രാജ്യത്ത് വാഹന വിൽപ്പനയിൽ റെക്കോർഡ് ഇടിവ്

Posted on: September 10, 2019 1:44 pm | Last updated: September 10, 2019 at 1:44 pm


മുംബൈ: കഴിഞ്ഞ മാസം രാജ്യത്ത് വാഹന വിൽപ്പനയിൽ റെക്കോർഡ് ഇടിവ്. രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായാണ് ഇത്തരത്തിൽ വിൽപ്പന ഇടിഞ്ഞത്. ഇരുചക്ര വാഹനങ്ങൾ, യാത്രാ വാഹനങ്ങൾ തുടങ്ങി എല്ലാതരം വാഹനങ്ങളുടെയും വിൽപ്പന കുറഞ്ഞിട്ടുണ്ട്. വാഹന വിപണി നേരിടാൻ പോകുന്ന അഭൂതപൂർവമായ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാണ് ഇതെന്ന് വാഹന നിർമാതാക്കളുടെ കൂട്ടായ്മയായ സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചേഴ്‌സ് (സിയാം) റിപ്പോർട്ടിൽ പറയുന്നു.

രാജ്യത്തെ വാഹന വിൽപ്പന ശാസ്ത്രീയമായി രേഖപ്പെടുത്താൻ സിയാം ആരംഭിച്ചത് മുതലുള്ള വലിയ ഇടിവാണ് കഴിഞ്ഞ മാസമുണ്ടായത്. 1997 98 കാലയളവിലാണ് സിയാം വാഹന വിൽപ്പന രേഖപ്പെടുത്തൽ ആരംഭിച്ചത്. യാത്രാ വാഹനങ്ങൾ, ഇരുചക്രം, വാണിജ്യ വാഹനങ്ങൾ എന്നിവയടക്കം കഴിഞ്ഞ മാസം 18.21 ലക്ഷം യൂനിറ്റുകളാണ് വിറ്റത്. കഴിഞ്ഞ വർഷം ആഗസ്റ്റിൽ ഇത് 23.82 ലക്ഷമായിരുന്നു. കുറവ് 23.55 ശതമാനം. ഈ വർഷം ജൂലൈയിൽ വാഹന വിൽപ്പനയിൽ 19 വർഷത്തെ വലിയ കുറവ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം ജൂലൈ മാസത്തെ അപേക്ഷിച്ച് 18.71 ശതമാനമായിരുന്നു കുറവ്. ആഗസ്റ്റിൽ യാത്രാ വാഹനങ്ങളുടെ ആഭ്യന്തര വിൽപ്പനയിൽ എക്കാലത്തെയും വലിയ കുറവാണുണ്ടായത്; 31.57 ശതമാനം. ഈ വർഷം ജൂലൈയിൽ ഇത് 30.98 ശതമാനമായിരുന്നു. കഴിഞ്ഞ പത്ത് മാസമായി യാത്രാ വാഹനങ്ങളുടെ വിൽപ്പനയിൽ തുടരുന്ന ഇടിവാണ് ആഗസ്റ്റിലുമുണ്ടായത്. എന്നാൽ, ആഗസ്റ്റിൽ എല്ലാ ഇനത്തിലുമുള്ള വാഹനങ്ങളുടെയും വിൽപ്പന കുറഞ്ഞു.

യാത്രാവാഹന വിഭാഗത്തിൽ, വിപണിയിലെ മുൻനിര കമ്പനിയായ മാരുതി സുസൂകിക്കാണ് കൂടുതൽ തകർച്ചയുണ്ടായത്; 36.14 ശതമാനം. ഹ്യൂണ്ടായിക്ക് 16.58ഉം മഹീന്ദ്രക്ക് 31.58ഉം ശതമാനം ഇടിവുണ്ടായി. കഴിഞ്ഞ മാസം കാറുകളുടെ വിൽപ്പന 41.09 ശതമാനമാണ് കുറഞ്ഞത്. ഇരുചക്രവാഹനങ്ങളുടെ വിൽപ്പനയിൽ 22.24 ശതമാനമാണ് കുറവുണ്ടായത്. വാണിജ്യ വാഹനങ്ങളുടെ വിൽപ്പനയിൽ 38.71 ശതമാനം കുറവുമുണ്ടായി. മോട്ടോർ സൈക്കിൾ വിഭാഗത്തിൽ 22.33ഉം സ്‌കൂട്ടർ വിൽപ്പന 22.19ഉം ശതമാനം കുറഞ്ഞു. ഇരുചക്ര നിർമാതാക്കളിൽ ഹീറോയുടെ വിൽപ്പനയാണ് ഏറ്റവും കുറവ്; 20.97 ശതമാനം. ഹോണ്ടയുടെ വിൽപ്പനയിലെ ഇടിവ് 26.26 ശതമാനമാണ്. ടി വി എസ് വിൽപ്പനയിൽ 20.37 ശതമാനമാണ് കുറവ്.