ചെളിയിൽ പുതഞ്ഞ നിശ്വാസം

കാലികം
Posted on: August 25, 2019 5:35 pm | Last updated: August 29, 2019 at 5:36 pm

പ്രകൃതിരമണീയമായ പുത്തുമല ഗ്രാമം ഇപ്പോഴില്ല. പകരം കിലോ മീറ്ററുകളോളം വ്യാപിച്ചു കിടക്കുന്ന ചതുപ്പിന് സമാനമായ ചെളിയും പാറക്കൂട്ടങ്ങളും നടുക്കുന്ന ഓർമകളും മാത്രം. പത്തടിയോളം ഉയരത്തിൽ മണ്ണടിഞ്ഞ് വീണിരിക്കുകയാണ്. ആ മണ്ണിനടിയിൽ പള്ളിയും അമ്പലവും കാന്റീനും വീടുകളും ലയങ്ങളുമുണ്ട്. പണിയായുധങ്ങളും പാഠപുസ്തകങ്ങളുമുണ്ട്. ഇനിയും കണ്ടെത്താനാകത്തവരുടെ ശരീരങ്ങളും… അഞ്ച് ദിവസം ആർത്തലച്ചു പെയ്ത മഴക്ക് മരണത്തിന്റെ ഗന്ധമുണ്ടായിരുന്നുവെന്ന് പുത്തുമലക്കാർ അറിഞ്ഞിരുന്നില്ല. കുന്നിറങ്ങി പാഞ്ഞു വരുന്ന പെരുവെള്ളവും കാറ്റും കോടയും വിപത്തുണ്ടാക്കുമെന്ന് ചിലരെങ്കിലും ഭയന്നു. ആ ഭയത്തിന്റെ ചുവടുപിടിച്ചു പലരും ദുരന്തത്തിന് മുമ്പ് പുത്തുമലയിൽ നിന്ന് സമീപത്തെ ദുരിതാശ്വാസ ക്യാമ്പിലേക്കു മാറി. അവരുടെയെല്ലാം വീടും ഭൂമിയും നഷ്ടപ്പെട്ടെങ്കിലും ജീവൻ തിരികെ കിട്ടി.
പാതിരക്ക് ചന്ദ്രന് വന്ന ആ ഫോൺ കോൾ

ഓരോ ദിവസവും കണ്ടെടുക്കുന്ന മൃതദേഹങ്ങളുടെ എണ്ണമേറുകയാണ്. 17 പേരെയാണ് കാണാതായതെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരുന്നത്. ഇതെഴുതുമ്പോൾ 12 പേരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്. അവയിൽ രണ്ട് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. എവിടെയാണ് ആളുകളെ തിരയേണ്ടതെന്ന് ആദ്യ ദിവസങ്ങളിൽ ധാരണ പോലും ഇല്ലായിരുന്നു. പിന്നീട് ശാസ്ത്രീയമായ പല രീതികളും അവലംബിച്ചാണ് തിരച്ചിൽ ഊർജിതമാക്കിയത്. മണ്ണുമാന്തി യന്ത്രത്തിനോ തിരച്ചിൽ സംഘത്തിനോ ഒരു തരത്തിലും എത്തിപ്പെടാൻ സാധിക്കാത്ത വിധം ചെളിയാണ് ചുറ്റുമുള്ളത്. എങ്കിലും ഇടക്കു പലപ്പോഴും എത്തിനോക്കുന്ന വെയിലിന്റെ ബലത്തിൽ തിരച്ചിൽ തുടരുകയാണ് സംഘം. ദുരന്ത സ്ഥലത്ത് നിന്ന് അകലെയുള്ള ഏലവയലിനടുത്ത സൂചിപ്പാറയിലെ പാറക്കൂട്ടങ്ങൾക്കിടയിൽ നിന്നാണ് രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തത്.

