ഡി കെ ശിവകുമാറിന്റെ അറസ്റ്റ് : കര്‍ണാടകയില്‍ പ്രതിഷേധം അക്രമമായി; ബസുകള്‍ തകര്‍ത്തു

Posted on: September 4, 2019 1:52 pm | Last updated: September 4, 2019 at 5:17 pm

ബംഗളൂരു: കര്‍ണാടക മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി കെ ശിവകുമാറിന്റെ അറസ്റ്റില്‍ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. പലയിടങ്ങളിലും പ്രതിഷേധം അക്രമങ്ങളിലേക്ക് വഴിമാറി. കര്‍ണാടക ആര്‍ ടി സി ബസുകള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടു. പ്രതിഷേധക്കാര്‍ റോഡില്‍ ടയര്‍ കത്തിച്ച് ഗതാഗതം തടസ്സപ്പെടുത്തി. ഇതേത്തുടര്‍ന്ന് ബെംഗളൂരു-മൈസൂരു ഹൈവേയില്‍ ഗതാഗതം തടസ്സപ്പെട്ടു. പലയിടത്തും പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി. ബംഗളൂരു, മംഗളൂരു, രാംനഗര, ഹാസന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രതിഷേധം തുടരുകയാണ്.

ഡി കെ ശിവകുമാറിന്റെ കനകപുരം മണ്ഡലം അടങ്ങുന്ന രാമനഗര ജില്ലയിലാണ് കൂടുതല്‍ അക്രമസംഭവങ്ങളുണ്ടായത്. ഇവിടെ ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്. മണ്ഡലത്തിലെ കനക്പുര ഡിപ്പോയിലെ ബസ് പ്രതിഷേധക്കാര്‍ കത്തിച്ചു. രാമനഗരയിലേക്കുള്ള ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. രാമനഗര ജില്ലയില്‍ സ്‌കൂള്‍, കോളജുകളും അക്രമം ഭയന്ന് പ്രവര്‍ത്തിക്കുന്നില്ല.എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിന് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഹവാല പണമിടപാടുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച രാത്രിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡി കെ ശിവകുമാറിനെ അറസ്റ്റ് ചെയ്തത്.