ഇന്ത്യക്കെതിരെ പുതിയ നടപടികളുമായി പാക്കിസ്ഥാന്‍; വ്യോമ, റോഡ് പാതകള്‍ അടക്കും

Posted on: August 27, 2019 9:42 pm | Last updated: August 28, 2019 at 9:51 am

ന്യൂഡല്‍ഹി: ഇന്ത്യക്കെതിരെ പുതിയ നടപടികള്‍ക്കു പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആലോചിക്കുന്നതായി പാക്കിസ്ഥാനിലെ ശാസ്ത്ര സാങ്കേതിക മന്ത്രി ഫവാദ് ഹുസൈന്‍. ഇന്ത്യയിലേക്കുള്ള വ്യോമ, റോഡ് മാര്‍ഗമടക്കമുള്ള എല്ലാ പാതകളും അടച്ചുപൂട്ടുന്ന കാര്യം പാക്കിസ്ഥാന്റെ പരിഗണനയിലാണ്. അഫ്ഗാനിസ്ഥാനിലേക്ക് പാക്കിസ്ഥാനിലൂടെ ഇന്ത്യ നടത്തുന്ന വ്യാപാരം തടയുന്നതടക്കമുള്ള കാര്യങ്ങളും ഇമ്രാന്‍ ഖാന്റെ പരിഗണനയിലാണെന്നും മന്ത്രി ട്വീറ്റ് ചെയ്തു.

കരമാര്‍ഗം പാക്കിസ്ഥാനിലൂടെ അഫ്ഗാനിസ്ഥാനിലേക്കുള്ള ബന്ധം തടയുന്നതാണു പരിഗണിക്കുന്നത്. പാക്ക് മന്ത്രിസഭാ യോഗത്തിലും ഈ വിഷയം ഉയര്‍ന്നു. ഈ തീരുമാനങ്ങളുടെ നിയമപരമായ വശങ്ങളാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. മോദി തുടങ്ങിയത് ഞങ്ങള്‍ അവസാനിപ്പിക്കും എന്ന ടാഗോടെയാണ് മന്ത്രിയുടെ ട്വീറ്റ്. . ഓഗസ്റ്റ് അഞ്ചിന് കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ റദ്ദാക്കിയതിനു പിന്നാലെയാണു പാക്കിസ്ഥാന്റെ പുതിയ നീക്കങ്ങള്‍. കശ്മീര്‍ വിഷയത്തില്‍ രാജ്യാന്തര പിന്തുണ നേടിയെടുക്കുന്നതില്‍ പാക്കിസ്ഥാന്‍ പരാജയപ്പെട്ടിരുന്നു.

കശ്മീര്‍ വിഷയത്തില്‍ പിന്തുണ അഭ്യര്‍ഥിച്ച് യുഎന്‍ രക്ഷാസമിതിയെ വരെ പാക്കിസ്ഥാന്‍ സമീപിച്ചിരുന്നു. എന്നാല്‍ കശ്മീര്‍ ഉഭയകക്ഷി പ്രശ്‌നമാണെന്ന ഇന്ത്യയുടെ നിലപാടിനൊപ്പമാണു രക്ഷാസമിതിയിലെ ഭൂരിഭാഗം അംഗങ്ങളും നിലകൊണ്ടത്. ബാലാക്കോട്ടിലെ ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യന്‍ വ്യോമസേന തകര്‍ത്തതിനു പിന്നാലെ കഴിഞ്ഞ ഫെബ്രുവരിയില്‍ പാക്കിസ്ഥാന്‍ വ്യോമപാത അടച്ചിരുന്നു. ജൂലൈയിലാണ് ഇതുവഴിയുള്ള വ്യോമഗതാഗതം സാധാരണഗതിയിലായത്. ഇതിന് പിറകെയാണ് പുതിയ നടപടികളിലേക്ക് പാക്കിസ്ഥാന്‍ പ്രവേശിക്കാനൊരുങ്ങുന്നത്.