Book Review
ചൂണ്ടുപലകയാകുന്ന നിലപാടുകൾ

സ്വന്തമായൊരു അഭിപ്രായമില്ലാത്തവൻ അടിമയാണെന്ന് ക്ലോപ്‌സ് ഗോറാക് നിരീക്ഷിക്കുന്നുണ്ട്. ജീവിതത്തെ ആശയങ്ങളുടെ ലോകമായും മനുഷ്യനെ അതിനനുസരിച്ച് പരിവർത്തിതമാകുന്ന ജീവിലോകമായും വീക്ഷിച്ച ബുദ്ധിജീവികൾക്കെല്ലാം സമാന അഭിപ്രായമാണുതാനും. ചുറ്റും നടക്കുന്ന സംഭവ വികാസങ്ങളെ നിരന്തരം നിരീക്ഷിക്കുന്ന മനുഷ്യർ അവയോട് പലവിധേന പ്രതികരിക്കുന്നുണ്ട്. ആശയപരമായൊരു അസ്തിത്വം പേറുന്നുവെന്നതാണല്ലോ മനുഷ്യനെ വേറിട്ടുനിർത്തുന്നത്. എന്നാൽ, അത്തരം പ്രതികരണങ്ങൾ കേവല ഭൗതിക വിനിമയം മാത്രമായി ഒതുങ്ങി പോവുന്നുവെന്നതാണ് യാഥാർഥ്യം.
നമ്മെ കുറിച്ച് തന്നെ ആലോചിച്ചു നോക്കൂ. എങ്ങനെയാണ് നാം വിവരശേഖരണം നടത്തുന്നത്? പത്രങ്ങളും ദൃശ്യ ശ്രാവ്യ മാധ്യമങ്ങളും സംപ്രേഷണം ചെയ്യുന്നതിനപ്പുറം നമ്മുടെ ജ്ഞാനാന്വേഷണം വികാസം പ്രാപിക്കാറുണ്ടോ? ഒരു പൊതു ഇടത്തിൽ, ചായക്കടയിലാണെങ്കിൽ പോലും, നമ്മളും പൊതുവിഷയങ്ങൾ സംസാരിക്കുന്നു, വായിൽ വന്നത് കോതക്ക് പാട്ട് എന്ന മട്ടിൽ. അതിനപ്പുറത്തേക്ക് സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക, ആഗോള വിഷയങ്ങളിൽ മൗലികമായി എന്തെങ്കിലും പറയാൻ നമുക്ക് സാധിക്കാറുണ്ടോ? പലപ്പോഴും നമ്മുടെ നിലപാടുകൾ മതത്തിന്റെ അടിസ്ഥാന മൂല്യ സങ്കല്പങ്ങളെ കത്രിക്കുന്നതിലോ വെട്ടിച്ചുരുക്കുന്നതിലോ പരിണമിക്കുന്നതായി അനുഭവപ്പെടാറുമില്ലേ?
മതം എന്നും മനുഷ്യന് വഴികാട്ടിയാണ്, വിശിഷ്യ ഇസ്‌ലാം. കേവലം ജഡികമായ പരിവേഷമല്ല, ജൈവികമായ മനുഷ്യചോദനയുടെയും സമർപ്പണത്തിന്റെയും സാക്ഷാത്കാരമാണത്. അതുകൊണ്ടുതന്നെ കർമപദ്ധതികളുടെ പയറ്റു പുസ്തകമാകാനോ യാഥാസ്ഥിതികതയുടെ തുരുമ്പിൽ അള്ളിപ്പിടിച്ചിരിക്കാനോ കഴിയില്ല. തീവ്ര സെക്യുലറിസ്റ്റുകളേക്കാൾ മതത്തിന്റെ പ്രയോക്താക്കൾ തന്നെ മതത്തെ സ്വകാര്യ ജീവിതത്തിന്റെ പളുങ്കുപാത്രത്തിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് പറഞ്ഞാൽ അതിശയോക്തിയാകില്ല. എവിടെയാണ് നമുക്ക് പിഴച്ചത്? ഉത്തരാധുനികതയുടെ ചുവടൊപ്പിച്ച് വളർന്നുവന്ന നവലിബറൽ ചിന്താഗതികളുടെയും സത്യാനന്തര കാഴ്ചപ്പാടുകളുടെയും മറ്റും തിരതള്ളലിൽ നമുക്കും നരബാധിച്ചു തുടങ്ങിയോ? ഇങ്ങനെ സങ്കീർണമായ ഒരുപാട് ചോദ്യങ്ങളിലേക്കും മുസ്‌ലിം സമൂഹം ഉത്തരാധുനിക കാലത്ത് ആർജിച്ചിരിക്കേണ്ട പ്രബുദ്ധതയുടെയും ജ്ഞാനവിനിമയ പക്വതയുടെയും ഉള്ളറകളിലേക്കും ചൂട്ടു വെളിച്ചം മിന്നിക്കുന്നതാണ് ഇ എം എ ആരിഫ് ബുഖാരിയുടെ “നിലപാടുകൾ”.
