Kozhikode
യൂറോപ്പിലെ ഏറ്റവും വലിയ മസ്ജിദ് വിശ്വാസികൾക്കായി തുറന്നു

കോഴിക്കോട്: ചെച്‌നിയ പ്രസിഡന്റ് റമദാൻ അഹ്‌മദ് ഖാദിറോവ് നിർമിച്ച യൂറോപ്പിലെ ഏറ്റവും വലിയ മുസ്‌ലിം പള്ളി വിശ്വാസികൾക്കായി തുറന്നുകൊടുത്തു. 30,000 വിശ്വാസികൾക്ക് അകത്തും ഒരു ലക്ഷം പേർക്ക് പുറത്തും നിസ്‌കരിക്കാവുന്ന പള്ളിയുടെ ഉദ്ഘാടനത്തിനു വിവിധ രാഷ്ട്രങ്ങളിൽ നിന്നുള്ള പ്രധാന ഇസ്‌ലാമിക പണ്ഡിതരും സംബന്ധിച്ചു.
പ്രസിഡന്റ് റമദാൻ അഹ്‌മദ് ഖാദിറോവിന്റെ ക്ഷണപ്രകാരം ഇന്ത്യയിൽ നിന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മുഖ്യാതിഥികളിൽ ഒരാളായി പങ്കെടുത്തു. പ്രവാചകൻ മുഹമ്മദ് നബിയുടെ പേര് നൽകപ്പെട്ട മസ്ജിദ് ഇസ്‌ലാമികമായ ആരാധനകൾക്ക് പുറമെ ലോകത്തിലെ മുസ്‌ലിം പണ്ഡിതരുടെ മുഖ്യ വൈജ്ഞാനിക ഹബ് ആയി മാറുമെന്ന് അധ്യക്ഷ പ്രസംഗത്തിൽ റമദാൻ അഹ്‌മദ് ഖാദിറോവ് പറഞ്ഞു. റഷ്യൻ മേഖലക്ക് മുഴുവൻ അഭിമാനമാണ് പള്ളിയെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ സന്ദേശത്തിൽ പറഞ്ഞു.
ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയായ ശേഷം ആദ്യമായി ചെച്‌നിയയിലെത്തിയ കാന്തപുരത്തെ റമദാൻ ഖാദിറോവ് അഭിനന്ദിച്ചു. ഇസ്‌ലാമിക വൈജ്ഞാനിക നാഗരിക മുന്നേറ്റങ്ങളുടെ കേന്ദ്രബിന്ദുവായിരുന്നു പള്ളികൾ എന്നും പ്രൗഢവും വിശാലവുമായ ഈ മസ്ജിദ് യൂറോപ്പിൽ പുതിയ ജ്ഞാനപരവും സാംസ്‌കാരികവുമായ മുന്നേറ്റത്തിന് നിമിത്തമാവുമെന്നു കാന്തപുരം അഭിപ്രായപ്പെട്ടു.
യു എ ഇ സാംസ്‌കാരിക മന്ത്രി ശൈഖ് നഹ്‌യാൻ ബിൻ മുബാറക് ആൽ നഹ്‌യാൻ , ലോകപ്രശസ്ത യമനി പണ്ഡിതൻ ശൈഖ് ഉമർ ഹഫീള്, കുവൈത്ത് അമീറിന്റെ അഡ്വൈസർ ഡോ. അബ്ദുല്ല മത്വീഖ്, ചെചൻ ഗ്രാൻഡ് മുഫ്തി ശൈഖ് സലാഹ് മസീവ് പ്രസംഗിച്ചു.