ചന്ദ്രൻ

ആഗസ്റ്റ് എട്ടിന് വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെയാണ് ഉരുൾപൊട്ടലുണ്ടായത്. തൊട്ടുതലേ ദിവസം രാത്രി ഒരു മണിയോടെ ചന്ദ്രന് ഒരു ഫോൺ കോളെത്തി. മേപ്പാടി പഞ്ചായത്ത് എട്ടാം വാർഡ് ജനപ്രതിനിധിയായ ചന്ദ്രൻ ഹാരിസൺ മലയാളം ലിമിറ്റഡ് പുത്തുമല ഡിവിഷനിലെ ലാബ് അറ്റൻഡർ കൂടിയാണ്. പുത്തുമലയിലെ പ്രവർത്തനം നിർത്തിയ ക്വാറിക്ക് സമീപമുള്ള ലീലാമണി, രവീന്ദ്രൻ എന്നിവർ സഹായമഭ്യർഥിച്ച് വിളിച്ചതായിരുന്നു. മുകളിൽ നിന്ന് പാറയും മണ്ണും ഇടിഞ്ഞ് ഇവരുടെ വീട്ടിലേക്ക് വീണിരുന്നു. ഉടൻ തന്നെ ചന്ദ്രൻ സ്ഥലത്തെത്തി രണ്ട് കുടുംബങ്ങളെയും അവിടെ നിന്ന് മാറ്റി. പിന്നാലെ രണ്ട് വീടുകളും തകർന്നടിഞ്ഞു. രാത്രി തന്നെ പുത്തുമലയിലെ തോട്ടിൽ ജല നിരപ്പുയർന്നിരുന്നു. മലമുകളിൽ മണ്ണിടിയുന്നതിന്റെയും മണ്ണൊലിപ്പിന്റെയും സൂചനകൾ. ഔദ്യോഗികമായി യാതൊരു അറിയിപ്പുകളുമുണ്ടായിരുന്നില്ല. ഇതുവരെ ഉരുൾപൊട്ടാത്ത സ്ഥലവും കൂടിയാണ് പുത്തുമല. പക്ഷേ വ്യാഴാഴ്ച രാവിലെ മുതൽ ചന്ദ്രൻ മുന്നിട്ടിറങ്ങി. പ്രദേശവാസികളെ സംഘടിപ്പിച്ച് പരമാവധി ആളുകളെ പുത്തുമല ഗവ. സ്‌കൂളിലേക്കും മുണ്ടക്കൈ ഫോറസ്റ്റ് ഓഫീസിലേക്കും മാറ്റി. ചന്ദ്രന്റെ മുൻകരുതലുകൾ നാടിന് രക്ഷയായി. “കൺമുന്നിലൂടെ കടന്നുപോയ ഭീകരദുരന്തത്തിന്റെ ദൃശ്യങ്ങൾ വേട്ടയാടുമ്പോഴും ചന്ദ്രേട്ടൻ ഞങ്ങളുടെ കൂടെ സദാസമയവും ഉണ്ടായിരുന്നു, രാവും പകലും ഉറക്കമൊഴിച്ച്. അദ്ദേഹം കഴിവിന്റെ പരമാവധി ഞങ്ങൾക്ക് വേണ്ടി ഓടി നടന്നിട്ടുണ്ട്’, മേപ്പാടി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന പുത്തുമല ചോലശേരി ഹംസ പറയുന്നു. ജ്യേഷ്ഠൻ ഇബ്‌റാഹീം ഉരുൾപൊട്ടലിൽ മരിച്ചതിന്റെ അഘാതത്തിലാണെങ്കിലും ചന്ദ്രനെ നമിക്കുകയാണ് ഹംസ. ചന്ദ്രന്റെ ഇടപെടലുണ്ടായില്ലെങ്കിൽ കുറഞ്ഞത് 100 പേരെങ്കിലും ഉരുൾപൊട്ടലിൽ അകപ്പെടുമായിരുന്നുവെന്നാണ് പ്രദേശവാസികളുടെ അഭിപ്രായം.

പുത്തുമലയിൽ ഏകദേശം 60 വീടുകളിലായി നൂറിലേറെ പേരാണ് താമസിക്കുന്നത്. ഇതിൽ ബഹുഭൂരിപക്ഷത്തെയും വ്യാഴാഴ്ച വൈകിട്ടോടെ മാറ്റിയതിനാൽ മരണസംഖ്യ കുറഞ്ഞു. മേപ്പാടിയിൽ നിന്ന് പുത്തുമലക്കുള്ള റോഡിൽ കള്ളാടി മുതൽ ചൂരൽമല വരെയുള്ള ഭാഗത്ത് നിരവധി സ്ഥലങ്ങളിലാണ് മണ്ണും പാറയും ഇടിഞ്ഞുവീണ് റോഡ് തകർന്നത്. തൻമൂലം ഉരുൾപൊട്ടലുണ്ടായ രാത്രി അങ്ങോട്ടേക്ക് പുറമെ നിന്ന് അധികൃതർക്ക് എത്തിപ്പെടാൻ സാധിച്ചില്ല. ഒറ്റപ്പെട്ട രാത്രി സമയത്തെല്ലാം ആളുകൾക്ക് സാന്ത്വനമായി അവരുടെ കൂടെ ചന്ദ്രനുണ്ടായിരുന്നു.
ജനപ്രതിനിധിയാകുന്നതിന് മുമ്പുതന്നെ പുത്തുമല പ്രദേശവാസികളുടെ ഏത് പ്രശ്‌നങ്ങൾക്ക് മുമ്പിലും നിസ്വാർഥനായി ചന്ദ്രന്റെ സാന്നിധ്യമുണ്ടായിരുന്നു. ഇത് കണക്കിലെടുത്താണ് ആളുകൾ അദ്ദേഹത്തെ നിർബന്ധിപ്പിച്ച് തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചത്. ആളുകൾ പ്രശംസിക്കുമ്പോഴും ദുഃഖിതനാണ് ചന്ദ്രൻ, മുഴുവനാളുകളെയും രക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ എന്നോർത്ത്…

