Connect with us

Religion

വിശ്വാസ്യതയുടെ മൂക്കുചെത്തുന്ന ചെരുപ്പുകൾ

Published

|

Last Updated

എന്തിനാണീ ചെരുപ്പുകളുടെ മൂക്ക് ചെത്തുന്നത്? അതും ഒരുമാതിരി പിരാന്തൻ കളറിലുള്ള ചെരുപ്പുകളുടെ? പള്ളികളോട് ചേർന്നുള്ള മൂത്രപ്പുരകളുടെ പരിസരത്താണ് മൂക്കുചെത്തി ചെരുപ്പുകൾ പ്രത്യക്ഷപ്പെടുന്നത്. ആളുകൾ കട്ടുകൊണ്ടുപോകാതിരിക്കാനാണത്രെ, ഈ അലവലാതികളുടെ മാർക്കം കഴിച്ച് കിടത്തുന്നത്- ഇതെന്തൊരു ലോകമാണ് ബാപ്പാ!
ഇവിടെ സാന്ദർഭികമായി ഒരു കാര്യം സൂചിപ്പിക്കാൻ ഉള്ളത്, മറ്റുള്ളവർ ഉപയോഗിക്കുന്ന സാധനങ്ങൾ തൊട്ടു പെരുമാറാൻ ഇഷ്ടപ്പെടാത്ത ധാരാളം ആളുകൾ ഉണ്ടാകും എന്നതാണ്. അപരരായ ഒരുപാട് ആളുകൾ മലിന നിലത്തു കൂടെ ഉപയോഗിക്കുന്ന ചെരുപ്പുകൾ കാലിലണിയാൻ കൂട്ടാക്കാത്ത പൊതുജനങ്ങൾ ധാരാളമുണ്ടാവും. പ്രളയദുരിതം മാറ്റിമറിച്ച പുതിയ കാലാവസ്ഥയിൽ ആ മാനസികാവസ്ഥക്ക് മാറ്റം വന്നിട്ടുണ്ടോ എന്നുള്ളതും പരിശോധിക്കേണ്ടതാണ്.
ഒരു സെമിനാർ ആവശ്യത്തിന് മൈസൂരിൽ എത്തിയതാ. മർകസിന്റെ പള്ളിയിൽ രാത്രി തങ്ങാമെന്ന് കരുതി. തങ്ങൾ നൂറാനിയെ വിളിച്ചപ്പോൾ ഓട്ടോ പിടിച്ച് ലൊക്കേഷനിലെത്താൻ പറഞ്ഞു.

“എത്ര പൈസ കൊടുത്തു?” തങ്ങൾ ചോദിച്ചു. ഞാൻ തുക പറഞ്ഞു. ആള് നോൺ മുസ്‌ലിം ആയിരിക്കുമല്ലേ! ഞാൻ പറഞ്ഞു: ആണ്. ഞാൻ പിരിയുമ്പോൾ പേര് ചോദിച്ച് കൈ കൊടുത്തിരുന്നു. നമ്മളെ ഖൗമിന്റെ കൈയിൽ പെട്ടിരുന്നെങ്കിൽ കുടുങ്ങിപ്പോയേനെ അഹ്‌സനീീ…
വീട് പണിതുകൊണ്ടിരിക്കുന്ന സഹപ്രവർത്തകൻ പല പ്രാവശ്യമായി വിളിക്കുന്നു, ആ സൈറ്റൊന്ന് പോയി കണ്ടുവരാൻ. അങ്ങനെ ഒരു ചായ കുടുങ്ങും എന്ന് മണം കിട്ടിയ ഒരു വേളയിൽ ഞാൻ ചെന്നു. നോക്കുമ്പോൾ പണിക്കാർ തകൃതിയായി ചെത്തുന്നു, കുഴക്കുന്നു, പടുക്കുന്നു. എന്നെ കണ്ടതും പണിക്കാരെല്ലാം “കന്നിമൂല നോക്കുന്ന ഏതോ ശൈഖ് വന്നിരിക്കുന്നു” എന്ന ഭാവത്തിൽ കണ്ണ് വണ്ണിപ്പിച്ച എന്നെ നോക്കി. ഞാനാണെങ്കിൽ ഐക്യരാഷ്ട്രസഭയുടെ കന്നിമൂല മുഖ്യ ഉപദേഷ്ടാവ് എന്ന വലിയ ഗമയിൽ നോക്കുകൊണ്ടും വാക്കുകൊണ്ടും കൗശലാത്മക ഗൗരവം കാണിച്ചു. വാസ്തവത്തിൽ കന്നിമൂല പോയിട്ട് ചമ്മന്തിമൂലയെ പറ്റി പോലും ഒരു വിവരവും എനിക്കില്ല. ഞാൻ സുഹൃത്തിനെ അടുത്തേക്ക് വിളിച്ചു. വന്നുകണ്ട സ്ഥിതിക്ക് എന്തെങ്കിലും പറയേണ്ടേ. പറയുന്നത് ഒരു നിരൂപണപരമായത് ആകുകയും വേണ്ടേ?
ഈ ഇറക്കിയ കല്ലുകൾ കണ്ടോ? ഉഷാർ. നല്ല ഹലുവക്കണ്ടം മുറിച്ചത് പോലുണ്ട്. അതേസമയം, ഈ തറയിൽ വെച്ച കല്ല് നോക്ക്. ചേടി കുടങ്ങിയതാണ്. വന്നു സുഹൃത്തിന്റെ മറുപടി. അത് മറ്റോല് എറക്കിയതാണ്. ഇത് ഞമ്മളെ ഖൗമ് എറക്കിയതും നഊദുബില്ലാഹ്!

