കള്ളി വെളിച്ചത്തായപ്പോൾ തിരുത്തി യുപി സര്‍ക്കാര്‍; മന്ത്രിമാരുടെ നികുതി ഇനി അവര്‍ തന്നെ അടക്കും

Posted on: September 13, 2019 11:56 pm | Last updated: September 14, 2019 at 9:31 am

ന്യൂഡല്‍ഹി: മുഖ്യമന്ത്രി ഉള്‍പ്പെടെ മന്ത്രിമാരുടെ ആദായ നികുതി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് അടച്ചിരുന്ന സമ്പ്രദായം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അവസാനിപ്പിക്കുന്നു. 40 വര്‍ഷത്തോളമായി മന്ത്രിമാരുടെ നികുതി അടക്കുന്നത് സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. ഈ രീതി അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും യുപിയിലെ എല്ലാ മന്ത്രിമാരും അവരുടെ ടാക്‌സ് സ്വയം അടക്കുമെന്നും ധനമന്ത്രി സുരേഷ് കുമാര്‍ ഖന്ന പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ 38 വര്‍ഷമായി മുഖ്യമന്ത്രി അടക്കം മന്ത്രിമാരുടെ ആദായ നികുതി അടക്കുന്നത് സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണ്. 1981ല്‍ വി പി സിംഗിന്റെ കാലത്ത് നടപ്പിലാക്കിയ ഉത്തര്‍പ്രദേശ് മന്ത്രിമാരുടെ ശമ്പളം, അലവന്‍സുകള്‍, പലവക നിയമത്തിന്റെ ചുവടുപിടിച്ചാണ് ഈ പകല്‍കൊള്ള. ഇതുവരെ 19 മുഖ്യമന്ത്രിമാരും ആയിരത്തോളം മന്ത്രിമാരും ഈ ആനുകൂല്യം പറ്റിയതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 86 ലക്ഷം രൂപയാണ് ഈ ഇനത്തില്‍ ഖജനാവില്‍ നിന്ന് ചെലവഴിച്ചത്.

ഇപ്പോഴത്തെ മുഖ്യമന്ത്രി യോഗി ആദിത്യനാഥും മുന മുഖ്യമന്ത്രിമാരായ മുലായം സിംഗ് യാദവ്, അഖിലേഷ് യാദവ്, മായാവതി, കല്യാണ്‍ സിംഗ്, രാം പ്രകാശ് ഗുപ്ത, രാജ്‌നാഥ് സിംഗ്, ശ്രീപതി മിശ്ര, വീര്‍ ബഹാദൂര്‍ സിംഗ്, എന്‍ഡി തിവാരി തുടങ്ങിയവരും എല്ലാം ഈ നിയമപ്രകാരം ഖജനാവില്‍ നിന്നാണ് നികുതി അടച്ചത്. ഇവരില്‍ പലരും കോടിക്കണക്കിന് രൂപയുടെ ആസ്ഥിയുള്ളവരാണെന്നതാണ് ഞെട്ടിക്കുന്ന വസ്തുത.

1981ല്‍ മിക്ക മന്ത്രിമാരും മോശം പശ്ചാത്തലമുള്ളവരും തുച്ഛമായ വരുമാനമുള്ളവരുമായതിനാലാണ് സംസ്ഥാന സര്‍ക്കാര്‍ ആദായനികുതി ഭാരം വഹിക്കണമെന്ന് നിയമം പാസ്സാക്കിയത്. പിന്നീടിങ്ങോട്ട് അധികാരത്തിലേറിയ ഒരു സര്‍ക്കാറും ഈ നിയമം മാറ്റാന്‍ തയ്യാറായില്ല. സമീപകാലത്ത് മുഖ്യമന്ത്രിയും മന്ത്രിയും ആയവരെല്ലാം വന്‍ തുക ആസ്ഥിയുള്ളവരാണെങ്കിലും ഇവരുടെ ആദായ നികുതിയും സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണ് അടക്കുന്നത്.