“ഓടിക്കോളീ’

ദുരന്തത്തെ നേർക്കുനേർ കണ്ട ബദ്‌റുദ്ദീൻ മുസ്‌ലിയാരും ഇപ്പോഴും ഞെട്ടലിൽ നിന്ന് മുക്തനായിട്ടില്ല. അരച്ചാൺ വയറിന് വേണ്ടി വെയിലും മഴയും തണുപ്പും കാറ്റും വകവെക്കാതെ തേയിലത്തോട്ടത്തിലും മറ്റും ജോലി ചെയ്ത് ഉപജീവനം നടത്തുന്നവരാണ് 90 ശതമാനം പേരും. പ്രദേശം ഇനി ഒരു ജീവിതത്തിന് ഉപയോഗപ്പെടാത്ത വിധം തകർന്നിട്ടുണ്ട്. ഉരുൾപൊട്ടലിന് മുന്നേ അയൽവാസികളുടെ രേഖകളും മറ്റും സുഹൃത്ത് അബുവിന്റെ വീട്ടിലേക്ക് മാറ്റി, തൊട്ടടുത്തുള്ളവരെയെല്ലാം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

ഉരുൾപൊട്ടലുണ്ടായപ്പോൾ നിസ്‌കാരത്തിനായി അംഗശുദ്ധി വരുത്തുകയായിരുന്നു ബദ്‌റുദ്ദീൻ മുസ്‌ലിയാർ. ഇതിനിടെ ദേവദാസ് എന്ന സഹോദരൻ വിളിച്ചു പറഞ്ഞു, “ഓടിക്കോളീ’. പിന്നെ ഒന്നും നോക്കിയില്ല. ഉടുത്ത വസ്ത്രവുമായി മക്കളെയും ഭാര്യ ഖൈറുന്നിസയുമായി രക്ഷപ്പെട്ടു. ഞങ്ങൾ ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. മുകളിൽ നിന്ന് പള്ളി, അമ്പലം, പോസ്‌റ്റോഫീസ്, പാടി എല്ലാം തകർത്ത് ഞങ്ങൾ താമസിച്ചിരുന്ന വീടും തുടച്ചു നീക്കിയാണ് കല്ലും മണ്ണും വെള്ളവും കുത്തിയൊലിച്ചത്. രക്ഷപ്പെട്ട ഞങ്ങളെ തൊട്ടടുത്ത ഫോറസ്റ്റ് ഓഫീസിലേക്കും മേപ്പാടി ഗവ. ഹൈസ്‌കൂളിലേക്കും മാറ്റി താമസിപ്പിക്കുകയായിരുന്നു. പുത്തുമലയിലെ മദ്‌റസയിലും ഉച്ചക്ക് ശേഷം ഏലവയലിലെ മദ്‌റസയിലും പള്ളിയിലുമായായിരുന്നു ബദ്‌റുദ്ദീൻ മുസ്‌ലിയാർ ജോലി ചെയ്തിരുന്നത്. ബദ്‌റുദ്ദീൻ മുസ്‌ലിയാരുടെ മാതാവും കുടുംബവും വീടും സ്ഥലവും നഷ്ടമായതോടെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറിയിരുന്നു. ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് മടങ്ങിയ ബദ്‌റുദ്ദീൻ മുസ്‌ലിയാർ മേപ്പാടി മുനീർ മദനിയുടെ കെട്ടിടത്തിലാണ് താത്കാലികമായി താമസിക്കുന്നത്.

സൈതലവി ഓടത്തോട്
[email protected]