പശ്ചിമ ബംഗാളില്‍ ഇടതുപക്ഷവുമായി സഖ്യത്തിന് സോണിയാ ഗാന്ധിയുടെ അനുമതി; നിലപാട് വ്യക്തമാക്കാതെ സിപിഎം

Posted on: August 25, 2019 11:30 am | Last updated: August 25, 2019 at 3:13 pm

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടുപക്ഷവുമായുള്ള സഖ്യത്തിന് എഐസിസി പ്രസിഡന്റ് സോണിയ ഗാന്ധിയുടെ അനുമതി. ഇക്കാര്യം പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് ഘടകത്തെ ്അറിയിച്ചിട്ടുണ്ട്. അതേ സമയം ഇത് സംബന്ധിച്ച് സിപിഎം നിലപാട് വ്യക്തമാക്കിയിട്ടില്ല. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ കോണ്‍ഗ്രസിനേറ്റ കനത്ത തിരിച്ചടിയാണ് ഇത്തരമൊരു നീക്കത്തിന് സോണിയയെ പ്രേരിപ്പിച്ചതെന്നറിയുന്നു.

സംസ്ഥാനത്ത് ബിജെപിയുടെ വളര്‍ച്ചക്ക് തടയിടുകയെന്ന താണ് തങ്ങളുടെ ലക്ഷ്യമെന്ന് ബംഗാള്‍ പിസിസി പ്രസിഡന്റ് സുമന്‍ മിത്ര പറഞ്ഞു. സഖ്യം സംബന്ധിച്ച് സോണിയയും സുമനും കൂടിക്കാഴ്ച നടത്തിയിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷവുമായുള്ള സഖ്യത്തിന് സോണിയ ഗാന്ധി അനുമതി നല്‍കിയതായി സുമന്‍ മിത്ര പറഞ്ഞു. ഇടതുപക്ഷത്തിന് സമ്മതമാണെങ്കില്‍ സഖ്യവുമായി മുന്നോട്ട് പോകാമെന്ന് സോണിയ അറിയിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.എന്നാല്‍, ബംഗാളില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കില്ല. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസും സിപിഎമ്മും സഖ്യമുണ്ടാക്കിയിരുന്നുവെങ്കിലും കാര്യമായ നേട്ടമുണ്ടാക്കാനായിരുന്നില്ല.