Connect with us

Cover Story

കേരളമേ ഗുയ്യ നിന്നെ വിളിക്കുന്നു

Published

|

Last Updated

തകർന്നടിഞ്ഞ വീടുകൾ. പൊട്ടിപ്പൊളിഞ്ഞ് ഗതാഗത യോഗ്യമല്ലാതായ റോഡുകൾ. ഉഴുതുമറിച്ച നിലം പോലെ ഒരിടം. ഇവിടെ 36 വീടുകളുണ്ടായിരുന്നെന്ന് പറഞ്ഞാൽ പോലും വിശ്വാസിക്കാനാകാത്ത ദുരന്തഭൂമി… ഇതാണ് ഇന്നത്തെ ഗുയ്യ. കഴിഞ്ഞ ആഗസ്റ്റിൽ വടക്കൻ കേരളം വെള്ളത്തിലാഴ്ന്നപ്പോൾ പത്രങ്ങളിലും ചാനലുകളിലും വേണ്ടത്ര വാർത്താ പ്രാധാന്യം ലഭിക്കാതെ പോയ സംഭവമാണ് കർണാടകയിലെ ഗുയ്യയിലുണ്ടായ വെള്ളപ്പൊക്കം. കേരളത്തിൽ നിന്ന് കുടിയേറി കൂലിപ്പണി ചെയ്ത് ജീവിതം നയിക്കുന്ന സാധാരണക്കാർ താമസിക്കുന്ന പ്രദേശമാണിത്. നിർത്താതെ പെയ്ത പേമാരിയോടൊപ്പം ഒലിച്ചുപോയത് അവരുടെ സ്വപ്‌നങ്ങൾ കൂടിയായിരുന്നു. സമ്പാദ്യങ്ങളെല്ലാം കൺമുന്നിൽ പ്രളയം കൊണ്ടുപോകുന്നത് നിസ്സഹായരായി നോക്കിനിൽക്കാനേ അവർക്കായുള്ളൂ. ചിരകാല സ്വപ്‌നങ്ങളായി പടുത്തുയർത്തിയ കുടിലുകൾ ഉഴുതുമറിച്ച നിലം പോലെയായതിന്റെ നേർചിത്രം കാണേണ്ടതു തന്നെയാണ്. അതിർത്തി കൊണ്ട് മാത്രം ഇതര സംസ്ഥാനക്കാരായ ഈ മലയാളികളുടെ ഇപ്പോഴത്തെ വിശേഷങ്ങൾ ആരുടെയും കരളലിയിപ്പിക്കും. ജീവനൊഴികെ എല്ലാം മഴ വെള്ളം കൊണ്ടുപോയിട്ട് ഒരു മാസം തികയുമ്പോഴും അതിജീവനത്തെ കുറിച്ച് കാര്യമായ ധാരണകളില്ലാതെ ആശങ്കയിലാണിവർ.

