സാമ്പത്തിക മേഖലയെ മന്ദീഭവിപ്പിച്ചത് മോദി സര്‍ക്കാറിന്റെ കെടുകാര്യസ്ഥത: മന്‍മോഹന്‍ സിംഗ്

Posted on: September 1, 2019 12:50 pm | Last updated: September 2, 2019 at 10:17 am

ന്യൂഡല്‍ഹി: മോദി സര്‍ക്കാറിന്റെ എല്ലാ തലത്തിലുമുള്ള കെടുകാര്യസ്ഥതയാണ് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി കടുത്ത പ്രതിസന്ധിയിലാക്കിയതെന്ന് മുന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ്. കഴിഞ്ഞ മൂന്നു മാസത്തെ പ്രതിശീര്‍ഷ വളര്‍ച്ചാ നിരക്ക് അഞ്ചു ശതമാനം മാത്രമാണെന്നത് രാജ്യം ദീര്‍ഘകാലത്തേക്കുള്ള സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കുകയാണെന്നതിന്റെ സൂചനയാണ്.

ഇന്ത്യക്ക് ത്വരിതഗതിയില്‍ വളരാനുള്ള ശേഷിയുണ്ട്. എന്നാല്‍, മോദി സര്‍ക്കാറിന്റെ കെടുകാര്യസ്ഥത ഇതിന് തുരങ്കം വച്ചിരിക്കുകയാണ്. മന്‍മോഹന്‍ സിംഗ് പ്രസ്താവനയില്‍ പറഞ്ഞു. ഉത്പാദന മേഖലയുടെ വളര്‍ച്ചാ നിരക്ക് 0.6 ശതമാനത്തിലേക്ക് പതിക്കുന്നത് ഏറെ അപകടകരമായ സ്ഥിതിവിശേഷമാണ്. നോട്ട് നിരോധനം, തിടുക്കത്തില്‍ നടപ്പിലാക്കിയ ജി എസ് ടി തുടങ്ങിയ മനുഷ്യ നിര്‍മിത മണ്ടത്തരങ്ങളുടെ പ്രത്യാഘാതങ്ങളില്‍ നിന്ന് നമ്മുടെ സാമ്പത്തിക രംഗം ഇപ്പോഴും കര കയറിയിട്ടില്ലെന്നതാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.

ഉപഭോഗ വളര്‍ച്ചാ നിരക്ക് 18 മാസത്തെ താഴ്ന്ന നിലയിലേക്ക് പോയതായും ആഭ്യന്തര ആവശ്യകത വലിയ തോതില്‍ ഇടിഞ്ഞതായും മുന്‍ പ്രധാന മന്ത്രി പറഞ്ഞു.