വൃദ്ധന്റെ വേഷത്തില്‍ വ്യാജ പാസ്‌പോര്‍ട്ടുമായി വിമാനത്താവളത്തിലെത്തിയ യുവാവ് പിടിയില്‍

Posted on: September 10, 2019 6:14 pm | Last updated: September 10, 2019 at 6:16 pm

ന്യൂഡല്‍ഹി: വ്യാജ പാസ്‌പോര്‍ട്ടുമായി വൃദ്ധന്റെ വേഷത്തില്‍ ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ എത്തിയ യുവാവ് പിടിയിലായി. അഹമ്മദാബാദ് സ്വദേശി ജയേഷ് പട്ടേല്‍ (32) ആണ് കഴിഞ്ഞ ദിവസം പിടിയിലായത്. നരച്ച രൂപത്തിലുള്ള കൃത്രിമ താടി മുഖത്തൊട്ടിച്ച് വെളുത്ത തലപ്പാവ് ധരിച്ച് വീല്‍ചെയറിലാണ് ജയേഷ് വിമാനത്താവളത്തില്‍ പ്രവേശിച്ചത്. അമ്രിക് സിംഗ് (81) എന്ന വ്യാജ പേരില്‍ ഡല്‍ഹിയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോകാനാണ് ഇയാള്‍ എത്തിയത്.

ജയേഷിന്റെ അമിതാഭിനയം കണ്ട് വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നുകയായിരുന്നു. ഇയാളുടെ മുഖത്ത് പ്രായത്തിന്റെതായ ചുളിവുകളൊന്നും കാണാനുണ്ടായിരുന്നില്ല. വീല്‍ച്ചെയറില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പ്രയാസമുള്ള രൂപത്തിലുള്ള അഭിനയവും മറ്റും സംശയത്തിന് ആക്കം കൂട്ടി. പ്രായക്കൂടുതല്‍ തോന്നിപ്പിക്കാന്‍ വലിയ ഫ്രെയിമും ഗ്ലാസുമുള്ള കണ്ണടയാണ് ഇയാള്‍ ധരിച്ചിരുന്നത്. തുടര്‍ന്ന നടന്ന വിശദ പരിശോധനയിലാണ് ജയേഷിന്റെ കള്ളി വെളിച്ചത്തായത്. സംഭവത്തില്‍ പോലീസ് കേസെടുത്തു.