ചിന്മയാനന്ദിനെതിരെ പീഡന പരാതി ഉന്നയിച്ച ശേഷം കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി

Posted on: August 28, 2019 8:58 pm | Last updated: August 29, 2019 at 12:08 am

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ബി ജെ പി നേതാവുമായ സ്വാമി ചിന്മയാനന്ദിനെതിരെ പീഡന പരാതി ഉന്നയിച്ച ശേഷം കാണാതായ നിയമ വിദ്യാര്‍ഥിനിയെ കണ്ടെത്തി. പരാതിക്കാരി ന്യൂഡല്‍ഹിയിലുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. അഞ്ചു കോടി രൂപ ആവശ്യപ്പെട്ട് ചിന്മയാനന്ദിനെ വിളിച്ചിരുന്ന യുവാവിനൊപ്പം ദ്വാരകയിലെ ഹോട്ടലിലാണ് വിദ്യാര്‍ഥിയുള്ളതെന്ന് പോലീസ് അറിയിച്ചതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. സി സി ടി വി ദൃശ്യങ്ങളില്‍ നിന്നാണ് പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഷാജഹാന്‍പുര്‍ സ്വദേശികളായ ഇരുവരും ഹോട്ടലില്‍ നല്‍കിയ ആധാര്‍ കാര്‍ഡ് പോലീസ് കണ്ടെടുത്തു. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നാണ് പൊലീസ് ഇരുവരെയും കണ്ടെത്തിയത്.

സ്വാമി ചിന്മയാനന്ദ് ഡയറക്ടറായിട്ടുള്ള ഷാജഹാന്‍പൂരിലെ എസ് എസ് കോളജിലെ നിയമ വിദ്യാര്‍ഥിയാണ് പെണ്‍കുട്ടി. ചിന്മയാനന്ദ് പല പെണ്‍കുട്ടികളുടെയും ജീവിതം നശിപ്പിച്ചെന്നും തന്നെയും പീഡിപ്പിച്ചെന്നും വിദ്യാര്‍ഥിയുടെ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ചിന്മയാനന്ദിനെ കുടുക്കാനുള്ള തെളിവുകള്‍ തന്റെ പക്കലുള്ളതിനാല്‍ അദ്ദേഹം തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ആരോപിച്ച് പെണ്‍കുട്ടി വെള്ളിയാഴ്ച വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. തന്നെ സഹായിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും അപേക്ഷിക്കുകയും ചെയ്തിരുന്നു. പിന്നീടാണ് പെണ്‍കുട്ടിയെ കാണാതായത്. മകളെ കാണാനില്ലെന്ന് വ്യക്തമാക്കി പിതാവ് പരാതി നല്‍കിയതോടെ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.