Connect with us

International

കുല്‍ഭൂഷണ്‍ ജാദവിന് വീണ്ടും നയതന്ത്ര സഹായം അനുവദിക്കില്ലെന്ന് പാക്കിസ്ഥാന്‍

Published

|

Last Updated

ന്യൂഡല്‍ഹി: ചാരപ്രവര്‍ത്തനം ആരോപിച്ച് വധശിക്ഷ വിധിക്കപ്പെട്ട കുല്‍ഭൂഷണ്‍ ജാദവിന് രണ്ടാമതും നയതന്ത്ര സഹായം അനുവദിക്കില്ലെന്ന് പാക്കിസ്ഥാന്‍. പാക് വിദേശകാര്യ മന്ത്രാലയ വക്താവ് മുഹമ്മദ് ഫൈസലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ വര്‍ഷം സെപ്തംബര്‍ രണ്ടിന് ജാദവിന് കോണ്‍സുലര്‍ പ്രവേശനം അനുവദിച്ചിരുന്നു. 2016 മാര്‍ച്ച് മൂന്നിന് ബലൂചിസ്ഥാനില്‍ നിന്ന് ജാദവ് അറസ്റ്റിലായ ശേഷമുള്ള ആദ്യ അനുമതിയായിരുന്നു ഇത്. ഇതുപ്രകാരം ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനായ ഗൗരവ് അലുവാലിയ റാവല്‍പ്പിണ്ടിയിലെ സബ് ജയിലിലെത്തി ജാദവുമായി ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇറാനില്‍ നിന്ന് രാജ്യത്ത് അനധികൃതമായി പ്രവേശിച്ചപ്പോഴാണ് കുല്‍ഭൂഷണ്‍ ജാദവിനെ അറസ്റ്റ് ചെയ്തതെന്നാണ് പാകിസ്ഥാന്‍ ആരോപിക്കുന്നത്. എന്നാല്‍ ബിസിനസുമായി ബന്ധപ്പെട്ട യാത്രക്കിടെയാണ് ജാദവിനെ തട്ടിക്കൊണ്ടുപോയതെന്ന് ഇന്ത്യ വാദിക്കുന്നു. വിയന്ന കണ്‍വെന്‍ഷന്‍ നിലപാടും അന്താരാഷ്ട്ര നീതിന്യായകോടതി (ഐ സി ജെ) വിധിയും അനുസരിച്ചാണ് ജാദവിന് പാകിസ്ഥാന്‍ ആദ്യ കോണ്‍സുലര്‍ പ്രവേശനം അനുവദിച്ചിരുന്നത്.

Latest