പാലായിലെ സ്ഥാനാര്‍ഥി; യുഡിഎഫ് യോഗം തീരുമാനമാകാതെ പിരിഞ്ഞു

Posted on: August 26, 2019 3:09 pm | Last updated: August 27, 2019 at 12:55 am

തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി ആരാകണമെന്നതില്‍ ഇന്ന് ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ തീരുമാനമായില്ല. കേരള കോണ്‍ഗ്രസ് എമ്മില്‍ ഇരുവിഭാഗങ്ങളും തമ്മില്‍ തര്‍ക്കമുണ്ടെന്നും ഇരു വിഭാഗങ്ങളുമായി സമവായമുണ്ടാക്കാനാണ് യുഡിഎഫിന്റെ തീരുമാനമെന്നും യുഡിഎഫ് യോഗ ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ പി ജെ ജോസഫ് ജോസ് കെ മാണി വിഭാഗങ്ങള്‍ക്കിടയില്‍ തര്‍ക്കങ്ങളുണ്ട്. ഇതിനാല്‍ അഭിപ്രായഭിന്നത പരിഹരിക്കാന്‍ ഉഭയകക്ഷി ചര്‍ച്ച നടത്തുമെന്നും ചെന്നിത്തല വ്യക്തമാക്കി.

അതേസമയം, യുഡിഎഫ് യോഗത്തില്‍ ജയ സാധ്യതയുള്ള സ്ഥാനാര്‍ഥി വേണമെന്ന് ജോസഫ് വിഭാഗം ആവശ്യപ്പെട്ടു. യുഡിഎഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും ചെന്നിത്തല പറഞ്ഞു. കേരള കോണ്‍ഗ്രസിന്റെ സ്്ഥാനര്‍ഥിയെ സംബന്ധിച്ച് ജോസ് കെ മാണി- പി ജെ ജോസഫ് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം തുടരുകയാണ്. നിഷ ജോസ് കെ മാണിയെ സ്്ഥാനാര്‍ഥിയാക്കാന്‍ ജോസ് കെ മാണി വിഭാഗം ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇതിനെ എതിര്‍ത്ത് പിജെ ജോസഫ് രംഗത്തെത്തിയത് പുതിയ തര്‍ക്കങ്ങള്‍ക്ക് വഴിമരുന്നിട്ടിരിക്കുകയാണ്.