Kerala
മോദി സ്തുതി: ശശി തരൂരിനെതിരെ നടപടിയില്ല

തിരുവനന്തപുരം: മോദി സ്തുതി നടത്തിയെന്ന ആരോപണത്തില്‍ ശശി തരൂരിനെതിരെ നടപടി ഇല്ല. തരൂരിന്റെ വിശദീകരണം അംഗീകരിച്ചതായി കെ പി സി സി അറിയിച്ചു. ഈ പശ്ചാത്തലത്തില്‍ വിവാദം അവസാനിപ്പിക്കാന്‍ പാര്‍ട്ടി നേതാക്കള്‍ക്ക് കെ പി സി സി നിര്‍ദേശം നല്‍കി . ഇതുസംബന്ധിച്ച കൂടുതല്‍ പ്രതികരണങ്ങളില്‍ നിന്ന് നേതാക്കള്‍ വിട്ടുനില്‍ക്കണം. വിവാദം തുടരുന്നത് എതിരാളികള്‍ക്ക് ആയുധമാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് തീരുമാനം.
പ്രധാന മന്ത്രി നരേന്ദ്ര മോദി ചെയ്യുന്ന നല്ല കാര്യങ്ങളെയും എതിര്‍ത്താല്‍ ജനങ്ങള്‍ക്കിടയില്‍ വിശ്വാസ്യത നഷ്ടമാകുമെന്ന ശശി തരൂരിരിന്റെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍ യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍, കെ മുരളീധരന്‍ എന്നിവര്‍ രംഗത്തെത്തിയിരുന്നു. പക്ഷേ തരൂര്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു.
മോദിയെ സ്തുതിച്ച് സംസാരിച്ചിട്ടില്ലെന്ന് വിശദീകരണം ആവശ്യപ്പെട്ട് കെ പി സി സി നല്‍കിയ കത്തിനുള്ള മറുപടിയില്‍ തരൂര്‍ വ്യക്തമാക്കിയിരുന്നു. മോദിയുടെ വലിയ വിമര്‍ശകനായ താന്‍ മോദിയെ സ്തുതിച്ചെന്ന കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നോട്ടീസിലെ പരാമര്‍ശം ആശ്ചര്യപ്പെടുത്തിയെന്ന് മറുപടിയില്‍ പറഞ്ഞു. മോദി ചെയ്ത നല്ല കാര്യങ്ങളെ നല്ലതെന്ന് പറയുക മാത്രമാണ് ചെയ്തത്. അങ്ങിനെ ചെയ്താലേ മോദിയെ വിമര്‍ശിക്കാനുമാകൂ. തന്റെ ഏതെങ്കിലും ഒരു പരാമര്‍ശം മോദി സ്തുതിയാണെന്ന് കാണിച്ച് തന്നാല്‍ നന്നാകും. വിശദീകരണം ആവശ്യപ്പെട്ട് മുല്ലപ്പള്ളി നല്‍കിയ കത്ത് ചോര്‍ന്നതില്‍ അതൃപ്തനായ തരൂര്‍ തന്റെ മറുപടിയും ചോര്‍ത്തണമെന്ന് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.