ബഷീറിനായി ഒരു മൂന്നാം കണ്ണ്‌

മദ്യ ലഹരിയിൽ ശ്രീറാം വെങ്കിട്ടരാമൻ ഐ എ എസ് ഓടിച്ച കാറിടിച്ച് സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീർ കൊല്ലപ്പെട്ട സംഭവം ഇന്ന് കേരള സമൂഹം മുഴുവൻ ചർച്ച ചെയ്യുമ്പോൾ ഈ അപകട വിവരം ആദ്യമായി ലോകത്തെ അറിയിക്കുകയും അപകടത്തിന്റെ തെളിവുകൾ ഒരു നിയോഗം പോലെ ചിത്രങ്ങളായി ഒപ്പിയെടുക്കുകയും ചെയ്ത ഒരു മാധ്യമപ്രവർത്തകൻ നമുക്കിടയിലുണ്ട്.
Posted on: August 25, 2019 10:16 pm | Last updated: August 25, 2019 at 10:16 pm
ഡി ധനസുമോദ്, കെ എം ബഷീര്‍

എത്ര വലിയ കുറ്റകൃത്യമാണെങ്കിലും ഒരു പഴുതെങ്കിലുമുണ്ടാകുമെന്നതാണ് പൊതുതത്വം. അന്വേഷണം കൃത്യമാണെങ്കിൽ കുറ്റവാളി എത്ര ആഗ്രഹിച്ചാലും ആ പഴുതിലേക്കുളള വഴി ഒരിക്കൽ തെളിഞ്ഞു വരിക തന്നെ ചെയ്യും. മദ്യലഹരിയിൽ ശ്രീറാം വെങ്കിട്ടരാമൻ ഐ എ എസ് ഓടിച്ച കാറിടിച്ച് സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീർ കൊല്ലപ്പെട്ട സംഭവം ഇന്ന് കേരള സമൂഹം മുഴുവൻ ചർച്ച ചെയ്യുമ്പോൾ ഈ അപകട വിവരം ആദ്യമായി ലോകത്തെ അറിയിക്കുകയും അപകടത്തിന്റെ തെളിവുകൾ ഒരു നിയോഗം പോലെ ചിത്രങ്ങളായി ഒപ്പിയെടുക്കുകയും ചെയ്ത ഒരു മാധ്യമപ്രവർത്തകൻ നമുക്കിടയിലുണ്ട്. അനുഗ്രഹീത കണ്ണുകൾ കൊണ്ടെന്ന പോലെ ആ ചിത്രങ്ങളെടുത്തത് ഡി ധനസുമോദ് എന്ന മാധ്യമപ്രവർത്തകനാണ്. അപകടത്തിന് തൊട്ടുപിന്നാലെ സംഭവസ്ഥലത്തു നിന്ന് ധനസുമോദ് തന്റെ മൊബൈൽ ക്യാമറയിൽ ഒപ്പിയെടുത്ത ചിത്രങ്ങളും അപകടദിവസം രാത്രി തന്നെ ഇതേ കുറിച്ച് തന്റെ ഫേസ്ബുക്കിൽ ഇട്ട കുറിപ്പുമാണ് സംഭവത്തിലെ സംസാരിക്കുന്ന അവശേഷിപ്പുകളായി ഇന്ന് നിലനിൽക്കുന്നത്. ബഷീറിനെ നേരിട്ടറിയില്ലെങ്കിലും അപകടസമയത്ത് അവിടെയെത്താനും നിർണായക ചിത്രങ്ങൾ പകർത്താനുമായത് ഒരു നിയോഗമായാണ് അദ്ദേഹം കരുതുന്നത്.

അപകടദിവസത്തെ ആ മണിക്കൂറുകളെ കുറിച്ച് ധനസുമോദ് സിറാജിനോട് സംസാരിക്കുന്നു:
സംഭവ ദിവസം രാത്രി മാധ്യമപ്രവർത്തകനായ ഷാനോസ് ഡേവിഡുമായി ശംഖുംമുഖത്ത് ഏറെ വൈകി സംസാരിച്ചിരുന്ന ശേഷമാണ് മ്യൂസിയത്തിനടുത്തുള്ള താമസസ്ഥലത്തേക്ക് സൈക്കിൾ ചവിട്ടി വരുന്നത്. വ്യായാമത്തിന്റെ ഭാഗമായി ദിവസവും ഒരു മണിക്കൂർ സൈക്കിൾ ചവിട്ടൽ ശീലം തുടങ്ങിയിട്ട് കുറച്ചു കാലമായി. മ്യൂസിയം ഭാഗത്തേക്ക് സൈക്കിളിൽ വരവേ പബ്ലിക് ഓഫീസിന് മുന്നിൽ ഒരു പോലീസ് ജീപ്പ് നിർത്തിയിട്ടതാണ് ആദ്യം ശ്രദ്ധയിൽ പെട്ടത്. സമീപത്ത് രണ്ടുമൂന്ന് ബൈക്കുകളുമുണ്ട്. സമയം അപ്പോൾ ഒരു മണി ആയിട്ടുണ്ടാകും. രാത്രി വൈകിയുളള പോലീസ് ചെക്കിംഗാണെന്നാണ് ആദ്യം കരുതിയത്. സൈക്കിൾ ചവിട്ടി വരുന്ന വഴിയുടെ എതിർവശത്താണ് ജീപ്പും മോട്ടോർ ബൈക്കുകളും നിർത്തിയിരിക്കുന്നത്. പെട്ടെന്ന്, പിറകിൽ നിന്ന് ഒരു പോലീസ് ജീപ്പ് വേഗത്തിൽ വന്ന് തൊട്ടു മുന്നിൽ വെച്ച് വളഞ്ഞ് ആദ്യത്തെ ജീപ്പിനടുത്ത് നിർത്തി.

