Gulf
24-ാമത് ലോക ഊര്‍ജ സമ്മേളനം അബുദാബിയില്‍

അബുദാബി: 24-ാമത് ലോക ഊര്‍ജ സമ്മേളനം സെപ്റ്റംബര്‍ ഒമ്പത് മുതല്‍ 12 വരെ അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനത്തിന്റെ ഭാഗമായി 35,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ ഒരുക്കുന്ന പ്രദര്‍ശനത്തില്‍ 150 ലധികം രാജ്യങ്ങളില്‍ നിന്നും 200 ലധികം എക്‌സിബിറ്റര്‍മാര്‍ പങ്കെടുക്കും.
യു എ ഇയില്‍ നിന്നും വിദേശത്തുനിന്നുമായി 15,000 ത്തിലധികം പേര്‍ പങ്കെടുക്കും. ഇതില്‍ 4,000 പ്രതിനിധികളും 66 മന്ത്രിമാരും ഉള്‍പ്പെടുന്നതായി ഭാരവാഹികള്‍ അറിയിച്ചു. നാല് ദിവസമാണ് സമ്മേളനം നടക്കുക. പശ്ചിമേഷ്യയില്‍ ആദ്യമായി നടക്കുന്ന ലോക എനര്‍ജി സമ്മേളനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തുന്ന പങ്കാളികള്‍ക്ക് പുറമെ 300 ലധികം സ്പീക്കര്‍മാരും സംബന്ധിക്കും.
80 ലധികം സെഷനുകളാണ് കോണ്‍ഗ്രസില്‍ നടക്കുക. ഊര്‍ജ മേഖലയുമായി ബന്ധപ്പെട്ട എണ്ണ, വാതകം, വൈദ്യുതി, കല്‍ക്കരി, ആണവോര്‍ജ്ജം, പുനരുപയോഗ ഊര്‍ജം, ഗതാഗതം, ഊര്‍ജ്ജ കാര്യക്ഷമത, ധനകാര്യം, നിക്ഷേപം, കണ്‍സള്‍ട്ടന്‍സി, മറ്റ് മേഖലകള്‍ എന്നിവയുള്‍പ്പെടെ മുഴുവന്‍ ഊര്‍ജ്ജ സ്‌പെക്ട്രം കേന്ദ്രീകരിച്ചും സമ്മേളനം ചര്‍ച്ച ചെയ്യും.
ഊര്‍ജ മേഖലയിലെ വിവിധ വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യുന്നതിനാല്‍ ഊര്‍ജ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായികള്‍ക്ക് സമ്മേളനം ഏറെ ഗുണം ചെയ്യും. പാനല്‍ ചര്‍ച്ചകളും വിവിധ സെഷനുകളിലും പങ്കെടുക്കുന്നതിലൂടെ ഊര്‍ജ മേഖലയില്‍ സുസ്ഥിരമായ ഭാവി കെട്ടിപ്പടുക്കുന്നതിന് സഹായകരമാകും. അബുദാബിയില്‍ നടന്ന എല്ലാ ഊര്‍ജ സമ്മേളങ്ങളിലും വലിയ പ്രാതിനിധ്യമാണുണ്ടായതെന്ന് യു എ ഇ ഊര്‍ജ വ്യവസായ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറിയും സംഘാടക സമിതി ചെയര്‍മാനുമായ ഡോ. മാത്തര്‍ അല്‍ നയാദി പറഞ്ഞു.