പാടേ നിലംപൊത്തി
36 വീടുകൾ

കുടക് ജില്ലയിലെ കാവേരി നദീതീരത്ത് സ്ഥിതി ചെയ്യുന്ന പ്രദേശമാണ് സിദ്ധാപുരത്തിനടുത്ത ഗുയ്യ. കേരളത്തിൽ നിന്ന് കുടിയേറിയ പാവപ്പെട്ട മലയാളി കുടുംബങ്ങൾ ഒത്തൊരുമയോടെ കഴിയുന്ന സുന്ദര പ്രദേശം. മലപ്പുറം, കാസർകോട്, കണ്ണൂർ ജില്ലകളിലെ കുടിയേറ്റക്കാരാണ് ഇവർ. കാപ്പിത്തോട്ടങ്ങളിൽ ജോലി ചെയ്ത് കിട്ടുന്ന തുഛമായ വരുമാനം കൊണ്ടാണ് ഇവരുടെ അടുക്കളയിൽ തീ പുകയുന്നത്. എങ്കിലും ഉള്ളതെല്ലാം പങ്കിട്ട് ഹൈന്ദവ- മുസ്‌ലിം സഹോദരങ്ങൾ ഒരു വീട്ടിലെ അംഗങ്ങളെ പോലെ കൊണ്ടും കൊടുത്തും പകർന്നും നുകർന്നും കഴിയുന്നു. സർക്കാർ ഭൂമിയിൽ കുടിൽ കെട്ടി കഴിഞ്ഞിരുന്ന ഇവർ വർഷങ്ങളായി കുടിയിറക്കൽ ഭീഷണിയിലായിരുന്നു.
അല്ലലേതുമില്ലാതെ കാലചക്രം കറങ്ങുന്നതിനിടെയാണ് കാലവർഷം ദുരിതപ്പെയ്ത്തായത്. ദുരിതത്തിനിരയായത് 146 വീടുകൾ. ഒരു ഗ്രാമത്തെയൊന്നാകെ വിറപ്പിച്ച കനത്ത മഴക്ക് തുടക്കമായത് ആഗസ്റ്റ് ഏഴിനായിരുന്നു. ഒമ്പതോടെ പ്രളയസമാനം. തിമിർത്തു പെയ്ത മഴയിൽ കാവേരി കരകവിഞ്ഞതോടെ ഗുയ്യയെ വിധി തേടിയെത്തി. കുത്തിയൊലിച്ചെത്തിയ കാവേരി സർവതും തുടച്ചെടുത്തു. ജീവനും കൊണ്ടോടിയവർ തകൃതിയിൽ തുടങ്ങിയ ദുരിതാശ്വാസ ക്യാമ്പുകളിൽ വെള്ളവും വെളിച്ചവും മറ്റു അവശ്യവസ്തുക്കളുമില്ലാതെ കഷ്ടതകൾ. കൊലവിളിയുമായെത്തിയ പ്രളയജലത്തിനുമുന്നിൽ ആസൂത്രണങ്ങളൊ മാർഗനിർദേശങ്ങളൊ ഇല്ലാതെ പകച്ചു നിൽക്കുന്ന ഒരു ജനത. ആശ്വാസ വാക്കുകൾ പോലുമില്ലാതെ ഒരു ഗ്രാമം മുഴുവൻ നിശബ്ദമായി തേങ്ങിയ പകലിരവുകൾ.
ആറ് ദിവസത്തോളം തോരാതെ പെയ്ത മഴ ഒടുവിൽ തീരാ ദുരിതങ്ങൾ ബാക്കിവെച്ചാണ് പെയ്‌തൊഴിഞ്ഞത്. തുടർന്ന് ആഗസ്റ്റ് 15 വരെ ഇടവിട്ട് പെയ്ത ഓരോ മഴയും ഭീതിയോടെയാണ് ഗുയ്യ നിവാസികൾ നോക്കിക്കണ്ടത്. ഇതിനിടെ 36 വീടുകൾ പൂർണമായും പ്രളയത്തിലൊടുങ്ങിപ്പോയി. 58 വീടുകൾ ഭാഗികമായി തകർന്നു. ബാക്കിയുള്ള 52 വീടുകളിലും വെള്ളം കയറി ഗൃഹോപകരണങ്ങൾ ഉൾപ്പെടെ എല്ലാം നശിച്ചു.
അടിത്തറ പോലും ബാക്കിയാക്കാതെയായിരുന്നു 36 വീടുകൾ പൂർണമായും വെള്ളത്തിൽ ഒഴുകിപ്പോയത്. ഇവിടെ വീടുകളുണ്ടായിരുന്നുവെന്ന് പോലും തോന്നിപ്പിക്കാത്തവിധം പ്രദേശം നിലംപരിശായി. ഭവനരഹിതരായ ഗുയ്യ ഗ്രാമവാസികൾ തലചായ്ക്കാൻ പോലും സുരക്ഷിതയിടമില്ലാതെ ഗതികേടിലായി. ചിലർ ഭാഗികമായി തകർന്ന വീടുകളുടെ മൂലകളിലും ചിലർ കുടുംബ വീടുകളിലുമായി ശരണം പ്രാപിച്ചു. ഏത് സമയവും നിലം പൊത്താവുന്ന വീടുകളിൽ ജീവനോടെ നേരം പുലരുമോയെന്നുറപ്പില്ലാതെ ദിവസങ്ങൾ തള്ളി നീക്കുകയാണവർ.

