ബാലഭാസ്‌കറിന്റെ മരണം: സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് മുഖ്യമന്ത്രിയെ കണ്ടു

Posted on: August 27, 2019 5:54 pm | Last updated: August 27, 2019 at 8:33 pm

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ സി ബി ഐ അന്വേഷണം വേണമെന്ന് പിതാവ് കെ സി ഉണ്ണി മുഖ്യമന്ത്രിയെ കണ്ട് ആവശ്യപ്പെട്ടു. കേസില്‍ ഗൂഢാലോചനയുണ്ടെന്ന് വിശ്വസിക്കുന്നതായി അദ്ദേഹം മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ പറഞ്ഞു. സര്‍ക്കാരിന്റെ നിലപാട് അറിഞ്ഞ ശേഷം കോടതിയെ സമീപിക്കുന്നത് ആലോചിക്കുമെന്നും കെ സി ഉണ്ണി പറഞ്ഞു. അമിത വേഗതയില്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം തെറ്റി മരത്തില്‍ ഇടിച്ചുണ്ടായ അപകടത്തിലാണ് ബാലഭാസ്‌ക്കര്‍ മരിച്ചതെന്നും അതുകൊ ണ്ടു തന്നെ സംഭവത്തില്‍ അസ്വാഭാവികതയില്ലെന്നുമാണ് ക്രൈം ബ്രാഞ്ചിന്റെ നിഗമനം.

അതേസമയം, വാഹനാപകടം നടക്കുമ്പോള്‍ കാറോടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുനായിരുന്നുവെന്ന് ക്രൈം ബ്രാഞ്ച് സ്ഥിരീകരിച്ചിട്ടുണ്ട്. ശാസ്ത്രീയ തെളിവുകളും സാക്ഷി മൊഴികളും അടിസ്ഥാനമാക്കിയാണ് ക്രൈം ബ്രാഞ്ച് ഈ നിഗമനത്തിലെത്തിയത്. കാറോടിച്ചത് ബാലഭാസ്‌കറാണെന്ന് ഡ്രൈവറായ അര്‍ജുനും ബാലഭാസ്‌കര്‍ പിറകിലെ സീറ്റിലായിരുന്നുവെന്ന് ഭാര്യയായ ലക്ഷ്മിയും പോലീസിന് മൊഴി നല്‍കിയിരുന്നു. പോലീസിനും ക്രൈം ബ്രാഞ്ചിനും ഇതേ മൊഴി തന്നെയാണ് ഇരുവരും നല്‍കിത്. എന്നാല്‍, അര്‍ജുന്റെ മൊഴി കള്ളമാണെന്ന് കൂടുതല്‍ വിശദമായ അന്വേഷണത്തില്‍ വ്യക്തമാവുകയായിരുന്നു.