കാര്യമെന്തെന്നറിയാൻ സൈക്കിൾ ഒതുക്കിവെച്ച്, റോഡ് ക്രോസ് ചെയ്യവേയാണ് അതൊരു അപകടമാണെന്ന് മനസ്സിലാകുന്നത്. ഒരു കാർ ഒരു ബൈക്കിനെ ഭിത്തിയോട് ചേർത്ത് ഇടിച്ചു നിർത്തിയിരിക്കുന്നു. ജീപ്പ് കടന്ന് കാറിന്റെ അടുത്തേക്കെത്തിയപ്പോൾ റോഡിനരികെ ഒരു ചെറുപ്പക്കാരൻ രക്തത്തിൽ കുളിച്ചുകിടക്കുന്നു. ചലനമറ്റ രീതിയിൽ കിടക്കുകയാണ് അയാൾ. വായിൽ നിന്നും ചെവിയിൽ നിന്നുമെല്ലാം രക്തം വന്ന നിലയിൽ കിടക്കുന്ന ഇയാളെ എന്താണ് ആരും ആശുപത്രിയിൽ കൊണ്ടുപോകാത്തത് എന്ന് ചിന്തിക്കുമ്പോൾ, അടുത്ത് നിന്ന ഒരു സ്ത്രീ ഇയാളെ ആശുപത്രിയിൽ കൊണ്ടു പോകാൻ ആരെങ്കിലും സഹായിക്കണമെന്ന് അപേക്ഷിക്കുന്നുണ്ടായിരുന്നു. ബൈക്കുകാരനൊപ്പം ഉണ്ടായിരുന്നതാണോ ഇവർ എന്ന് സംശയിച്ചു. ഇവരുടെ വെപ്രാളത്തിനിടയിലും പോലീസിന്റെ പതിഞ്ഞ ഭാവം കണ്ടപ്പോൾ ഇയാളെ എന്തുകൊണ്ടാണ് ആശുപത്രിയിൽ കൊണ്ടുപോകാത്തതെന്ന് അടുത്തുനിന്ന പോലീസുകാരനോട് തിരക്കി. പോലീസ് ജീപ്പിൽ കയറ്റാൻ കഴിയാത്ത അവസ്ഥയാണ് ശരീരത്തിനെന്നും ആന്തരിക രക്തസ്രാവത്തിന് സാധ്യതയുള്ളതിനാൽ സ്ട്രച്ചറിൽ കിടത്തി തന്നെ കൊണ്ടു പോകണമെന്നും പോലീസ് പറഞ്ഞു. ആംബുലൻസ് പറഞ്ഞിട്ടുണ്ടെന്നും ഉടൻ എത്തുമെന്നും പോലീസുകാരൻ പറയുന്നുണ്ടായിരുന്നു. ഭയചകിതയായി നിൽക്കുന്ന സ്ത്രീക്ക് സമീപം മുപ്പത് വയസ്സ് പ്രായം വരുന്ന ഒരു ചെറുപ്പക്കാരൻ അൽപ്പം മാറി നിന്ന് ആർക്കോ ഫോൺ ചെയ്യുന്നതു കാണാമായിരുന്നു. തന്റെ കാർ ഒരു ബൈക്കിൽ ഇടിച്ചുവെന്ന് ആരോടോ പറയുന്നതും കേൾക്കാമായിരുന്നു. സംഭവം കണ്ട് അടുത്തു നിൽക്കുന്ന ബൈക്കുകാരനെ വിളിച്ച് ആരാണ് കാറിൽ ഉണ്ടായിരുന്നതെന്ന് ചോദിച്ചു. അയാൾ ഫോൺ ചെയ്തു നിൽക്കുന്ന ചെറുപ്പക്കാരനേയും സ്ത്രീയേയും ചൂണ്ടിക്കാട്ടി. ഡ്രൈവിംഗ് സീറ്റിൽ നിന്നിറങ്ങുമ്പോ ഇവന് തറയിൽ കാലുറക്കുന്നുണ്ടായിരുന്നില്ലെന്നും മദ്യത്തിന്റെ മണമുണ്ടായിരുന്നുവെന്നുമായിരുന്നു ബൈക്കുകാരന്റെ മറുപടി. രണ്ട് മിനുട്ടിനകം ആംബുലൻസ് വന്നു.

