എല്‍ ഡി എഫ് സജ്ജം; പാലാ പിടിക്കാന്‍ മാണി സി കാപ്പന്‍- ശനിയാഴ്ച പത്രിക നല്‍കും

Posted on: August 28, 2019 5:02 pm | Last updated: August 28, 2019 at 9:00 pm

കോട്ടയം: മാണി സി കാപ്പന്‍ പാലായില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി എന്‍ സി പി ഔദ്യോഗികമായി പ്രഖ്യാപിച്ചു. എല്‍ ഡി എഫ് യോഗത്തിന് ശേഷം എന്‍ സി പി അധ്യക്ഷന്‍ തോമസ് ചാണ്ടി വാര്‍ത്താസമ്മേളനം നടത്തിയാണ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. ഇത് നാലാം തവണയാണ് കാപ്പന്‍ പാലായില്‍ ജനവിധി തേടുന്നത്.

പാര്‍ട്ടി ഒറ്റക്കെട്ടയാണ് മാണി സി കാപ്പന്റെ പേര് തീരുമാനിച്ചത്. തിരഞ്ഞെടുപ്പ് ചമുതലയുള്ള പാര്‍ട്ടിയിലെ പത്ത് അംഗങ്ങളും കാപ്പന്റെ പേര് മാത്രമാണ് ഉന്നയിച്ചത്. എന്‍ സി പി തീരപമാനം മുന്നണിയും അംഗീകരിക്കുകയായിരുന്നു. പാലായില്‍ കഴിഞ്ഞ തവണ ശക്തമായ മത്സരം കാഴ്ചവെക്കാന്‍ മാണി സി കാപ്പന് കഴിഞ്ഞു. 30000ത്തോളം വോട്ടിന് ജയിച്ചിരുന്ന കെ എം മാണിയുടെ ഭൂരിഭക്ഷം 5000ത്തില്‍ താഴെ എത്തിക്കാന്‍ മാണി സി കാപ്പന്‍ കഴിഞ്ഞു. കഴിഞ്ഞ മൂന്ന് തവണ മാണിക്കെതിരെ മത്സരിച്ചപ്പോഴും കടുത്ത മത്സരം കാപ്പന്‍ നടത്തിയെന്നും തോമസ് ചാണ്ടി പറഞ്ഞു.

വരുന്ന ശനിയാഴ്ച സ്ഥാനാര്‍ഥിയായി മാണി സി കാപ്പന്‍ തിരഞ്ഞെടുപ്പ് വരണാധികാരിക്ക് മുമ്പാകെ പത്രിക സമര്‍പ്പിക്കും. അടുത്തമാസം നാലിന് പാലായില്‍ എല്‍ ഡി എഫ് തിരഞ്ഞെടുപ്പ് മണ്ഡലം കണ്‍വന്‍ഷന്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഏകോപിക്കുന്നതിനായി എന്‍ സി പി മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി. തോമസ് ചാണ്ടി, പീതാംബരന്‍ മാസ്റ്റര്‍, എ കെ ശശീന്ദ്രന്‍ എന്നിവരാണ് സമിതിയിലുള്ളതെന്നും തോമസ് ചാണ്ടി പറഞ്ഞു.
വിശ്വാസികളാരും എല്‍ ഡി എഫിന് എതിരെ നില്‍ക്കില്ലെന്നും പാലായില്‍ ഉറച്ച വിജയ പ്രതീക്ഷയുണ്ടെന്നും തോമസ് ചാണ്ടി കൂട്ടിച്ചേര്‍ത്തു.