ഈ നിലപാടുകളൊന്നും സ്ഥാപിത താത്പര്യങ്ങളുടെയോ സങ്കുചിത ലോകബോധത്തിന്റെയോ മൂശയിൽ നിന്ന് ഊതിക്കാച്ചിയെടുത്തതല്ല. മറിച്ച്, ആധുനികോത്തര കാലത്തിന്റെ നവീന തീസീസുകളോടും ശാസ്ത്രസാങ്കേതിക വിവരവിനിമയ സെക്യുലർ ബോധത്തോടും ഇസ്‌ലാമിനെ മനസ്സാവരിച്ച് പ്രതികരിക്കുന്നതിന്റെ ജീവസുറ്റ ദർശനങ്ങളാണിത്.
മതത്തിന് എവിടെയും അടിപതറില്ലെന്ന ആശയമാണ് ഓരോ ലേഖനത്തിലും ഗ്രന്ഥകാരൻ അരക്കിട്ടുറപ്പിക്കുന്നത്. നവലിബറൽ കാലത്തെ ആരവങ്ങൾക്കിടയിൽ മതത്തെ പടിക്കു പുറത്തുനിർത്തി സാംസ്‌കാരിക അധിനിവേശത്തിന് അടിമപ്പെടുന്ന അരമതക്കാരുടെ അരക്കില്ലങ്ങൾക്ക് തീകൊളുത്തുകയാണത്. ആധുനിക ലോകത്തിന്റെ പിറവി ഇസ്‌ലാമിനെയും മുസ്‌ലിം സമൂഹത്തെയും സങ്കീർണമായ ചില ചോദ്യങ്ങളിലേക്ക് നയിക്കുകയുണ്ടായി. അതിൽ ഏറ്റവും പ്രധാനമായത് ആധുനികതയുമായും അതോടൊപ്പം വളർന്നു വികസിച്ച ശാസ്ത്രസാങ്കേതിക രാഷ്ട്രീയ മാറ്റങ്ങളുമായും ഇസ്‌ലാം എത്ര മാത്രം ഒത്തുപോവുമെന്നതായിരുന്നു. ഹണ്ടിംഗ്ടണും ലെവിസും കെപലും തുടങ്ങി അനേകം തലതൊട്ടപ്പന്മാർ ഇസ്‌ലാമിന് കാലിടറുമെന്ന് ജൽപ്പിച്ചിരുന്നു. അതിനവരെ പ്രേരിപ്പിച്ചത് ഇസ്‌ലാമിന് കേവല വൈയക്തിക വ്യവഹാരങ്ങളെ സംബോധന ചെയ്യാനുള്ള ത്രാണിയേയുള്ളൂവെന്ന “ലോകബോധ”മാണ്. ഇന്നും ഒരു പരിധിവരെ അത്തരമൊരു മിഥ്യാധാരണ മാറിയിട്ടില്ലെന്നാണ് സമകാലിക ആഗോള ഇസ്‌ലാം വിനിമയങ്ങളിൽ നിന്ന് ബോധ്യമാകുന്നത്. എങ്കിലും ആഗോളതലത്തിൽ ശക്തിയാർജിച്ചു വരുന്ന ഇസ്‌ലാമിക പഠനങ്ങളും ഗവേഷണങ്ങളും ശുഭോദർക്കമായ പടിയാണ്. അത്തരം ചില ആലോചനകളിലേക്കും മത ശാസ്ത്ര സമന്വയ അനിവാര്യതയിലേക്കും ഗ്രന്ഥകാരൻ പാലം പണിയുന്നു. സിദ്ധാന്തങ്ങൾ പ്രബലമാകുമ്പോൾ അല്പജ്ഞരാകുന്ന ശാസ്ത്ര പടുക്കളുടെ വൃത്താന്തങ്ങളിലേക്കും പുസ്തകം കടന്നു ചെല്ലുന്നുണ്ട്.
നൂറ്റാണ്ടുകൾക്കിപ്പുറവും ഇസ്‌ലാമിലെ വിഘടന വിഭാഗങ്ങൾ എയ്ത് വിടുന്ന വിമർശങ്ങളെയും ഒളിയജൻഡകളെയും മതത്തിന്റെ ചട്ടക്കൂടിൽ നിന്ന് വിശകലനം ചെയ്യാനും യുക്തിസഹമായ മറുപടികൾ നൽകാനും ഗ്രന്ഥകാരൻ ശ്രമിക്കുന്നുണ്ട്. മാത്രമല്ല, ഇസ്‌ലാമിസ്റ്റുകളുടെ ആഗോള വർത്തമാനത്തിലേക്കും കാലം ആവശ്യപ്പെടുന്ന മുസ്‌ലിം ബുദ്ധിജീവി ഇടപെടലുകളിലേക്കും ആലോചനകളെ തിരിച്ചുവിടുക കൂടിയാണ് പുസ്തകം. വംശാഹന്തയുടെയും ദേശാഹന്തയുടെയും കാരണങ്ങൾ ചരിത്രത്തിന്റെ കുഴിമാടത്തിൽ നിന്ന് താന്താങ്ങളുടെ താത്പര്യങ്ങൾക്കനുസരിച്ച് കിളച്ചിടുന്ന ഫാഷിസ്റ്റ് തേർവാഴ്ചയുടെ മുഖംമൂടി വലിച്ചു കീറാനും മതരഹിതവത്കരണത്തിന്റെ മുനയൊടിക്കാനും ഉപയുക്തമാക്കുന്ന ലേഖനങ്ങൾ പ്രതീക്ഷാനിർഭരമായൊരു നാളെയെ വായനക്കാരന് മുന്നിൽ സമർപ്പിക്കുന്നു. വിദ്യാഭ്യാസം വാണിജ്യവത്കരിക്കപ്പെടുന്ന പുതിയ കാലത്ത് വിദ്യാഭ്യാസത്തിന്റെ നൈതിക ഭാവഹാവങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്ന എഴുത്തുകൾ നഖീബുൽ അത്താസിനെ കൂട്ടുപിടിച്ചാണവതരിപ്പിക്കുന്നത്. അതോടൊപ്പം സാഹിതീയ മേഖലകളിൽ കൂടി മുസ്‌ലിം സമൂഹം വ്യാപരിക്കേണ്ടതെങ്ങനെയെന്ന ചിന്തകളും പങ്കുവെക്കുന്നു.
യാഥാസ്ഥിതികരെന്നും പാരമ്പര്യവാദികളെന്നും പഴി കേൾക്കേണ്ടി വരുന്ന പണ്ഡിതവൃന്ദത്തെ മുൻനിർത്തി “back to book” എന്ന ആശയത്തെ അസാമാന്യമാം വിധം ആധുനികവത്കരിക്കാനും പാരമ്പര്യം പഴഞ്ചനല്ലെന്ന ബോധത്തിലേക്ക് അനുവാചകരെ എത്തിക്കാനും പുസ്തകത്തിന് കഴിയുന്നത് അതിനുപയുക്തമാക്കിയിരിക്കുന്ന രചനാശൈലിയുടെയും അവതരണ മികവിന്റെയും ബലം കൊണ്ടാണ്. പണ്ഡിത രചന എന്ന നിലക്ക് സാധാരണ ഒരു എഴുത്തുകാരന്റെ വീക്ഷണ പരിമിതിയിൽ നിന്ന് മാറി ഒന്നു കൂടി വിശാലമായ ഇസ്‌ലാമിക ലോകബോധം രൂപപ്പെടുത്താനും വായനക്കാരന് മുന്നിൽ തുറസ്സായ വഴി തെളിക്കാനും കഴിയുന്നത് “നിലപാടുകളുടെ” നിസ്തുലത വർധിപ്പിക്കുന്നു. അതിവൈകാരിക പ്രതികരണ ശൈലിയിൽ നിന്ന് വിഭിന്നമായി പ്രശ്‌നങ്ങളെ മാനവികമായി സമീപിച്ച് ശാസ്ത്ര യുക്തിയിലും ആത്മീയതയിലുമൂന്നി അവയെ അനാവരണം ചെയ്യുന്നു. അതേസമയം, സഹസ്രാബ്ദങ്ങളായി റാഡിക്കൽ ഫിലോസഫിയെയും ശാസ്ത്രയുക്തിയെയും പ്രാപിച്ച് മൂടുറച്ച ധാരണകളുടെയും പൂതലിച്ച വ്യവസ്ഥകളുടെയും അള്ളിപ്പിടുത്തത്തിൽ അകപ്പെട്ട ഒരു ജനതയെ മോചിപ്പിക്കാൻ ഇസ്‌ലാമിക ദർശനങ്ങൾക്ക് മാത്രമേ കഴിയൂ എന്ന ഗസ്സാലിയൻ ചിന്ത നമുക്കിവിടെ വായിക്കാം. സമകാലിക ലോകത്തിന്റെ പ്രതീക്ഷകളും പ്രതിസന്ധികളും തൊട്ടറിഞ്ഞ് പരിഹാരത്തിന്റെ പുതിയ ചിന്തകൾ ഉണർത്തുന്ന ഈ പുസ്തകം കാപിറ്റൽ ഇന്റർനാഷനൽ ബുക്‌സാണ് പ്രസിദ്ധീകരിച്ചത്. 180 രൂപയാണ് വില.
ആശിഖ് എൻ കെ കൂരാച്ചുണ്ട്
• ashikmuhammed180@gmail.com