Connect with us

Kerala

തുഷാറിന്റെ അപേക്ഷ കോടതി തള്ളി; കേസ് അവസാനിക്കാതെ യു എ ഇ വിടാനാവില്ല

Published

|

Last Updated

ദുബൈ: അജ്മാനില്‍ വണ്ടിച്ചെക്ക് കേസില്‍ കുടുങ്ങിയ തുഷാര്‍ വെള്ളാപ്പള്ളിക്ക് വീണ്ടും തിരിച്ചടി. യു എ ഇ സ്വദേശിയുടെ പാസ്‌പോര്‍ട്ട് സമര്‍പ്പിച്ച് നാട്ടില്‍ തിരിച്ചെത്താനുള്ള ശ്രമത്തിനാണ് തിരിച്ചടിയേറ്റത്. സ്വദേശിയുടെ പാസ്‌പോര്‍ട്ട് സമര്‍പ്പിച്ച് സ്വന്തം പാസ്‌പോര്‍ട്ട് തിരികെ നല്‍കണമെന്ന അപേക്ഷ കോടതി തള്ളുകയായിരുന്നു. ജാമ്യം ലഭിച്ചെങ്കിലും കേസ് നടപടികള്‍ അവസാനിക്കാതെ ഇനി തുഷാറിന് യു എ ഇ വിടാനാവില്ലെന്നതാണ് സ്ഥിതി. മധ്യസ്ഥരുടെ നേതൃത്വത്തില്‍ പരാതിക്കാരനുമായുള്ള ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ ദുബൈയില്‍ നടന്നുവരികയാണ്.

പരാതിക്കാരന്‍ നാസില്‍ അബ്ദുല്ല ആറുകോടി രൂപവേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നതാണ് ചര്‍ച്ചകളെ പ്രതിസന്ധിയിലാക്കുന്നത്. ആള്‍ജാമ്യമെടുത്ത് രാജ്യം വിട്ടാല്‍ കേസ് പരിഗണിക്കുമ്പോള്‍ തുഷാര്‍ തിരിച്ചുവരുമോയെന്ന കാര്യത്തിലും കേസിന്റെ എല്ലാ ബാധ്യതകളും ഏല്‍ക്കാന്‍ സ്വദേശിക്ക് കെല്‍പ്പുണ്ടോയെന്ന കാര്യവും ബോധ്യപ്പെടാത്ത സാഹചര്യത്തിലാണ് പ്രോസിക്യൂഷന്‍ തുഷാറിന്റെ അപേക്ഷ തള്ളിയത്.രണ്ട് ദിവസം കഴിഞ്ഞ് കോടതി കേസ് വീണ്ടും പരിഗണിക്കും
കോടതിക്ക് പുറത്തുള്ള ഒത്തുതീര്‍പ്പ് ശ്രമം വൈകുന്ന സാഹചര്യത്തിലാണ് യു എ ഇ പൗരന്റെ പാസ്‌പോര്‍ട്ട് സമര്‍പ്പിച്ച് തുഷാര്‍ യാത്രാവിലക്ക് മറികടക്കാന്‍ ശ്രമിച്ചത്.

നാസില്‍ ആവശ്യപ്പെടുന്ന ആറ് കോടി രൂപ നല്‍കാന്‍ കഴിയില്ലെന്ന നിലപാടിലാണ് തുഷാര്‍. ചെക്ക് കേസില്‍ വ്യാഴാഴ്ചയാണ് തുഷാര്‍ വെള്ളാപ്പള്ളി അജ്മാനില്‍ അറസ്റ്റിലായത്.

Latest