സ്ട്രച്ചറിലേക്ക് കയറ്റുമ്പോൾ അപകടത്തിൽ പെട്ടയാളുടെ ഒരു കൈ ഒടിഞ്ഞു തൂങ്ങി സ്ട്രച്ചറിന് പുറത്തേക്ക് വീണു. കൈയുടെ എല്ലുകൾ ഒടിഞ്ഞുനുറുങ്ങിയ അവസ്ഥയിലായിരുന്നു. സമയം വൈകാതെ ആംബുലൻസ് മെഡിക്കൽ കോളജിലേക്ക് പാഞ്ഞു. അപ്പോൾ സ്ഥലത്തുണ്ടായിരുന്ന മ്യൂസിയം എസ് ഐ, “നാളെ നിങ്ങളിലാർക്കും ഇത് പറ്റാവുന്നതാണെന്നും അപകടത്തെ കുറിച്ച് കൃത്യമായ വിവരം നൽകിയാൽ മാത്രമേ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കൂ’ എന്നും പറഞ്ഞതിന് ശേഷം അവിടെ കൂടി നിന്നവരോട് നിങ്ങളുടെ ഫോൺ നമ്പറുകൾ തരണമെന്ന് പറഞ്ഞു. ശേഷം അപകടം കണ്ട ആളുകളുടെ കൈയിൽ നിന്ന് അവരുടെ ഫോൺനമ്പറുകൾ വാങ്ങി. അതുകഴിഞ്ഞ് അവിടെ നിന്ന സ്ത്രീയോട് പേരെന്താണെന്ന് ചോദിച്ചു. വഫ എന്ന് അവർ മറുപടി നൽകി.

വീടെവിടെയെന്ന ചോദ്യത്തിന് മരപ്പാലമെന്ന് മറുപടി. വീട്ടിൽ ആരൊക്കെയുണ്ടെന്നും എസ് ഐ തിരക്കി. സ്ത്രീയുടെ അടുത്തുണ്ടായിരുന്ന ചെറുപ്പക്കാരൻ അപ്പോഴും ഫോൺ ചെയ്തുകൊണ്ടു നിൽക്കുകയായിരുന്നു. ഇയാൾ ആരെന്ന് വഫയോട് എസ് ഐ തിരക്കി. ഫ്രണ്ടാണെന്നായിരുന്നു ഉത്തരം. അയാൾ അപ്പോഴും ആരെയൊക്കെയോ വിളിച്ച് സംസാരിക്കുന്നുണ്ടായിരുന്നു. ചിലരെ വിളിച്ചിട്ടു കിട്ടുന്നില്ലെന്നത് അയാളുടെ ഭാവം കാണുമ്പോഴറിയാം. ആവർത്തിച്ച് ഫോൺ വിളിച്ചു കൊണ്ടേയിരിക്കുകയാണ് അയാൾ. തന്റെ പേരെന്താ? എസ് ഐയുടെ ചോദ്യം കേട്ട അയാൾ മൊബൈൽ കട്ട് ചെയ്തു, ഡോ. ശ്രീറാം എന്നു മറുപടി നൽകി. വീടെവിടെ ? ശബ്ദം കുറച്ചു കടുപ്പിച്ചാണ് എസ് ഐ ആ ചോദ്യം ചോദിച്ചത്.

