Connect with us

Ongoing News

എറിഞ്ഞിട്ടു, ഇന്ത്യക്ക് വന്‍ ജയം

Published

|

Last Updated

ആന്റിഗ്വെ ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസിനെതിരെ വിക്കറ്റിനായി അപ്പീല്‍ ചെയ്യുന്ന ഇന്ത്യന്‍ ടീം

ആന്റിഗ്വ: വിന്‍ഡീസിനെ എറിഞ്ഞിട്ടു. ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് 318 റണ്‍സിന്റെ ജയം. ഇന്ത്യയുയര്‍ത്തിയ 419 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ വെസ്റ്റ് ഇന്‍ഡീസിന്റെ പോരാട്ടം 100 റണ്‍സില്‍ ഒതുങ്ങുകയായിരുന്നു. എട്ടോവറില്‍ വെറും ഏഴു റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് പിഴുത ജസ്പ്രീത് ബുംറയാണ് വെസ്റ്റ് ഇന്‍ഡീസിന്റെ നടുവൊടിച്ചത്. ഇഷാന്ത് ശര്‍മ 9.5 ഓവറില്‍ 31 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി ഫോം തുടര്‍ന്നു. ആദ്യ ഇന്നിംഗ്‌സില്‍ഇഷാന്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു. മുഹമ്മദ് ഷമി രണ്ട് വിക്കറ്റ് വീഴ്ത്തി. ക്രെയ്ഗ് ബ്രാതൈ്വറ്റ് (1),ജോണ്‍ കാംപെല്‍ (7), ഷമാ ബ്രൂക്‌സ് (2), ഡാരന്‍ ബ്രാവോ (2), ഷിംറോണ്‍ ഹെയ്മര്‍ (1), റോസ്റ്റന്‍ ചേസ് (12), ഷായ് ഹോപ് (2), ജാസന്‍ ഹോള്‍ഡര്‍ (8), കെമാര്‍ റോച (38), ഷാനോന്‍ഗബ്രിയേല്‍ (0), മിഗ്വേല്‍ കുമിന്‍സ് (19 നോട്ടൗട്ട്) എന്നിങ്ങനെയാണ് വിന്‍ഡീസിന്റെ രണ്ടാം ഇന്നിംഗ്‌സ് സ്‌കോറിംഗ്.

നേരത്തെ രണ്ടാമിന്നിംഗ്‌സില്‍ 343 റണ്‍സ് കൂട്ടിച്ചേര്‍ത്തതിന് പിന്നാലെ ഇന്ത്യ ഡിക്ലയര്‍ ചെയ്തിരുന്നു.
ഇന്ത്യന്‍ സ്‌കോറിംഗിന് ചുക്കാന്‍ പിടിച്ചതാകട്ടെ കോലിയും രഹാനെയും. ഒപ്പം ഹനുമാ വിഹാരിയും. കോലി – രഹാനെ കൂട്ടുകെട്ട് മൂന്നാം ദിനം മൂന്നിന് 81 എന്ന നിലയ്ക്ക് നിന്നും ഇന്ത്യയെ കൈപിടിച്ചുയര്‍ത്താന്‍ കോലി – രഹാനെ കൂട്ടുകെട്ടിന് കഴിഞ്ഞു. നിര്‍ണായകമായ നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 106 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡില്‍ കുറിച്ചത്. ഇതോടെ മറ്റൊരു റെക്കോര്‍ഡ് കൂടി കോലി -– രഹാനെ സഖ്യം സ്വന്തം പേരില്‍ ചാര്‍ത്തി. ഇന്ത്യന്‍ ടെസ്റ്റ് ചരിത്രത്തില്‍ എട്ട് തവണയാണ് കോലിയും രഹാനെയും നാലാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ട് തികച്ചിരിക്കുന്നത്. ഇതോടെ നാലാം വിക്കറ്റില്‍ കൂടുതല്‍ തവണ സെഞ്ചുറി പാര്‍ട്ണര്‍ഷിപ്പ് കണ്ടെത്തിയ ഇന്ത്യന്‍ സഖ്യമായി മാറി കോലി –- രഹാനെ ജോഡി.

മുമ്പ് സച്ചിന്‍ തെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയുമായിരുന്നു ഈ റെക്കോര്‍ഡിന് ഉടമസ്ഥര്‍. ഇരുവരും ഏഴു തവണ നാലാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ട് കണ്ടെത്തിയിട്ടുണ്ട്.
കോലിയും രഹാനെയും ചേര്‍ന്ന് ഒന്‍പതു തവണയാണ് സെഞ്ചുറി പങ്കാളിത്തം കുറിച്ചിട്ടുള്ളത്. മൂന്നാം ദിനം റോസ്റ്റണ്‍ ചേസും കെമാര്‍ റോച്ചും കൂടി ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ വരിഞ്ഞുമുറുക്കവെയാണ് കോലിയും രഹാനെയും ക്രീസില്‍ ഒരുമിക്കുന്നത്. തുടര്‍ന്ന് ഇന്ത്യന്‍ ഇന്നിംഗ്‌സിന് അടിത്തറപാകാന്‍
കോലി പുറത്തായെങ്കിലും പിന്നാലെ വന്ന ഹനുമാ വിഹാരി ഉത്തരവാദിത്വം ഏറ്റെടുത്തു. 242 റണ്‍സില്‍ 102 റണ്‍സ് അടിച്ച് രഹാനെ മടങ്ങിയപ്പോഴും സ്‌കോറിംഗ് ചുമതല വിഹാരി പക്വതയോടെ തുടര്‍ന്നു. ഒടുവില്‍ സെഞ്ചുറിക്ക് ഏഴു റണ്‍സ് അകലെ വെച്ചാണ് വിഹാരിക്ക് വിക്കറ്റു നഷ്ടമായത്.

നാലാം ദിനം ബുംറ തുടങ്ങിയ വെച്ച പേസാക്രമണത്തിന് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ പോലും വിന്‍ഡീസ് ബാറ്റ്‌സ്മാന്‍മാര്‍ക്കായില്ല. 26.5 ഓവര്‍ എറിഞ്ഞപ്പോഴേക്കും വെസ്റ്റ് ഇന്‍ഡീസ് തോല്‍വി സമ്മതിച്ചു. ആകെ മൂന്നു വിന്‍ഡീസ് താരങ്ങള്‍ മാത്രമാണ് ഇന്നലെ രണ്ടക്കം കടന്നത്. 31 പന്തില്‍ 38 റണ്‍സെടുത്ത വാലറ്റക്കാരന്‍ കെമാര്‍ റോച്ചാണ് നിരയിലെ ടോപ് സ്‌കോറര്‍.

Latest