ഒമ്പതാം വര്‍ഷവും സുഹൃത്തിന് വേണ്ടി അവര്‍ ഒത്തുകൂടി; ആ മീസാൻ കല്ലുകൾക്കരിക്കിൽ

Posted on: September 3, 2019 8:21 am | Last updated: September 3, 2019 at 8:21 am

മൂന്നുപീടിക: ആകസ്മികമായി വേര്‍പിരിഞ്ഞ നദീറിന്‍റെ സ്മരണ പുതുക്കാന്‍ ഒമ്പതാം വര്‍ഷവും സുഹൃത്തുക്കള്‍ ഒത്തുകൂടി. ഒരു മണിക്കൂറല്ല,ഒരു രാവ് മുഴുവന്‍. മൂന്നുപീടിക കാക്കാതിരുത്തി വലിയകത്ത് നദീറിന്‍റെ സ്മരണാര്‍ത്ഥമാണ് സുഹൃത്തുക്കള്‍ മുടങ്ങാതെ ഒമ്പതാം വര്‍ഷവും ഒത്തുകൂടിയത്. ഓരോ ആണ്ട് ദിനത്തിലും ഒരു രാത്രി മുഴുവന്‍ ദിഖ്റും പ്രാര്‍ത്ഥനകളും അനുസ്മരണവും അന്നദാനവും സ്വലാത്തും മൗലിദും തുടങ്ങിയ പരിപാടികളുമായാണ് സഹപ്രവര്‍ത്തകര്‍ സംഗമിക്കാറുള്ളത്.

വാഹനാപകടത്തില്‍ മരിക്കുമ്പോള്‍ ഇരുപത് വയസ് മാത്രം പ്രായമുണ്ടായിരുന്ന നദീര്‍ എസ്.എസ്.എഫ് മൂന്നുപീടിക സെക്ടര്‍ സെക്രട്ടറിയായിരുന്നു.ധാര്‍മിക വിപ്ലവത്തിന് വേണ്ടി ശബ്ദമുയര്‍ത്തിയ എസ്‌.എസ്‌.എഫിന്‍റെ മുന്നണി പോരാളിയായി ചെറുപ്പ കാലത്ത് തന്നെ സജീവമായിരുന്നു നദീര്‍. എസ്.എസ്.എഫിന്‍റെ കര്‍മ രംഗത്തെ സജീവത കണ്ട് പലരും അതേ കുറിച്ച് ചോദിക്കുമ്പോള്‍ എന്‍റെ മരണം അതിന് ഉത്തരം നല്‍കുമെന്നായിരുന്നു നദീറിന്‍റെ മറുപടി.ആ വാക്കുകള്‍ അന്വര്‍ത്ഥമാക്കും വിധമാണ് സഹപ്രവര്‍ത്തകരും നദീറിനെ കേട്ടറിഞ്ഞവരും ഓരോ വര്‍ഷവും ആവേശപൂര്‍വ്വം നദീര്‍ അനുസ്മരണത്തില്‍ പങ്കാളികളാവുന്നത്.

എസ്‌.എസ്‌.എഫ് മൂന്നുപീടിക സെക്ടര്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് എല്ലാ വര്‍ഷവും പരിപാടികള്‍ സംഘടിപ്പിക്കുന്നത്. രാത്രി തുടങ്ങി പ്രഭാതം വരെ നീളുന്ന പരിപാടികള്‍ക്ക് പ്രമുഖ സാദാത്തീങ്ങളും പണ്ഡിതരുമാണ് നേതൃത്വം നല്‍കുന്നത്.പി.സി അബ്ദുറഹ്മാന്‍ സഖാഫി,ആശിഖ് തങ്ങള്‍ കൂരിക്കുഴി,താഹിര്‍ സഖാഫി ചിറക്കല്‍,അബ്ദു ചളിങ്ങാട്,സാദിഖ് കൂളിമുട്ടം,റഊഫ് മഹ്ളറ തുടങ്ങിയവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.