Connect with us

Editorial

വീണ്ടും മുറുകുന്ന വ്യാപാര യുദ്ധം

Published

|

Last Updated

ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര യുദ്ധം എല്ലാ പരിധികളും ലംഘിച്ച് ശക്തമാകുകയാണ്. ബഹിഷ്‌കരണത്തിലേക്കും വിലക്കിലേക്കുമൊക്കെ കാര്യങ്ങള്‍ നീങ്ങുന്നു. ആഗോള സാമ്പത്തിക രംഗം മറ്റൊരു മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുന്ന ഘട്ടത്തിലാണ് ഈ വന്‍ ശക്തികള്‍ അപകടകരമായ യുദ്ധം തുടരുന്നത്. ഒരു അന്താരാഷ്ട്ര സംവിധാനത്തിനും ഈ രാജ്യങ്ങള്‍ക്കിടയില്‍ അനുരഞ്ജനത്തിന്റെ വെളിച്ചം കടത്തി വിടാന്‍ സാധിക്കുന്നില്ല. പരസ്പരാശ്രിത സമ്പദ്‌വ്യവസ്ഥകളാണ് ഇന്ന് ലോകത്ത് നിലനില്‍ക്കുന്നത്. അതുകൊണ്ട് അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം അവയെ മാത്രം ബാധിക്കുന്ന ഉഭയകക്ഷി വിഷയമല്ല.

ചൈനയിലുള്ള അമേരിക്കന്‍ കമ്പനികള്‍ പ്രവര്‍ത്തനം മതിയാക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ് ട്രംപ്. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ ചൈന വീണ്ടും നികുതി ചുമത്തിയതിനെ തുടര്‍ന്നാണ് ട്രംപിന്റെ നിലപാട്. സ്വകാര്യ കമ്പനികളോട് ഒരു രാജ്യത്തുനിന്ന് പ്രവര്‍ത്തനം മതിയാക്കാനുള്ള ഉത്തരവിടാന്‍ അമേരിക്കന്‍ പ്രസിഡന്റിന് അധികാരമുണ്ടോയെന്ന ചോദ്യം ഉയരുന്നുണ്ട്. അതെന്തായാലും വ്യാപാര യുദ്ധം കൂടുതല്‍ രൂക്ഷവും വിശാലവുമാക്കുന്ന പ്രഖ്യാപനമാണ് ട്രംപ് ട്വിറ്റര്‍ വഴി നടത്തിയത്. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ ചൈന അതിഭീമമായ തീരുവ ചുമത്തുന്നുവെന്നാരോപിച്ച് ചൈനീസ് ഉത്പന്നങ്ങള്‍ക്ക് മേല്‍ ട്രംപ് കൂടുതല്‍ തീരുവ ചുമത്തിയിരുന്നു. ഇതിന് പിന്നാലെ ചൈന വീണ്ടും നികുതി ഉയര്‍ത്തി. 75 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് മേലാണ് ചൈന പിഴ താരിഫ് ചുമത്തുമെന്ന് പ്രഖ്യാപിച്ചത്. ഇതിന് മറുപടിയായി 250 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന ചൈനീസ് ഉത്പന്നങ്ങള്‍ക്കുള്ള ഇറക്കുമതി തീരുവ അമേരിക്ക 25 ശതമാനത്തില്‍ നിന്ന് 30 ശതമാനമാക്കി.

തീവ്ര ദേശീയത രാഷ്ട്രീയ ആയുധമായി എക്കാലവും ഉപയോഗിക്കുന്ന ട്രംപ് ചൈനയോടുള്ള സാമ്പത്തിക ശത്രുത പരമാവധി കത്തിച്ച് നിര്‍ത്തുകയാണ്. “ചൈനയില്ലെങ്കില്‍ അമേരിക്കക്ക് ഒന്നും സംഭവിക്കില്ല. നേരത്തേയുള്ള ഭരണാധികാരികളെപ്പോലെയല്ല താന്‍. അമേരിക്കയെ കാലങ്ങളായി പറ്റിച്ചു കൊണ്ടിരിക്കുകയായിരുന്നു ചൈന. അതിന് അവരെ അനുവദിച്ചപ്പോള്‍ അനുഭവിച്ചത് അമേരിക്കന്‍ നികുതി ദായകരാണ്”… ഇങ്ങനെ പോകുന്നു ട്രംപിന്റെ ട്വീറ്റുകള്‍. എന്നാല്‍ ഒന്നും സംഭവിക്കില്ലെന്ന ട്രംപിന്റെ അവകാശവാദം പൊള്ളയാണെന്ന് കഴിഞ്ഞ ദിവസം മാര്‍ക്കറ്റിലുണ്ടായ ചലനങ്ങള്‍ മാത്രം നോക്കിയാല്‍ മതി. വന്‍ ഇടിവാണ് ഏഷ്യന്‍ മാര്‍ക്കറ്റുകളിലും യു എസ്, യൂറോപ്യന്‍ സൂചികകളിലും ഉണ്ടായത്. ചൈനീസ് ഉത്പന്നങ്ങളില്ലാതെ അമേരിക്കക്ക് മുന്നോട്ട് പോകാനാകാത്തവിധം ആ രാജ്യത്തിന്റെ ഉപഭോക്തൃ മേഖല “ചൈനീസ്‌വത്കരി”ക്കപ്പെട്ടിരിക്കുന്നുവെന്നത് ഒരു വസ്തുതയാണ്. ചൈനീസ് ഉത്പന്നങ്ങളെ വിലക്കുന്ന നടപടി ഈ നിലയിലാണ് പോകുന്നതെങ്കില്‍ വന്‍ വിലക്കയറ്റമാകും യു എസ് വിപണിയില്‍ ഉണ്ടാകുക. ചൈനയിലെ യു എസ് കമ്പനികളെ തിരിച്ചു വിളിക്കുന്നത് പോലുള്ള ഭ്രാന്തന്‍ നയങ്ങളിലേക്ക് പോകുന്നതോടെ സ്ഥിതി കൂടുതല്‍ വഷളാകും.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ഒന്നിന് അമേരിക്ക സ്റ്റീല്‍, അലൂമിനിയം ഇറക്കുമതിക്ക് 25 ശതമാനം തീരുവ പ്രഖ്യാപിച്ചതോടെയാണ് പുതിയ പോര് തുടങ്ങിയതെന്ന് പറയാം. ലോകത്തിന്റെ ഉരുക്കു നിര്‍മാണത്തിന്റെ പകുതിയും വരുന്നത് പെന്‍സില്‍വാനിയയിലെ ഉരുക്കു ഫാക്ടറികളില്‍ നിന്നാണ്. ചൈനയില്‍ നിന്നുള്ള ഉരുക്കു ഇറക്കുമതി വ്യാപകമായതോടെ ഈ ഫാക്ടറികള്‍ പ്രതിസന്ധിയിലായെന്ന ന്യായമാണ് ട്രംപ് ഭരണകൂടം മുന്നോട്ട് വെച്ചത്. എന്നാല്‍ ട്രംപ് കൊണ്ടുവന്ന അമേരിക്ക ഫസ്റ്റ് എന്ന പ്രൊട്ടക്ഷനിസ്റ്റ് നയത്തിന്റെ ഭാഗമാണ് ഇതെന്നും അന്താരാഷ്ട്ര കരാറുകളും മര്യാദകളും ട്രംപ് കാറ്റില്‍ പറത്തിയിരിക്കുന്നുവെന്നും ചൈന പ്രതികരിച്ചു. ഏപ്രില്‍ ഒന്ന് മുതല്‍ വൈന്‍, ഇറച്ചി, പഴം തുടങ്ങി 125 യു എസ് ഉത്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിച്ചു കൊണ്ട് തിരിച്ചടിക്കുകയും ചെയ്തു. ഏപ്രില്‍ മൂന്നിന് തന്നെ ട്രംപിന്റെ മറുവെടി മുഴങ്ങി. ഇലക്‌ട്രോണിക് ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് 25 ശതമാനം ചുങ്കം കൂട്ടി. മൊത്തം 1,333 ഉത്പന്നങ്ങളെയാണ് ഇത് ബാധിച്ചത്.

ഏറ്റുമുട്ടുന്നത് ചൈനയും അമേരിക്കയുമാണെങ്കിലും പ്രത്യാഘാതം എല്ലാവരും ചേര്‍ന്ന് അനുഭവിക്കേണ്ടി വരുന്നുവെന്നതാണ് വ്യാപാര യുദ്ധത്തിന്റെ അപകടം. ഇപ്പറഞ്ഞ ഉത്പന്നങ്ങളെല്ലാം ബ്രിട്ടന്‍, ഫ്രാന്‍സ്, കാനഡ, ജപ്പാന്‍ തുടങ്ങിയ വികസിത രാജ്യങ്ങളും ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളും ഉത്പാദിപ്പിക്കുന്നുണ്ട്. ഇവ തമ്മിലൊക്കെ അമേരിക്കയും ചൈനയും പല നിലകളിലുള്ള കരാറുകളുമുണ്ട്. ഈ യുദ്ധത്തില്‍ എല്ലാവര്‍ക്കും ചോര പൊടിയുന്നുവെന്നര്‍ഥം. അതുകൊണ്ട് തന്നെ മറ്റെല്ലാ ചട്ടമ്പിത്തരങ്ങള്‍ക്കും കൂടെ നില്‍ക്കുന്ന ബ്രിട്ടനും ഫ്രാന്‍സുമെല്ലാം ട്രംപിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നു. ചൈനീസ് സുഹൃത്തുക്കളായ റഷ്യയും ഇറാനും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും സി ജിന്‍പിംഗിനെയും വിമര്‍ശിക്കുന്നു. ആഗോളവത്കരണം മേധാവിത്വത്തിന്റെ ആഗോളവത്കരണമായിരുന്നുവെങ്കില്‍ അതിനേക്കാള്‍ അപകടകരമായ പ്രവണതയാണ് അമേരിക്ക ഫസ്റ്റ് പോലുള്ള അടച്ചിടല്‍ നയം. ഉത്പാദന രംഗത്ത് വെല്ലുവിളിയുയര്‍ത്തി നിരവധി സമ്പദ്‌വ്യവസ്ഥകള്‍ ഉയര്‍ന്നു വരികയും അപ്രതീക്ഷിതമായ കോണില്‍ നിന്നു പോലും കടുത്ത മത്സരം വരികയും ചെയ്യുമ്പോള്‍ മുതലാളിത്ത രാജ്യങ്ങള്‍ മറു വഴി തേടുന്നുവെന്നാണ് ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്. ലോകത്തെ ഒന്നാം നമ്പര്‍ ശക്തിയാകാന്‍ കുതിക്കുന്ന ചൈനയുടെ വെല്ലുവിളി ഇറക്കുമതി തീരുവയുടെ സംരക്ഷണ ഭിത്തി ഉയര്‍ത്തിക്കൊണ്ട് പ്രതിരോധിക്കാനാണ് ട്രംപ് ശ്രമിക്കുന്നത്. കറന്‍സി മൂല്യത്തില്‍ തിരിമറി നടത്തിയും തീരുവ കൂട്ടിയും അമേരിക്കയെ വെല്ലുവിളിക്കുന്ന ചൈനയും കൈവിട്ട കളിയിലാണ്. ചൈനയുടെ ശക്തി കുടികൊള്ളുന്നത് ലോകത്താകെ പരക്കുന്ന അവരുടെ ഉത്പന്നങ്ങളിലാണ്. നൈപുണ്യമല്ല, വസ്തുക്കളാണ് അവര്‍ കയറ്റിയയക്കുന്നത്. എല്ലാ രാജ്യങ്ങളും മേഡ് ഇന്‍ ചൈന ഉത്പന്നങ്ങളോട് തീരുവാ യുദ്ധം പ്രഖ്യാപിച്ചാല്‍ എല്ലാ അഹംഭാവവും നിലക്കും. അതുകൊണ്ട് ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതാണ് എല്ലാവര്‍ക്കും നല്ലത്.

---- facebook comment plugin here -----

Latest