ഗുജറാത്ത് തീരം വഴി ഭീകരര്‍ രാജ്യത്തേക്ക് കടന്നതായി റിപ്പോര്‍ട്ട്‌

Posted on: August 29, 2019 6:46 pm | Last updated: August 29, 2019 at 11:47 pm

ന്യൂഡല്‍ഹി: ഗുജറാത്തിലെ കച്ച് മേഖലയിലൂടെ പാക് കമാന്‍ഡോകളും ഭീകരരും ഇന്ത്യയയിലേക്ക് കടന്നതായി തീരദേശ സേനയുടെ റിപ്പോര്‍ട്ട്. ഗുജറാത്തിലെ തീരപ്രദേശങ്ങളില്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ട്. സമുദ്രത്തിലൂടെയുള്ള ആക്രമണത്തിനാണ് നീക്കം. ഇതിനാണ് അതീവ ദുഷ്‌കരമായ സര്‍ ക്രീക്ക്, ഗള്‍ഫ് ഓഫ് കച്ച് മേഖലയിലൂടെ നുഴഞ്ഞുകയറ്റം. ചെറിയ ബോട്ടുകളിലായാണ് ഭീകരര്‍ എത്തുക. സമുദ്രത്തിലൂടെയുള്ള ആക്രമണത്തിനാണ് ലക്ഷ്യമെന്നും റിപ്പോര്‍ട്ട് പറയുന്നു.
രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗുജറാത്തിലെ തീരമേഖലകളില്‍ കനത്ത ജാഗ്രത ഏര്‍പ്പെടുത്തിയതായി പോര്‍ട്ട് ട്രസ്റ്റ് അധികൃതര്‍ അറിയിച്ചു. ഗുജറാത്തിലെ കച്ചിലുള്ള മുന്ദ്ര, കണ്ട്‌ല തുറമുഖങ്ങളില്‍ കൂടുതല്‍ സുരക്ഷ ഒരുക്കിയത്. കച്ചിലെ അദാനി പോര്‍ട്ട് ജീവനക്കാര്‍ക്കും മറൈന്‍ കണ്‍ട്രോള്‍ ബോര്‍ഡിനും ജാഗ്രത നിര്‍ദേശം നല്‍കി.

ശനിയാഴ്ച കച്ചിലെ ഹറാമി നാലാ പ്രദേശത്ത് രണ്ട് ബോട്ടുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ഇവയെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ദിവസങ്ങള്‍ക്ക് മുമ്പ് കച്ച് തീരത്തുവെച്ച് രണ്ട് പാക് മത്സ്യബന്ധന ബോട്ടുകളും തീരദേശ സേന പിടിച്ചടക്കിയിരുന്നു.

ഇരു രാജ്യങ്ങളിലെ അതിര്‍ത്തികളിലും കനത്ത സുരക്ഷാ സന്നാഹമാണുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കടല്‍ വഴിയുള്ള ആക്രമണ നീക്കമെന്നാണ് രഹസ്യാന്വേഷണ വിഭാഗം പറയുന്നത്. പുതിയ സാഹചര്യത്തില്‍ തീരദേശ മേഖലയുമായി ബന്ധപ്പെട്ട കോസ്റ്റ് ഗാര്‍ഡ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, അതിര്‍ത്തി സേനയായ ബി എസ് എഫ്, പോലീസ് എന്നിവയെല്ലാം ജാഗ്രത കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.