നിര്‍മാണത്തിലിരിക്കുന്ന വിമാന വാഹിനിക്കപ്പലിലെ ഹാര്‍ഡ് ഡിസ്‌കുകള്‍ കവര്‍ന്നു; അട്ടിമറി ശ്രമമെന്ന് സംശയം

Posted on: September 18, 2019 9:16 am | Last updated: September 18, 2019 at 1:19 pm

കൊച്ചി: ഇന്ത്യയുടെ നിര്‍മാണത്തിലിരിക്കുന്ന വിമാന വാഹിനിക്കപ്പലിലെ ഹാര്‍ഡ് ഡിസ്‌കുകളും മറ്റു ചില ഉപകരണങ്ങളും കവര്‍ന്നു. കമ്പ്യൂട്ടര്‍ തകര്‍ത്താണ് രാജ്യത്തിന്റെ പ്രഥമ വിമാന വാഹിനിക്കപ്പലിലെ നാല് ഹാര്‍ഡ് ഡിസ്‌കുകള്‍ കവര്‍ന്നത്. സംഭവത്തില്‍ കൊച്ചി ക്രൈം ഡിറ്റാച്ച്‌മെന്റ് എ സി പി അന്വേഷണം നടത്തും. സുരക്ഷാ വീഴ്ച പരിശോധിക്കുന്നതിനൊപ്പം കപ്പലിന്റെ നിര്‍മാണ പ്രവൃത്തി നടത്തുന്നവര്‍ക്ക് കവര്‍ച്ചയില്‍ പങ്കുണ്ടോയെന്ന കാര്യവും അന്വേഷിക്കും.

തിങ്കളാഴ്ച വൈകിട്ടോടെയാണ് നിര്‍മാണം അവസാന ഘട്ടത്തിലെത്തിയിട്ടുള്ള കപ്പലില്‍ കവര്‍ച്ച നടന്നതായുള്ള പരാതി പോലീസിന് ലഭിച്ചത്. കമ്പ്യൂട്ടറില്‍ വിവരങ്ങള്‍ രേഖപ്പെടുത്തി വെക്കുന്ന ഹാര്‍ഡ് ഡിസ്‌കുകള്‍ മോഷ്ടിച്ചത് അട്ടിമറി നീക്കത്തിന്റെ ഭാഗമാണോയെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. അതേസമയം, കപ്പല്‍ നാവികസേനക്ക് കൈമാറിയിട്ടില്ലാത്തതിനാല്‍ സൈന്യത്തിന്റെ രഹസ്യ വിവരങ്ങളൊന്നും ഡിസ്‌കുകളില്ലെന്ന് സേനാ വൃത്തങ്ങള്‍ അറിയിച്ചു. അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. 2009ല്‍ കൊച്ചി കപ്പല്‍ശാലയില്‍ ആരംഭിച്ച കപ്പലിന്റെ നിര്‍മാണ പ്രവൃത്തി 2021ല്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.