സ്വാതന്ത്ര്യ സമരത്തിന്റെ പാരമ്പര്യമുള്ള തറവാട്ടില്‍ നിന്നാണ് 63കാരനായ മാണി സി കാപ്പന്‍ പാലായെ ഇടത്തോട്ട് ചേര്‍ക്കാന്‍ രംഗത്തെത്തുന്നത്. ഒന്നര പതിറ്റാണ്ട് മുമ്പ് കാല്‍ ലക്ഷത്തോളം വോട്ടിനു ജയിച്ച കെ എം മാണിയുടെ ഭൂരിപക്ഷം മൂന്നുതവണ കൊണ്ട് നാലിലൊന്നായി ചുരുക്കിയതാണ് മാണി സി കാപ്പന്റെ ഇതുവരെയുള്ള നേട്ടം. മണ്ഡലത്തില്‍ വലിയ ബന്ധമുള്ള വ്യക്തിയാണ് മാണി സി കാപ്പന്‍. 2006 ലായിരുന്നു കാപ്പന്റെ ആദ്യമത്സരം. 2001ല്‍ ഉഴവൂര്‍ വിജയനെ 22301 വോട്ടിനു വീഴ്ത്തിയ വീറുമായിട്ടായിരുന്നു കെ എം മാണിയുടെ വരവ്. കാപ്പന്‍ നിയമസഭാ തിരെഞ്ഞെടുപ്പില്‍ പുതുമുഖവും. പ്രചാരണ രംഗത്ത് കനത്ത ഓളം സൃഷ്ടിച്ച കാപ്പന്‍ മാണിയുടെ ഭൂരിപക്ഷം 7751 ലേക്ക് താഴ്ത്തി.

2011ല്‍ മാണിയുടെ ഭൂരിപക്ഷം പിന്നെയും കുറച്ച് 5259 ലെത്തിച്ച കാപ്പന്‍ ഒടുവില്‍ 2016ലെ തിരഞ്ഞെടുപ്പില്‍ മാണിയെ വീഴ്ത്ത്തുമെന്ന് ഉറപ്പിച്ച മട്ടിലാണ് മുന്നേറിയത് . നന്നായി വിയര്‍ത്ത കെ എം മാണി 4703 വോട്ടിനാണ് കരകയറിയത്.

തിരുവിതാംകുര്‍, തിരുകൊച്ചി നിയമസഭാംഗവും ലോകസഭാ എം പിയും പാല നഗരസഭയുടെ ആദ്യ മുന്‍സിപ്പല്‍ ചെയര്‍മാനുമായിരുന്ന ചെറിയാന്‍ ജി കാപ്പന്റെ മകനായി 1956ലാണ് കാപ്പന്റെ ജനനം. പാല സെന്റ് തോമസ് എച്ച്എസിലും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, വടകര മഠപ്പള്ളി ഗവ. കോളേജ് എന്നിവിടങ്ങളിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

ഇന്ത്യന്‍ വോളിബോള്‍ ടീം അംഗമായിരുന്ന കാപ്പന് വോളിബോള്‍ കോര്‍ട്ടില്‍ എന്നും ആക്രമണ നിരയിലായിരുന്നു സ്ഥാനം. ജിമ്മി ജോര്‍ജിന്റെയും ബ്ലസ്ന്റ് ജോര്‍ജിന്റെയും അബദുള്‍ ബാസിദിന്റെയും ഒപ്പം വോളിബോള്‍ കളിച്ച താരമാണ് മാണി സി കാപ്പന്‍. നിരവധി സിനിമകളുടെ നിര്‍മാതാവായും കാപ്പന്‍ ശ്രദ്ധിക്കപ്പെട്ടു.

കോണ്‍ഗ്രസ് എസിലൂടെയായിരുന്നു രാഷ്ട്രീയപ്രവേശം. കോണ്‍ എസ് എന്‍സിപിയില്‍ ലയിച്ചതോടെ എന്‍സിപിയിലെത്തി. 99 മുതല്‍ സംസ്ഥാന ട്രഷററാണ്. ഇപ്പോള്‍ അഖിലേന്ത്യാ വര്‍ക്കിംഗ്് കമ്മിറ്റി അംഗവും.