പ്രധാന മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ വസതിയിലെത്തി; കുടുംബത്തെ അനുശോചനമറിയിച്ചു

Posted on: August 27, 2019 12:45 pm | Last updated: August 27, 2019 at 2:34 pm

ന്യൂഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോദി അന്തരിച്ച മുന്‍ കേന്ദ്ര മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ വസതിയിലെത്തി. ജയ്റ്റ്‌ലിയുടെ കുടുംബത്തെ അദ്ദേഹം അനുശോചനം അറിയിച്ചു. ജയ്റ്റ്‌ലിയുടെ മരണ സമയത്ത് ഔദ്യോഗിക വിദേശ പര്യടനത്തിലായിരുന്നതിനാല്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പ്രധാന മന്ത്രിക്കു സാധിച്ചിരുന്നില്ല.

ഞായറാഴ്ച രാത്രിയാണ് മൂന്നു രാഷ്ട്രങ്ങളിലെ പര്യടനം മോദി പൂര്‍ത്തിയാക്കിയത്. ഫ്രാന്‍സില്‍ നടന്ന ജി ഏഴ് ഉച്ചകോടിയിലും പങ്കെടുത്ത ശേഷം ഇന്ന് അതിരാവിലെയാണ് രാജ്യ തലസ്ഥാനത്ത് മടങ്ങിയെത്തിയത്. പിന്നീട് ജയ്റ്റ്‌ലിയുടെ കുടുംബത്തെ കാണുന്നതിനായി ദക്ഷിണ ഡല്‍ഹിയിലെ വസതിയിലേക്ക് തിരിക്കുകയായിരുന്നു. ജയ്റ്റ്‌ലിയുടെ ഭാര്യ സംഗീത, മക്കളായ രോഹന്‍, സോനാലി എന്നിവരെ അദ്ദേഹം അനുശോചനമറിയിച്ചു. 40 മിനുട്ടോളം പ്രധാന മന്ത്രി മുന്‍ കേന്ദ്ര മന്ത്രിയുടെ കുടുംബത്തോടൊപ്പം ചെലവഴിച്ചു.

ബി ജെ പിയുടെ ഉന്നത നേതാക്കളിലൊരാളായ ജയ്റ്റ്‌ലി ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് എയിംസ് ആശുപത്രിയില്‍ വച്ച് അന്തരിച്ചത്.