കുടകിലെ കൂടുഗദ്ദേ, ഗുയ്യ, സിദ്ധാപുരം, കരടിഗോഡു, കൊണ്ടങ്കേരി, ഗോണിഗോപാൽ, നെല്ലിയാഹുതിക്കേരി പ്രദേശങ്ങളെയാണ് ഇത്തവണ പ്രളയം ബാധിച്ചത്. കാവേരി, ലക്ഷ്മണ തീർത്ത, മാറാപ്പോളെ എന്നീ നദികൾ കരകവിഞ്ഞ് ഒഴുകിയതോടെ ദക്ഷിണ കുടക് പൂർണമായും ഒറ്റപ്പെടുകയായിരുന്നു. ഇതിൽ ഗുയ്യ മാത്രമാണ് മലയാളികൾ താമസിക്കുന്ന പ്രദേശം.

മഴയെ പേടിച്ച്
വാക്കുകളില്ലാതെ

മഴയിന്ന് ഗുയ്യക്കാർക്ക് പേടി സ്വപ്‌നമാണ്. മാനത്ത് മേഘങ്ങൾ ഉരുണ്ടുകൂടുമ്പോൾ അവരുടെ നെഞ്ചിടിപ്പ് കൂടും. ഗ്രാമത്തെ മഴ അത്രയേറെ ഭയപ്പെടുത്തിയിട്ടുണ്ട്. ഒരു മാസം പിന്നിട്ടിട്ടും നടുക്കത്തിൽ നിന്നവർ മോചിതരായിട്ടില്ല. ഭീതിപ്പെടുത്തിയ മഴയോർമകൾ പലരുടെയും ഉറക്കം കെടുത്തുന്നു. അതേക്കുറിച്ച് ആരാഞ്ഞാൽ ഉത്തരമില്ലാതെ കണ്ണീർ പൊഴിക്കുകയാണ് സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ള പ്രദേശവാസികൾ.
കവളപ്പാറയിലും പുത്തുമലയിലും വടക്കൻ കേരളത്തിലെ മറ്റിടങ്ങളിലും കോരിച്ചൊരിഞ്ഞെത്തിയ മഴ നൂറിലേറെ മനുഷ്യ ജീവനുകളെ ഞൊടിയിടയിൽ ഇല്ലാതാക്കിയപ്പോൾ ജീവന് മാത്രം പോറലേറ്റില്ലെന്ന ആശ്വാസമാണ് ഗുയ്യക്കാർക്ക്. പെരുന്നാളിന്റെ തലേന്ന് പോലും ഗുയ്യയിലെ പലരുടെയും വീടുകൾ തകർന്ന് വീണുകോണ്ടേയിരുന്നു.

സന്തോഷത്തിന്റെ പെരുന്നാൾ ദിനങ്ങൾ സന്താപത്തിലലിഞ്ഞില്ലാതായി. പെരുന്നാൾ നിസ്‌കാരത്തിനായി വിശ്വാസികൾ ഗുയ്യാ ജുമുഅ മസ്ജിദിലെത്തിയത് ഏറെ ദുരിതം സഹിച്ചായിരുന്നു. റോഡുകളെല്ലാം വെള്ളത്തിൽ മുങ്ങിപ്പോയതിനാൽ സമീപത്തെ കാടുകളിലൂടെയും മറ്റും ഏറെ ദൂരം താണ്ടിയും നീന്തിയുമാണവർ പള്ളിയിലെത്തിയത്. പെരുന്നാളിന് തൊട്ട് മുമ്പത്തെ ആഴ്ചയിലെ ജുമുഅ നിസ്‌കാരം പള്ളിയിൽ നടത്താൻ സൗകര്യമില്ലാതാത്തതിനാൽ സമീപത്തെ വീട്ടിൽ വെച്ചായിരുന്നു നിർവഹിച്ചതെന്നും ഗുയ്യക്കാർ നൊമ്പരത്തോടെ ഓർക്കുന്നു.

