എട്ട് യുഎസ് നിര്‍മിത അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ കൂടി നാളെ ഇന്ത്യക്ക് സ്വന്തമാകും

Posted on: September 2, 2019 5:04 pm | Last updated: September 2, 2019 at 5:04 pm

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ പോരാട്ട ശേഷി വര്‍ധിപ്പിക്കുന്നതിനായി യുഎസ് നിര്‍മിത എട്ട് അപ്പാച്ചെ എഎച്ച് 64 ഇ ആക്രമണ ഹെലികോപ്റ്ററുകള്‍ ചൊവ്വാഴ്ച വ്യോമസേനക്ക് കൈമാറും. പത്താന്‍കോട്ട് വ്യോമസേന കേന്ദ്രത്തില്‍ നടക്കുന്ന ചടങ്ങില്‍ എയര്‍ ചീഫ് മാര്‍ഷല്‍ ബി എസ് ധനോവ മുഖ്യാതിഥിയാകും. ലോകത്തിലെ ഏറ്റവും നൂതനമായ മള്‍ട്ടിറോള്‍ കോംബാറ്റ് ഹെലികോപ്റ്ററുകളില്‍ ഒന്നാണ് എഎച്ച് 64 ഇ അപ്പാച്ചെ.

എട്ട് അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകള്‍ വ്യോമസേനയില്‍ ഉള്‍പ്പെടുത്താന്‍ സജ്ജമാക്കിയിട്ടുണ്ടെന്നും ഇത് സേനയുടെ പോരാട്ട ശേഷി വര്‍ദ്ധിപ്പിക്കുമെന്നും മുതിര്‍ന്ന വ്യോമസേനാ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

22 അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ക്കായി 2015 സെപ്റ്റംബറില്‍ വ്യോമസേന യുഎസ് സര്‍ക്കാരുമായും ബോയിംഗ് ലിമിറ്റഡുമായും ഒരു ബില്യണ്‍ ഡോളറിന്റെ കരാര്‍ ഒപ്പിട്ടിരുന്നു. ഇതില്‍ ആദ്യ നാലെണ്ണം ജൂലൈ 27 ന് വ്യോമസേനയ്ക്ക് കൈമാറി. കരാറുണ്ടാക്കി നാല് വര്‍ഷത്തിന് ശേഷമാണ് ആദ്യത്തെ ബാച്ച് അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ ഹിന്ദാന്‍ വ്യോമതാവളത്തില്‍ വ്യോമസേനയ്ക്ക് കൈമാറിയത്.

കൂടാതെ, ബോയിംഗില്‍ നിന്ന് 4,168 കോടി രൂപക്ക് ആറ് അപ്പാച്ചെ ഹെലികോപ്റ്ററുകളും ആയുധ സംവിധാനങ്ങളും വാങ്ങുന്നതിന് പ്രതിരോധ മന്ത്രാലയം 2017 ല്‍ അംഗീകാരം നല്‍കിയിരുന്നു.

ഉത്പാദനം തുടങ്ങിയതിന് ശേഷം ലോകവ്യാപകമായി ഇതുവരെ ബോയിംഗ് 2,200 ലധികം അപ്പാച്ചെ വിമാനങ്ങള്‍ കൈമാറിയിട്ടുണ്ട്. സൈനിക ആവശ്യങ്ങള്‍ക്കായി ബോയിംഗിനെ തിരഞ്ഞെടുക്കുന്ന പതിനാലാമത്തെ രാജ്യമാണ് ഇന്ത്യ.