ബലാത്സംഗക്കേസ്: ബി ജെ പി നേതാവ് ചിന്മയാനന്ദ് അറസ്റ്റില്‍

Posted on: September 20, 2019 11:00 am | Last updated: September 20, 2019 at 6:51 pm

ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ ബി ജെ പി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ സ്വാമി ചിന്മയാനന്ദ് അറസ്റ്റില്‍. തന്നെ ബലാത്സംഗത്തിന് ഇരയാക്കിയതായി ആരോപിച്ച് നിയമ വിദ്യാര്‍ഥി നല്‍കിയ പരാതിയില്‍ യു പി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിനു ശേഷം ചിന്മയാനന്ദിനെ വൈദ്യപരിശോധനക്ക് വിധേയനാക്കി. ശാരീരികാസ്വസ്ഥതകളുണ്ടെന്ന് പറഞ്ഞ് 72കാരനായ ചിന്മയാനന്ദ് വ്യാഴാഴ്ച ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

ഷാജഹാന്‍പൂരില്‍ കോളജ് നടത്തുന്ന ചിന്മയാനന്ദ തന്നെ ഒരു വര്‍ഷം മുമ്പ് പീഡിപ്പിച്ചതായും സ്ഥാപനത്തിലെ നിരവധി വിദ്യാര്‍ഥിനികളെ നശിപ്പിച്ചതായും ആരോപിച്ച് പീഡനത്തിന് ഇരയായ പെണ്‍കുട്ടി സാമൂഹിക മാധ്യമത്തില്‍ കുറിപ്പും വീഡിയോയും പോസ്റ്റ് ചെയ്യുകയായിരുന്നു. ചിന്മയാനന്ദയുടെ കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു പെണ്‍കുട്ടി. വീഡിയോ വൈറല്‍ ആയതോടെ ചിന്മയാനന്ദിനെതിരെ പോലീസ് കേസെടുത്തു. പിന്നീട്, തന്റെ പരാതിയെ സാധൂകരിക്കുന്ന തെളിവുകളടങ്ങിയ 43 വീഡിയോകള്‍ അടങ്ങിയ പെന്‍ ഡ്രൈവ് പെണ്‍കുട്ടി കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിന് കൈമാറുകയും ചെയ്തിരുന്നു.