അതിജീവനത്തിന്
കരുത്തേകാം

കേരളത്തെ പ്രളയം മുക്കിയപ്പോൾ കൈ മെയ് മറന്ന് ദുരിതബാധിതരെ സഹായിച്ച മലയാളികളുടെ കാരുണ്യം ലോകം പ്രശംസിച്ചതാണ്. പ്രളയ ഭൂമിയിലേക്ക് അവശ്യവസ്തുക്കളുമായി പാഞ്ഞെത്തി ശുചീകരണ പ്രവർത്തനങ്ങൾ മുതൽ കാണാതായവരെ കണ്ടെത്താൻ വരെ അക്ഷീണം പ്രയത്‌നിച്ചവർ. മലയാളികളുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങൾക്ക് മുന്നിൽ സർക്കാറിന്റെ ധന സഹായത്തിന് പോലും പലർക്കും കാത്തിരിക്കേണ്ടി വന്നില്ല. ഇതിനിടെ, ഗുയ്യയിലെ മലയാളികളെ നാം അറിയാതെ പോവുകയായിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളിൽ പോലും അവശ്യവസ്തുക്കൾ ലഭ്യമായിരുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു. ചില മലയാള പത്രങ്ങളിൽ പ്രാദേശിക പേജുകളിൽ വാർത്ത വന്നതല്ലാതെ കുടകിലെ പ്രാദേശിക മാധ്യമങ്ങൾ പോലും ഗുയ്യയെ അവഗണിച്ചു.


ജീവനൊഴികെ എല്ലാം കവർന്നെടുത്ത വെള്ളം താഴ്ന്ന് തുടങ്ങിയതോടെ അതിജീവനത്തിന്റെ പാതയിലാണിന്ന് ഗുയ്യ. ഒറ്റ നിമിഷം കൊണ്ടാണ് ഗുയ്യയിലുള്ള ജീവിതങ്ങൾ ഒന്നുമല്ലാതായിപ്പോയത്. കാവേരി നദീതീരത്ത് കഴിയുന്ന 90 ശതമാനം പ്രളയബാധിതരും മലയാളികളാണ്. സർക്കാർ ഭൂമിയിൽ കുടിൽ കെട്ടിയാണ് തമസമെന്നതിനാൽ ഈ സ്ഥലത്ത് താത്കാലിക ഷെഡ്ഡ് പോലും പണിയാൻ ഇനി സാധിക്കില്ല. നദീതീരത്ത് നിന്ന് 100 മീറ്റർ അകലെ താമസിച്ചില്ലെങ്കിൽ സർക്കാർ ആനുകൂല്യങ്ങളും നഷ്ടമാകും. നിലവിലുള്ള സ്ഥലത്ത് തന്നെ വീട് നിർമിക്കുന്നത് ഒട്ടും സുരക്ഷിതമല്ലതാനും. വരും വർഷങ്ങളിലും നദി കരകവിയില്ലെന്നാര് കണ്ടു ?
തങ്ങളുടെ ദയനീയ സ്ഥിതി ദുരിതബാധിതർ സർക്കാറിന്റെ മുമ്പിൽ അവതരിപ്പിച്ചെങ്കിലും പത്ത് മാസം കാത്തിരിക്കാനായിരുന്നു അധികൃതരുടെ ഭാഷ്യം. വോട്ടു ചോദിക്കാനെത്തുന്ന സ്ഥലം എം എൽ എ പോലും ദുരിതബാധിതരെയോ ദുരിതം വിതച്ച പ്രദേശമോ കാണാനെത്തിയിട്ടില്ലെന്നതാണ് ഏറെ ദയനീയം.

ആശ്വാസമായി
മഹല്ല് കമ്മിറ്റി

ഇനിയെന്ത് എന്ന ചോദ്യത്തിന് മുമ്പിൽ പകച്ചുനിൽക്കാതെ അതിജീവന പദ്ധതിയൊരുക്കുകയാണ് ഗുയ്യ ജുമുഅ മസ്ജിദ് തർബിയ്യത്തുൽ ഇസ്‌ലാം കമ്മിറ്റി. സ്വന്തമായി ഭൂമിയും അതിലൊരു കൊച്ചു വീടും നിർമിച്ച് കൊടുക്കാനാണ് പദ്ധതി. അന്തിയുറങ്ങാൻ ഒരു കൂരയെങ്കിലുമൊരുക്കാനുള്ള അക്ഷീണ പ്രയ്‌നത്തിൽ പ്രതീക്ഷയിലേക്ക് കണ്ണുംനട്ട് കാത്തിരിക്കുകയാണ് ഒരു ഗ്രാമം.
.

Latest