സിവിൽ സർവീസ് കോളനിയെന്ന ശ്രീറാമിന്റെ മറുപടി കേട്ടിട്ട് സംശയം തീർക്കാനെന്ന വണ്ണം എവിടെയെന്ന് ഒന്നു കൂടി ചോദിച്ചു. സിവിൽ സർവീസ് കോളനി, കവടിയാർ എന്ന് ശ്രീറാം മറുപടി പറഞ്ഞു. അതുവരെയുണ്ടായിരുന്ന ചോദ്യം ചെയ്യൽ രീതി ഈ ഒറ്റ ഉത്തരം കൊണ്ട് മാറിയെന്ന് ധനസുമോദ് ഓർക്കുന്നു. എസ് ഐയുടെ ചോദ്യങ്ങളെല്ലാം അതോടെ അവസാനിച്ചു. വഫയോട് മദ്യപിച്ചിട്ടുണ്ടോ എന്ന് ചോദിക്കുന്നു. ഇല്ല എന്ന് വഫ മറുപടി പറഞ്ഞപ്പോൾ “എന്നാൽ, വീട്ടിൽ പൊക്കോളൂ’ എന്ന് എസ് ഐ പറഞ്ഞു. എങ്ങനെ പോകുമെന്ന ചോദ്യത്തിന് യൂബർ വിളിച്ചു പൊക്കോളാമെന്ന് വഫ മറുപടി പറയുന്നു. ശ്രീറാം വഫക്കുള്ള യൂബർ ബുക്ക് ചെയ്ത് കൊടുക്കാൻ ശ്രമിക്കുന്നു. ഇതിനിടെ, മതിലിൽ കുത്തിച്ചാരി നിർത്തിയിരിക്കുന്ന നിലയിലുള്ള ബൈക്കിന്റെ ടാങ്ക് കവറിലുള്ള സാധനങ്ങൾ പോലീസ് ശേഖരിക്കുന്നു. അതിൽ നിന്ന് ഒരു സിറാജ് പത്രം താഴെ വീഴുന്നു. ഇതിനൊപ്പം ഐ എഫ് എഫ് കെയുടെ ഒരു മീഡിയാ പാസും കിട്ടുന്നു. അപകടത്തിൽ പെട്ടത് ഒരു മാധ്യമപ്രവർത്തകനാണോ എന്ന സംശയം അതോടെയാണ് ഉയരുന്നത്. കൊച്ചിയിൽ മംഗളത്തിൽ ജോലി ചെയ്തിരുന്ന സമയത്ത് രാവിലെ ബ്യൂറോയിലെ ഡ്യൂട്ടിയും കഴിഞ്ഞ് വൈകുന്നേരം ഡെസ്‌കിൽ ആളില്ലാതെ വരുന്ന സമയത്ത് പേജും ചെയ്ത് പത്രം അച്ചടിച്ചു വരുന്നതു വരെ കാത്തുനിന്ന് ഒരു കോപ്പിയുമായി വീട്ടിൽ പോയിരുന്ന ഒരു കാലമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ രാത്രികാല ഡ്യൂട്ടി ചെയ്യുന്ന സബ് എഡിറ്ററുടെ ജോലിയുടെ സ്വഭാവം അറിയാമായിരുന്നു. സിറാജിലെ ഡെസ്‌കിൽ ജോലി കഴിഞ്ഞ് വീട്ടിൽ പോകുന്നതായിരിക്കുമോ അപകടത്തിൽ പെട്ടയാൾ എന്ന തോന്നലാണ് മനസ്സിൽ ഉയർന്നത്. ദൈവമേ… വീട്ടിൽ ഇയാളുടെ ഭാര്യയും മക്കളുമുണ്ടാകില്ലേ… ഭക്ഷണം വിളമ്പി വെച്ച് ഒരു പക്ഷേ ഭാര്യ കാത്തിരിക്കുകയായിരിക്കില്ലേ… അങ്ങനെ സഹജീവിയോട് തോന്നുന്ന വികാരങ്ങളെല്ലാം പെട്ടെന്ന് മനസ്സിലൂടെ കടന്നു പോയി. അവരങ്ങനെ ഈ അപകടവിവരമറിയും, ഇയാളുടെ സുഹൃത്തുക്കളെ എങ്ങനെ വിവരമറിയിക്കും.. എന്നിങ്ങനെയുള്ള ചിന്തകളാണ് മനസ്സിലേക്ക് വന്നത്. കാരണം അപകടത്തിൽ പെട്ട് കിടക്കുന്നയാളുടെ വിശദാംശങ്ങളൊന്നും പോലീസിനും ലഭിച്ചിട്ടില്ലെന്ന് വ്യക്തമായിരുന്നു. അപകടം പറ്റിയത് ഒരു മാധ്യമപ്രവർത്തകനാണെന്ന തോന്നൽ മനസ്സിൽ വന്നതോടെ വിവരം എങ്ങനെ ഇയാളുടെ മറ്റു സുഹൃത്തുക്കളെ അറിയിക്കാം, എങ്ങനെ അവരെ ആശുപത്രിയിലേക്ക് എത്തിക്കാം എന്നിങ്ങനെയൊക്കെയായി ചിന്ത. ഇതേത്തുടർന്നാണ് ആദ്യ ഫോട്ടോ എടുക്കുന്നത്. ബൈക്കിന്റെ നമ്പർ പ്ലേറ്റ് കിട്ടുന്ന തരത്തിൽ ഒരു ഫോട്ടോയെടുത്തു.

ആ ഫോട്ടോകൾക്ക് പിന്നിൽ…

ഈ സമയത്ത് അപകടത്തിൽ പെട്ട കാർ നീക്കം ചെയ്യാനായി ഒരു വെഹിക്കിൾ റിമൂവിംഗ് വാൻ സ്ഥലത്തേക്ക് വരികയാണ്. വാഹനത്തിരക്കോ മറ്റു മാർഗതടസ്സമോ ഒന്നുമില്ലാതിരുന്നിട്ടും ഇത്ര പെട്ടെന്ന് കാർ നീക്കം ചെയ്യാനായി പോലീസ്, വണ്ടി കൊണ്ടുവന്നത് സംശയം ഉയർത്തി. കാർ കൊണ്ടുപോയാൽ ബൈക്ക് ചിലപ്പോൾ താഴേക്കു വീഴും. ഒരുപക്ഷേ നാളെ ബൈക്ക് യാത്രക്കാരൻ അശ്രദ്ധമായി വാഹനമോടിച്ച് അപകടത്തിൽ പെട്ടു എന്ന നിലക്ക് കാര്യങ്ങൾ മാറിയേക്കാം എന്ന സംശയത്തിൽ നിന്നാണ് കാർ ബൈക്കിനെ ഇടിച്ച് മതിലിൽ ചേർത്തുവെച്ചിരിക്കുന്ന ഫോട്ടോ എടുക്കുന്നത്. ക്യാരീ വാനിൽ വലിച്ചു കൊണ്ടുപോകുന്ന കാറിന്റെ നമ്പർ പ്ലേറ്റ് ലഭിക്കുന്ന തരത്തിലെ ഫോട്ടോയും പകർത്തി. കാർ എടുത്തുമാറ്റാൻ പോലീസ് ധൃതി കാണിച്ചതിനാലുള്ള സംശയത്തിലും അപകടം പറ്റിയ വ്യക്തി മാധ്യമപ്രവർത്തകനാണെന്ന തോന്നൽ കൊണ്ടുമാണ് ഫോട്ടോകൾ എടുത്തത്. അപ്പോൾ തന്നെ ബാറ്ററി വളരെ കുറവുണ്ടായിരുന്ന ഫോൺ ചാർജ് തീർന്ന് ഓഫായി. അപകട സമയത്ത് ഫോട്ടോയെടുക്കുന്നത് ഔചിത്യമല്ലെന്ന ബോധ്യമുള്ളതിനാലാണ് അതിന് മുമ്പുള്ള ഫോട്ടോകൾ എടുക്കാതിരുന്നത്.


വീട്ടിലെത്തി ഫോൺ ചാർജ് ചെയ്തതിന് ശേഷം ആദ്യം മോട്ടോർ വെഹിക്കിൾ വകുപ്പിന്റെ ആപ്പ് ഡൗൺലോഡ് ചെയ്തു. അപകടത്തിൽ പെട്ട ബൈക്കിന്റെ നമ്പർ നൽകിയപ്പോൾ കിട്ടിയത് മുഹമ്മദ് ബഷീർ എന്ന പേരാണ്. പിന്നീട് ഗൂഗിളിൽ നിന്ന് സിറാജിന്റെ ഓഫീസ് നമ്പർ തപ്പിയെടുത്ത് വിളിക്കുകയാണ്. മൂന്ന് നാല് തവണ വിളിച്ചിട്ടും എൻഗേജ്ഡ് ടോൺ കേട്ടതിനാൽ ഫോൺ നമ്പർ കംപ്ലെയിന്റ് ആണോ എന്ന് തോന്നി. ഇന്റർനെറ്റിൽ നിന്ന് മീഡിയാ ഡയറക്ടറി തപ്പിയെടുത്തു. മീഡിയാ ഡയറക്ടറിയിൽ തിരുവനന്തപുരം സിറാജ് തിരഞ്ഞപ്പോൾ ബ്യൂറോ ചീഫിന്റെ സ്ഥാനത്ത് കെ എം ബഷീർ. അപകടത്തിൽ പെട്ടത് ബഷീറാണെന്ന് വ്യക്തമായി. ഡയറക്ടറിയിൽ ബഷീറിന്റെ പേരിന്റെ തൊട്ടു താഴെ സുഹൃത്തായ ശ്രീജിത്തിന്റെ പേരു കണ്ടതോടെ അവനെ വിളിച്ചു. അപ്പോൾ അവൻ വിവരമറിഞ്ഞ് മെഡിക്കൽ കോളജിലേക്കുള്ള യാത്രയിലാണ്. കാര്യം ആരെങ്കിലും അറിഞ്ഞല്ലോ എന്ന ആശ്വാസമാണ് അപ്പോൾ തോന്നിയത്. കിടന്നിട്ട് ഉറക്കം വരുന്നില്ല. അങ്ങനെയാണ് അപ്പോൾ തന്നെ എടുത്ത ഫോട്ടോകൾ ഒരു കുറിപ്പോടെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നത്. അതിൽ വ്യക്തമായും പറയുന്നു, ഇടിച്ച വ്യക്തിയുടെ “കനപ്പെട്ട’ മേൽവിലാസം കാരണമാണ് ഈ ചിത്രങ്ങൾ കൈയോടെ പോസ്റ്റ് ചെയ്യുന്നതെന്ന്. പത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച് ഗുരുതരാവസ്ഥയിലാക്കിയ അയാൾ ഊരിപ്പോകരുതെന്നും കാറിലെ മദ്യപാനിയുടെ രക്തപരിശോധന പോലീസ് നടത്തിക്കാണുമെന്നും ചൂണ്ടിക്കാട്ടിയാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

അപ്പോഴും ഇടിച്ച വാഹനം ഓടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമനാണ് എന്ന കാര്യം തിരിച്ചറിഞ്ഞിരുന്നില്ല. ഐ എ എസ് കോളനിയിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ ആരുടെയോ ഡോക്ടറായ മകൻ എന്നാണ് കരുതിയിരുന്നത്.

പിറ്റേന്ന് രാവിലെ ന്യൂസ് 18 ചാനലിലെ സുഹൃത്തായ കിരൺ ബാബു വിളിച്ച് ബഷീർ മരിച്ചു എന്ന വിവരം അറിയിച്ചു. കൂട്ടത്തിൽ നീ ശ്രീറാം വെങ്കിട്ടരാമനെ കണ്ടിരുന്നോ എന്ന ചോദ്യം കൂടി വന്നു. അപ്പോൾ മാത്രമാണ് കാറോടിച്ചിരുന്ന ശ്രീറാം, ശ്രീറാം വെങ്കിട്ടരാമനാണെന്ന വിവരം അറിയുന്നത്.
കാലടി സംസ്‌കൃത സർവകലാശാലയിൽ നിന്ന് എം ഫിൽ പൂർത്തിയാക്കി കുറച്ചു നാൾ അധ്യാപകനായി ജോലി ചെയ്ത ശേഷമാണ് ധനസുമോദ് മാധ്യമരംഗത്തേക്ക് വന്നത്. മംഗളം ഡൽഹി ബ്യൂറോ ചീഫ്, ഇന്ത്യാവിഷന്റെ സെൻട്രൽ കേരള റീജ്യനൽ എഡിറ്റർ, ടി വി നൗ ന്യൂസ് എഡിറ്റർ, അഴിമുഖം മാനേജിംഗ് എഡിറ്റർ എന്നിങ്ങനെ സജീവമായി നിന്ന ധനസുമോദ് തത്കാലത്തേക്ക് മാധ്യമരംഗത്തു നിന്നും മാറി നിൽക്കുകയാണ്. നിലവിൽ സംസ്ഥാന പ്രതിപക്ഷ നേതാവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയാണ് ചേർത്തല സ്വദേശിയായ ഇദ്ദേഹം.

തുടക്കം മുതൽ അട്ടിമറി ശ്രമം

ബഷീറിന്റെ അപകട വിവരം അറിഞ്ഞ് സിറാജിലെ റിപ്പോർട്ടർമാരായ ഞാനും കാസിമുമാണ് മ്യൂസിയം പോലീസ് സ്‌റ്റേഷനിൽ ആദ്യമെത്തുന്നത്. ബഷീറിന്റെ വാഹനത്തിൽ നിന്ന് കിട്ടിയ ഐ എഫ് എഫ് കെയുടെ മീഡിയാ പാസും ചില രേഖകളും ബൈക്കിൽ നിന്ന് ഇളകി വീണ നമ്പർ പ്ലേറ്റും പോലീസ് ഞങ്ങളെ കാണിച്ചു. വണ്ടി ബഷീറിന്റെതാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ബഷീറിന് എങ്ങനെയുണ്ടെന്ന് ഞങ്ങൾ ചോദിച്ചു. മരിച്ചു എന്ന ഉത്തരമാണ് കിട്ടിയത്. അപ്പോഴേക്കും പോലീസ് വിളിച്ച് വിവരമറിഞ്ഞ് സിറാജിലെ അക്കൗണ്ടന്റ് മുഹമ്മദ് ഇയാസും സ്‌റ്റേഷനിലെത്തിയിരുന്നു. അവിടെ നിന്ന് നേരെ മെഡിക്കൽ കോളജിലേക്ക്. കാഷ്വാലിറ്റിയിൽ ചെന്ന് രജിസ്റ്ററിൽ തിരക്കിയപ്പോൾ പുലർച്ചെ 1.27ന് ബഷീറിനെ അവിടെയെത്തിച്ചിരുന്നതായി അറിഞ്ഞു. മരിച്ച നിലയിലാണ് കൊണ്ടുവന്നതെന്നും കാഷ്വാലിറ്റി രജിസ്റ്റർ കൈകാര്യം ചെയ്യുന്നവർ വ്യക്തമാക്കി. മൃതദേഹം മോർച്ചറിയിൽ പോയി തിരിച്ചറിഞ്ഞ ശേഷം തിരികെ വീണ്ടും മ്യൂസിയം സ്‌റ്റേഷനിലേക്ക്. അപ്പോഴേക്കും വിവരമറിഞ്ഞ് സുഹൃത്തുക്കൾ എത്താൻ തുടങ്ങിയിരുന്നു.

കലാകൗമുദിയിലെ അരവിന്ദ് ശശി വിവരമറിഞ്ഞപ്പോൾ തന്നെ ഓടിയെത്തി. അപകടം നടക്കുന്നതിന് തൊട്ടുമുമ്പ് ബഷീർ ഫോണിൽ സംസാരിച്ച സിറാജിലെ പ്രൊഡക്ഷൻ മാനേജർ സുബൈറും ആശുപത്രിയിലെത്തി. അപ്പോഴേക്കും കാർ ഇടിച്ചത് ശ്രീറാം വെങ്കിട്ടരാമനാണെന്ന വാർത്ത പരന്നിരുന്നു. ജനറൽ ആശുപത്രിയിൽ നിന്ന് ശ്രീറാമിനെ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തിട്ടുണ്ടെന്നും അറിഞ്ഞു. മെഡിക്കൽ കോളജ് കാഷ്വാലിറ്റിയിൽ അന്വേഷിച്ചപ്പോൾ അങ്ങനെയൊരു രോഗി അവിടെ എത്തിയിട്ടില്ല. തിരികെ മ്യൂസിയം സ്‌റ്റേഷനിലെത്തുമ്പോഴേക്ക് അവിടെ സിറാജ് യൂനിറ്റ് ചെയർമാൻ സെയ്ഫുദ്ദീൻ ഹാജിയും ന്യൂസ് 18ലെ കിരൺ ബാബു, വീക്ഷണത്തിലെ നിസാർ മുഹമ്മദ് എന്നിവരുമുണ്ടായിരുന്നു. ക്രൈം എസ് ഐ ജയപ്രകാശ് കാര്യങ്ങൾ വിവരിച്ചു. അപകടത്തിന്റെ ശബ്ദം കേട്ടാണ് അവിടേക്ക് എത്തിയതെന്നും ശ്രീറാമിന്റെ ഒപ്പമുണ്ടായിരുന്ന സ്ത്രീയാണ് വാഹനമോടിച്ചിരുന്നതായി പറയുന്നതെന്നുമുള്ള വിവരങ്ങൾ എസ് ഐ പറഞ്ഞു. ശ്രീറാം മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്നും മദ്യത്തിന്റെ മണമുള്ളതു കൊണ്ട് ജനറൽ ആശുപത്രിയിലേക്ക് മെഡിക്കൽ പരിശോധനക്ക് കൊണ്ടു പോയതായും എസ് ഐ പറയുന്നുണ്ടായിരുന്നു. അപ്പോഴേക്ക് ശ്രീറാം മെഡിക്കൽ കോളജ് ഒഴിവാക്കി പോയത് കിംസ് ആശുപത്രിയിലേക്കാണെന്ന വിവരവും പുറത്തു വന്നു. വാഹനമോടിച്ചത് സ്ത്രീയാണെങ്കിൽ എന്തു കൊണ്ട് അവരെ മെഡിക്കൽ പരിശോധനക്ക് വിധേയയാക്കിയില്ല എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തെ തുടർന്നാണ് അവരെ വീണ്ടും വിളിച്ച് മെഡിക്കൽ പരിശോധനക്ക് വിധേയയാക്കുന്നത്. ഇതിനിടെ, സെയ്ഫുദ്ദീർ ഹാജിയിൽ നിന്നും ഒപ്പമുണ്ടായിരുന്ന കാസിമിൽ നിന്നും എന്നിൽ നിന്നും പോലീസ് മൊഴി രേഖപ്പെടുത്തുന്നുണ്ടായിരുന്നു. വഫയുടെ രക്തപരിശോധന കഴിഞ്ഞെത്തിയും പുലർച്ചെ ഞങ്ങളുടെ മൊഴി രേഖപ്പെടുത്തി.


എന്നാൽ, പിന്നീട് അട്ടിമറി നാടകങ്ങളുടെ പരമ്പരയാണ് സംഭവിച്ചത്. ആവർത്തിച്ചു ചോദിക്കുമ്പോഴും ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധന നടത്തിയിട്ടുണ്ടെന്നാണ് പോലീസ് ആദ്യം പറഞ്ഞിരുന്നത്. ഞങ്ങളെ വിശ്വസിപ്പിക്കാൻ ജനറൽ ആശുപത്രിയിലെ ഡോക്ടർ “സ്‌മെൽ ഓഫ് ആൽക്കഹോൾ’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നും പറഞ്ഞു. എന്നാൽ, പിന്നീട് രാവിലെ ബഷീറിന്റെ പോസ്റ്റുമോർട്ടം നടപടികൾ പുരോഗമിക്കുന്ന വേളയിൽ, സംഭവം നടന്ന് എതാണ്ട് ഒമ്പത് മണിക്കൂർ പിന്നിട്ട ശേഷം, ശ്രീറാമിന്റെ രക്തപരിശോധന നടത്തിയിട്ടില്ലെന്ന വിവരം പുറത്തു വന്നു. ഇതേത്തുടർന്നാണ് ജനറൽ ആശുപത്രിയിൽ നിന്നുള്ള സംഘം കിംസ് ആശുപത്രിയിലെത്തി ശ്രീറാമിന്റെ രക്തം പരിശോധിക്കുന്നത്. അപ്പോഴേക്കും തെളിവുകളെല്ലാം നശിപ്പിക്കപ്പെട്ടിരുന്നു. പിന്നീട് ശ്രീറാമിന്റെ രക്തത്തിൽ മദ്യത്തിന്റെ സാന്നിധ്യമില്ല എന്ന റിപ്പോർട്ടും പുറത്തു വന്നു. അപകട ദിവസം എഫ് ഐ ആർ പുറത്തു വന്നപ്പോൾ സെയ്ഫുദീൻ ഹാജി പോലീസിനോട് മൊഴി കൊടുത്ത സമയം രാവിലെ 7.17 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വാഹനത്തിന്റെ നമ്പർ മാത്രമാണ് അതിൽ പരാമർശിച്ചിട്ടുള്ളത്. വാഹനം ഓടിച്ചിരുന്ന കോളത്തിൽ “അജ്ഞാതൻ’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ബഷീറിന്റെ മരണം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ എന്നും സത്യവിരുദ്ധമായി രേഖപ്പെടുത്തിയിട്ടുണ്ട്. ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ സംഭവം മാധ്യമങ്ങൾ ഏറ്റെടുത്തതു കൊണ്ടു മാത്രമാണ് പോലീസിന്റെ കള്ളക്കളികൾ പുറംലോകമറിഞ്ഞത്. മജിസ്‌ട്രേറ്റ് കോടതി തെളിവുകളുടെ അഭാവത്തിൽ ശ്രീറാമിന് ജാമ്യം അനുവദിച്ചു. ഇത് ചോദ്യം ചെയ്ത് ജാമ്യം റദ്ദു ചെയ്യണമെന്ന സർക്കാറിന്റെ ആവശ്യം ഹൈക്കോടതി നിരാകരിക്കുകയും ചെയ്തു. പിന്നീട് രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ ഇടക്കാല റിപ്പോർട്ടിലും മ്യൂസിയം എസ് ഐ ജയപ്രകാശിനെ ന്യായീകരിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.

സെയ്ഫുദ്ദീൻ ഹാജി മൊഴി നൽകാൻ വൈകിയതു കൊണ്ടാണ് ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധന വൈകിയത് എന്ന വിചിത്രമായ കണ്ടെത്തലാണ് ആ റിപ്പോട്ടിലുണ്ടായിരുന്നത്. ഇതിനെതിരെയും മാധ്യമങ്ങൾ രംഗത്തു വന്നു. മൊഴി വൈകിയെന്ന വിചിത്ര വാദത്തിന്റെ മുനയൊടിച്ച് അപകടം നടന്ന സ്ഥലത്ത് പോലീസ് ഒരു മിനുട്ടിനകം എത്തുന്ന സി സി ടി വി ദൃശ്യങ്ങൾ മാധ്യമങ്ങൾ കഴിഞ്ഞ ദിവസം പുറത്തു വിട്ടു. തങ്ങളുടെ അധികാരമുപയോഗിച്ച് സത്യം പുറത്തു വരാതിരിക്കാൻ ഒരു കൂട്ടർ ബോധപൂർവം ശ്രമം നടത്തുകയാണെന്ന ആക്ഷേപമാണ് ജനങ്ങൾ ഉന്നയിക്കുന്നത്. അതേസമയം, സത്യത്തെ മൂടിവെക്കാൻ എത്ര ശ്രമിച്ചാലും അത് ഒരു ദിവസം തെളിയിക്കപ്പെടുമെന്ന സത്യത്തിൽ വിശ്വാസമർപ്പിച്ച് മുന്നോട്ട് പോവുകയാണ് ബഷീറിനെ സ്‌നേഹിക്കുന്നവർ.

ശ്രീജിത്ത് ശ്രീധരൻ
[email protected]