Kerala
മോദിയെ താന്‍ വിമര്‍ശിച്ചത് ഓക്‌സ്‌ഫോര്‍ഡ് ഇംഗ്ലീഷിലല്ല: കെ മുരളീധരന്‍

തിരുവനന്തപുരം: ശശി തരൂരിന്റെ മോദി സ്തുതിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ എല്ലാം അവസാനിപ്പിക്കാന്‍ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞെങ്കിലും വിടാതെ കെ മുരളീധരന്‍ എം പി.
താന്‍ മോദിയെ വിമര്‍ശിച്ചത് ഓക്‌സ്‌ഫോര്‍ഡ് ഇംഗ്ലീഷിലല്ലെന്ന് മുരളീധരന്‍ പരിഹസിച്ചു. മോദിക്ക് മനസ്സിലാകുന്ന ഭാഷയില്‍ താന്‍ വിമര്‍ശിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ജനവികാരമാണ് തിരുവനന്തപുരം പാര്‍ലിമെന്റ് സീറ്റില്‍ കോണ്‍ഗ്രസ് വിജയത്തിന് കാരണം. ഓക്‌സ്‌ഫോഡ് ഇംഗ്ലീഷ് അറിയാത്ത ചാള്‍സ് മൂന്ന് തവണ തിരുവനന്തപുരത്ത് നിന്ന് ജയിച്ചിട്ടുണ്ട്.
മോദി സ്തുതിയെ എതിര്‍ക്കുന്ന നിലപാടില്‍ താന്‍ ഉറച്ച് നില്‍ക്കുന്നു. ശശി തരൂര്‍ പാര്‍ട്ടിക്ക് നല്‍കിയ വിശദീകരണം കണ്ടിട്ടില്ല. പത്ത് വര്‍ഷം പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗിനെ ഒരു ബി ജെ പിക്കാരനും പുകഴ്ത്തിയിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു.
പാര്‍ട്ടിയില്‍ എട്ട് വര്‍ഷം മുമ്പ് തിരിച്ചെത്തിയ ആളാണ് മുരളീധരനെന്ന് നേരത്തെ ശശി തരൂര്‍ പരിഹസിച്ചിരുന്നു. ഇതിനും മുരളി മറുടി നല്‍കി. പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോയ സമയത്തും ബി ജെ പി അനുകൂല നിലപാട് താന്‍ സ്വീകരിച്ചിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശശി തരൂരിന്റെ വിശദീകരണം ലഭിച്ച മുറക്ക് ഇത് അടഞ്ഞ അധ്യായമാണെന്നും പാര്‍ട്ടിക്ക് പുറത്ത് വിഷയം ചര്‍ച്ച ചെയ്യരുതെന്നും മുല്ലുപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു. കെ പി സി സിയുടെ ഈ വിലക്ക് നിലനില്‍ക്കെയാണ് മുരളീധരന്‍ ശശിതരൂരിനെതിരെ പ്രതികരിച്ചതെന്നതും ശ്രദ്ധേയമാണ്.