വില്‍പ്പന മാന്ദ്യവും വിപണി ഇടിവും: അശോക് ലൈലന്‍ഡ് പ്ലാന്റും പൂട്ടുന്നു

Posted on: September 6, 2019 2:10 pm | Last updated: September 6, 2019 at 8:24 pm

ന്യൂഡല്‍ഹി: വിപണിയിലെ തകര്‍ച്ചയെ തുടര്‍ന്ന് വന്‍ പ്രതിസന്ധി നേരിടുന്ന രാജ്യത്തെ വാഹന നിര്‍മാണ കമ്പനികള്‍ ഓരോന്നായി അടച്ച്പൂട്ടല്‍ ഭീഷണിയില്‍. രാജ്യത്തെ വന്‍കിട വാഹന നിര്‍മാണ കമ്പനിയായ ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അശോക് ലൈലന്‍ഡ് അഞ്ച് ദിവസത്തേക്ക് പ്ലാന്റുകള്‍ പൂട്ടിയിടാന്‍ തീരുമാനിച്ചു. ഇന്ന് മുതല്‍ അഞ്ച് ദിവസത്തേക്കാണ് പ്ലാന്റുകള്‍ പൂട്ടുന്നത്..നേരത്തെ രണ്ട് ദിവസത്തേക്ക് വീതം മാരുതിയും ഹ്യുണ്ടായിയും പ്ലാന്റ് പൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് അശോക് ലൈലന്‍ഡും പ്രതിസന്ധിയെ തുടര്‍ന്ന് പ്ലാന്റ് പൂട്ടുന്നത്.

ഇന്ന് മുതല്‍ 11 വരെ പ്ലാന്റ് പ്രവര്‍ത്തിക്കില്ലെന്ന് അറിയിച്ച് കമ്പനി തൊഴിലാളികള്‍ക്ക് നോട്ടീസ് നല്‍കി. അഞ്ച് ദിവസം പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നത് പ്ലാന്റിലെ 3000 കരാര്‍ തൊഴിലാളികള്‍ ഉള്‍പ്പെടെ 5000 തൊഴിലാളികളെ നേരിട്ട് ബാധിക്കും. അഞ്ച് ദിവസത്തേക്കുള്ള കൂലി പിന്നീട് തീരുമാനിക്കുമെന്നാണ് കമ്പനി അധികൃതര്‍ അറിയിച്ചു.
ഈ വര്‍ഷം ആഗസ്റ്റില്‍ അശോക് ലെയ്ലന്‍ഡിന്റെ വാഹന വില്‍പ്പനയില്‍ 50% ഇടിവാണ് റിപ്പോര്‍ട്ട് ചെയ്തത്.
അശോക് ലെയ്‌ലന്‍ഡ് വലിയ പ്രതിസന്ധിയിലാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നതെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു. ദോസ്ത് മിനി ട്രക്ക് പോലുള്ള വാഹനങ്ങളുടെ വില്‍പ്പനയില്‍ ശതമാനത്തിന്റെയും വലിയ വാഹനങ്ങളുടെ വില്‍പ്പനയില്‍ 63 ശതമാനത്തിന്റെയും ഇടിവാണുണ്ടായിരിക്കുന്നത്.

മുന്‍വര്‍ഷം 12,420 വാഹനങ്ങള്‍ വിറ്റിരുന്നിടത്ത് ഇത്തവണ 4585 വാഹനങ്ങള്‍ മാത്രമാണ് വില്‍ക്കാന്‍ കഴിഞ്ഞത്.
രാജ്യത്തെ ഓട്ടോമൊബൈല്‍ വ്യവസായം കനത്ത നഷ്ടം രേഖപ്പെടുത്തിയ മാസമാണ് ആഗസ്ത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഏറ്റവും മോശം കച്ചവടം രേഖപ്പെടുത്തിയ മാസമാണ് കഴിഞ്ഞു പോയതെന്നാണ് കമ്പനികള്‍ പറയുന്നത്.