Kerala
തരൂര്‍-മുരളീധരന്‍ വാക്‌പോര് തുടരുന്നു; കരുണാകര കുടുംബത്തിന് മാര്‍ക്കിടാന്‍ തരൂര്‍ ആയിട്ടില്ലെന്ന് മുരളീധരന്‍

തിരുവനന്തപുരം: മോദി സ്തുതി തുടര്‍ന്നാല്‍ ശശി തരൂര്‍ എംപിയെ ബഹിഷ്‌ക്കരിക്കേണ്ടിവരുമെന്ന് കെ മുരളീധരന്‍ എംപി. കരുണാകര കുടുംബത്തിന്റെ രാഷ്ട്രീയ പാരമ്പര്യത്തിന് മാര്‍ക്കിടാന്‍ തരൂര്‍ വളര്‍ന്നിട്ടില്ലെന്നും മുരളീധരന്‍ ആരോപിച്ചു. തന്നോട് ബിജെപിയില്‍ ചേരാന്‍ പറഞ്ഞ മുരളീധരന്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തിയിട്ട് എട്ട് വര്‍ഷമെ ആയിട്ടുള്ളുവെന്ന് തരൂര്‍ പറഞ്ഞിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു മുരളീധരന്‍.
മലയാള പത്രം വായിക്കാത്തത് കൊണ്ടാണ് തരൂരിന് തന്റെ മടങ്ങി വരവ് അറിയാത്തത്. തരൂര്‍ കേരളത്തെ മനസിലാക്കാന്‍ തുടങ്ങിയിട്ട് എട്ട് കൊല്ലമെ ആയിട്ടുള്ളു. അതുകൊണ്ടാണ് തന്റെ കോണ്‍ഗ്രസ് പാരമ്പര്യം അറിയാത്തത്. പറഞ്ഞതിലെ തെറ്റ് തരൂര്‍ മനസിലാക്കണം. പാര്‍ട്ടി ലേബലില്‍ ജയിച്ചയാള്‍ പാര്‍ട്ടി നയങ്ങള്‍ അനുസരിക്കണം. കരുണാകര കുടുംബം സംഘികളുമായി ഒരു ധാരണയും ഉണ്ടാക്കിയിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു.