Kerala
പാലായിൽ സാധ്യത മാണി സി കാപ്പന് തന്നെ

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിൽ സീറ്റുപിടിക്കാനൊരുങ്ങി മുന്നണികൾ. എൻ സി പി യുടെ സിറ്റിംഗ് സീറ്റായ പാലായിൽ ഇത്തവണയും പാർട്ടി സ്ഥാനാർഥി തന്നെ മത്സരിക്കും. എൻ സി പി സ്ഥാനാർഥിയായി പാലായിൽ മൂന്ന് തവണ കെ എം മാണിക്ക് എതിരെ മത്സരിച്ച മാണി സി കാപ്പന്റെ പേര് തന്നെയാണ് ഉയർന്നു കേൾക്കുന്നത്. കാലങ്ങളായി പാലാ സീറ്റ് എൻ സി പിക്ക് തന്നെയാണ് നൽകിയിരുന്നത്.
എന്നാൽ എൻ സി പിയിൽ ഉടലെടുത്തിരിക്കുന്ന ചേരിപ്പോര് പാലാ ഉപതിരഞ്ഞെടുപ്പിൽ ആശങ്കക്ക് വകവെക്കാതിരിക്കാൻ ഇടത് മുന്നണി ഇടപെടൽ ഉണ്ടാകും. ബുധനാഴ്ച ചേരാനിരിക്കുന്ന എൻ സി പി നേതൃയോഗത്തിന് ശേഷം മാത്രമേ സ്ഥാനാർഥിയെ സംബന്ധിച്ച് വ്യക്തത ലഭിക്കുകയുള്ളൂ.
പാർട്ടിയിലെ പടലപ്പിണക്കങ്ങൾ മാറ്റിവെച്ച് മാണി സി കാപ്പനെ തന്നെ സ്ഥാനാർഥിയാക്കാൻ എൻ സി പിയിൽ ധാരണയായിട്ടുണ്ടെന്നാണ് സൂചന. മാണി സി കാപ്പന്റെ പാലായിലെ സ്വാധീനം, കഴിഞ്ഞ മൂന്ന് തവണ നടന്ന തിരഞ്ഞെടുപ്പിൽ കെ എം മാണിയുടെ ഭൂരിപക്ഷം കുറക്കാനായത് തുടങ്ങിയ സാധ്യതകൾ കണക്കിലെടുത്ത് അദ്ദേഹത്തെ തന്നെ സ്ഥാനാർഥിയാക്കാനാണ് സാധ്യത. മാണി സി കാപ്പൻ മത്സര രംഗത്തെത്തിയാൽ യു ഡി എഫിന്റെ വിജയം എളുപ്പമായിരിക്കില്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
കേരള കോൺഗ്രസിനുള്ളിൽ ഉടലെടുത്തിരിക്കുന്ന പടലപ്പിണക്കം തിരഞ്ഞെടുപ്പിൽ വോട്ടുകളുടെ അടിയൊഴുക്കൾക്ക് കാരണമാകും. ഈ വോട്ടുകൾ തങ്ങളുടെ പാളയത്തിലെത്തുമെന്ന പ്രതിക്ഷയിലാണ് ഇടതുപക്ഷം.
തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ സി പി എം പ്രവർത്തനം സജീവമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഏറ്റ പരാജയം മറികടക്കാനുള്ള അവസരമായിട്ടാണ് പാലാ ഉപതിരഞ്ഞെടുപ്പിനെ എൽ ഡി എഫ് കാണുന്നത്.
തിരഞ്ഞെടുപ്പിന് മുന്നോടിയായി സി പി എം ജില്ലാ നേതൃയോഗം പാലായിൽ നടന്നു. ജില്ലാ സെക്രട്ടറി വി എൻ വാസവൻ അടക്കമുള്ള നേതാക്കൾ പങ്കെടുത്തു. എന്നാൽ 28ന് തിരുവനന്തപുരത്ത് നടക്കുന്ന എൻ സി പി സംസ്ഥാന കമ്മിറ്റി യോഗത്തിലായിരിക്കും സ്ഥാനാർഥിയെ സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകുക. തുടർന്ന് സ്ഥാനാർഥി പ്രഖ്യാപനവുമുണ്ടാകുമെന്നാണറിയുന്നത്.
മാണി സാറിന് പിൻഗാമിയായി ആരുവന്നാലും പാലായിൽ എൽ ഡി എഫ് വിജയിക്കുമെന്ന് ശുഭാപ്തി വിശ്വാസമുണ്ടെന്ന് സി പി എം ജില്ലാ സെക്രട്ടറി വി എൻ വാസവൻ പറഞ്ഞു.