പ്രാർഥിക്കാനും പുണ്യം നേടാനുമാണ് പള്ളിയിൽ വരുന്നത്. ഒപ്പം ചുമലിലെ പാപഭാരം ഡിസ്ചാർജ് ചെയ്യാനും. എന്നിട്ട് പള്ളിയിലെ തണ്ടാസിൽ ഉപയോഗിക്കുന്ന ചെരുപ്പ് കട്ടുകൊണ്ടുപോകുക/ അതിനെ പ്രതിരോധിക്കാൻ മൂക്ക് മുറിക്കേണ്ടി വരിക എന്നൊക്കെ പറഞ്ഞാൽ എന്താണ് സമുദായം നമുക്ക് തരുന്ന ചിത്രം?

ആരാന്റെത് അറിയാതെ പോലും തന്നിൽ കലർന്ന് പോകരുത് എന്നതാണ് ഭക്തഭാഷ്യം. മതത്തിന്റെ ഹൃദയം എന്നുപറയുന്നതുതന്നെ ഭക്തിയാണ്. ഭക്തി ഏറുമ്പോഴാണ് ആരാന്റെത് പോയിട്ട് തന്റെത് തന്നെ തനിക്ക് വേണ്ടാതാവുന്നത്. ഭൗതിക വിരക്തി വിശ്വാസിയുടെ ഓസോൺ കവചമാണ്. അതുവന്നുകഴിഞ്ഞാൽ ആർഭാടാനന്ദങ്ങളുടെ അൾട്രാവയലറ്റുകളെ പേടിക്കാതെ സുരക്ഷിതമായി കഴിയാം. എന്നാൽ നമ്മളീ കാണുന്നതെന്താ?
സ്വന്തം ജീവിതത്തിലൂടെ മതസത്തയെ പ്രകാശിപ്പിക്കേണ്ടവർ സ്വമതക്കാർക്ക് തന്നെ ഭാരവും പുച്ചവുമായി മാറുന്നു. സമ്പാദിക്കുന്നതിൽ ശരിതെറ്റ് വിവേചനം മാഞ്ഞുപോകുന്നു. ആരാന്റെ ചോരയൂറ്റി കുടിച്ചാണെങ്കിലും സ്വന്തം കുംഭ കുംഭമാക്കണമെന്ന് ശഠിക്കുന്നു.

ജനറലൈസ് ചെയ്യുകയല്ല. മറ്റ് മതസ്ഥരിലും ഇടപാടുകേടുകൾ ഉള്ളവർ ഉണ്ടാകാം. പക്ഷേ, മുസ്‌ലിം മതവിശ്വാസികളെ സംബന്ധിച്ചിടത്തോളം താനും തന്റെ കുടുംബവും തിന്നുകുടിച്ച് പുലരാനായി നേടുന്ന വരുമാനങ്ങളിൽ കച്ചറ എത്തുക എന്നുപറഞ്ഞാൽ, പ്രാർഥനക്കുത്തരം കിട്ടാത്ത ഒരു സമൂഹം രൂപപ്പെടുകയെന്നല്ലേ അർഥം.

ചോദിക്കട്ടെ, അപരിചിതരായ യാത്രക്കാരെ പറ്റിച്ച് പണം നേടുന്ന ടാക്‌സിക്കാരെ എങ്ങനെയാണ് നല്ലവരാക്കിത്തീർക്കുക? നല്ല കല്ലിന് പകരം ചേടിക്കല്ലിറക്കി ഉപഭോക്താവിനെ കബളപ്പിക്കുന്ന മാപ്ലയെ എങ്ങനെയാണ് ബോധവത്കരിക്കുക? ആരും കട്ടുകൊണ്ടുപോകില്ലെന്ന ഉറപ്പിൻമേൽ പള്ളിക്കക്കൂസുകളിലെ ചെരുപ്പുകൾ മൂക്ക് ചെത്താതെ എന്നാണ് നമുക്ക് വെക്കാൻ കഴിയുക?

ഫൈസൽ അഹ്‌സനി ഉളിയിൽ
• faisaluliyil@gmail.com

---- facebook comment plugin here -----

Latest