ഇസ്‌റാഈല്‍ പ്രധാനമന്ത്രി ഇന്ത്യയിലേക്ക്; പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍ക്ക് സാധ്യത

Posted on: August 27, 2019 10:08 am | Last updated: August 27, 2019 at 6:00 pm

ന്യൂഡല്‍ഹി: ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടുത്ത മാസം ആദ്യം ഇന്ത്യ സന്ദര്‍ശിക്കും. പ്രതിരോധ മേഖലയിലെ സുപ്രധാന കരാറുകള്‍ ഉള്‍പ്പെടെ വിവിധ കരാറുകളില്‍ ഒപ്പുവെക്കുമെന്നാണ് സൂചന. ജല ശുചീകരണം, മാലിന്യ നിര്‍മാര്‍ജനം, കൃഷി തുടങ്ങിയ മേഖലകളിലും കരാര്‍ ഒപ്പിട്ടേക്കും.

വ്യോമാക്രമണങ്ങള്‍ മുന്‍കൂട്ടി കണ്ട് തടയാന്‍ സഹായിക്കുന്ന എയര്‍ബോണ്‍ ഏര്‍ലി വാണിംഗ് ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റം (അവാക്‌സ്) വാങ്ങുന്നതാണ് പ്രതിരോധ കരാറില്‍ മുഖ്യം. നിലവില്‍ ഇന്ത്യയുടെ പക്കല്‍ അഞ്ച് അവാസ് സംവിധാനമുണ്ട്. പുതുതായി രണ്ടെണ്ണം കൂടി വാങ്ങുന്നതിനാണ് കരാര്‍ ഒപ്പുവെക്കുന്നത്. 70 കിലോമീറ്ററാണ് ഇതിന്റെ ആക്രമണ ശേഷി. 200 കോടി ഡോളറിന്റെതാണ് ഇടപാട്. വ്യോമാക്രമണത്തിന് ഉപയോഗിക്കുന്ന എയര്‍ ടു എയര്‍ മിസൈലല്‍ ഡര്‍ബിയുടെ പുതിയ പതിപ്പ് വാങ്ങുന്നതിനും കരാര്‍ ഒപ്പിട്ടേക്കും.

നെതന്യാഹുവിന്റെ സന്ദര്‍ശന തീയതി നിശ്ചയിച്ചിട്ടില്ല. ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാന്‍ ഇസ്‌റാഈലില്‍ നിന്നുള്ള ഉന്നത സംഘം സെപ്തംബര്‍ രണ്ടിന് ഇന്ത്യയിലെത്തും.