്ള പ്രബന്ധങ്ങളുണ്ടാകും. സൂഫി സ്വാധീനത്തെക്കുറിച്ചും മലബാറിലെ സാംസ്‌കാരിക നവോത്ഥാന മുന്നേറ്റത്തെക്കുറിച്ചും പ്രബന്ധങ്ങളുണ്ടാകും.

കേരളത്തിലേക്കുള്ള ഇസ്‌ലാമിക ആഗമനത്തെക്കുറിച്ചുള്ള സൂക്ഷ്മമായ വിശകലനത്തിന് പരിപാടി വേദിയാകും.രാവിലെ 9.30ന് രജിസ്‌ട്രേഷൻ ആരംഭിക്കും. 10 മണിക്ക് ഉദ്ഘാടന സെഷൻ പ്രൊഫ. മുഹമ്മദലി സഖാഫി തൃക്കരിപ്പൂരിന്റെ അധ്യക്ഷതയിൽ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലർ ഡോ. കെ കെ എൻ കുറുപ്പ് ഉദ്ഘാടനം ചെയ്യും.

ഡോ. സെബാസ്റ്റ്യൻ ആശംസകൾ നേരും. പ്രഥമ സെഷനിൽ വിവിധ വിഷയങ്ങളിൽ ഡോ. ഹുസൈൻ രണ്ടത്താണി ഇസ്‌ലാമിക് സാംസ്‌കാരിക മുന്നേറ്റവും, ഡോ. ഇസ്മാഈൽ ഇസ്‌ലാമിന്റെ ആഗമനവും മാലിക്ദീനാറും, ഡോ. എം എൻ നാരായണൻ ശൈഖ് സൈനുദ്ദീൻ മഖ്ദൂം പ്രവർത്തനവും പ്രതിരോധവും അവതരിപ്പിക്കും.
ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന രണ്ടാം സെഷനിൽ സൂഫിസവും കേരള ചരിത്രവും ഡോ. കുഞ്ഞാലിയും വിദ്യാഭ്യാസം നവോത്ഥാനം മലബാറിൽ ഡോ. നുഐമാനും അവതരിപ്പിക്കും.