National
നവജാത ശിശുവിന്റെ രൂപവുമായെത്തി സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് പണം തട്ടാന്‍ സ്ത്രീയുടെ ശ്രമം

ഭോപാല്‍: നവജാത ശിശുവുണ്ടെന്ന് തെറ്റായി ധരിപ്പിച്ച് സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് പണം തട്ടാന്‍ ശ്രമം. മധ്യപ്രദേശില്‍ മൊറേന ജില്ലയിലെ കൈലാരാസ് പ്രദേശത്താണ് സംഭവം. പ്രസവിച്ച കുട്ടിയുടെ പേര് ശ്രമിക് സേവാ പ്രസൂതി സഹായതാ യോജനാ ഗുണഭോക്താക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് ശ്രമിച്ച സ്ത്രീയുടെ തട്ടിപ്പാണ് വെളിച്ചത്തായത്. തുണി കൊണ്ട് പൊതിഞ്ഞ നിലയില്‍ ഇവരുടെ കൈയിലുണ്ടായിരുന്നത് കുഴച്ച മാവു കൊണ്ടുണ്ടാക്കിയ ശിശുവിന്റെ രൂപമായിരുന്നുവെന്ന് തെളിയുകയായിരുന്നു. തട്ടിപ്പ് പുറത്തായതോടെ സ്ത്രീയും ഇവരുടെ ഭര്‍ത്താവും ഓടി രക്ഷപ്പെട്ടു.
സ്ത്രീയുടെ കൂടെയുണ്ടായിരുന്ന സാമൂഹികാരോഗ്യ പ്രവര്‍ത്തകക്ക് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയതായി കൈലാരാസ് ബ്ലോക്ക് ആസ്ഥാനത്തെ കമ്മ്യൂണിറ്റി ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ് ആര്‍ മിശ്ര അറിയിച്ചു. തിങ്കളാഴ്ച നടന്ന സംഭവത്തെ കുറിച്ച് വ്യാഴാഴ്ചയാണ് ആരോഗ്യ വകുപ്പിലെ ചിലര്‍ വഴി പ്രാദേശിക മാധ്യമങ്ങള്‍ക്ക് വിവരം ലഭിച്ചത്. ഗര്‍ഭിണികളായ ഗ്രാമീണ യുവതികള്‍ക്ക് പോഷകാഹാരത്തിനായി 1400 രൂപയും പ്രസവ ശേഷം മൂന്നു മാസത്തെ വേതന നഷ്ടം കണക്കാക്കി 16,000 രൂപയുമാണ് പദ്ധതിയിലൂടെ നല്‍കുന്നത്.
ഭര്‍ത്താവിനും സാമൂഹികാരോഗ്യ പ്രവര്‍ത്തകക്കുമൊപ്പം ഒരു ആംബുലന്‍സിലാണ് സ്ത്രീ ആരോഗ്യ കേന്ദ്രത്തിലെത്തിയതെന്ന് ഡോ. മിശ്ര പറഞ്ഞു. പദ്ധതിയില്‍ തന്റെ പേര് ചേര്‍ക്കണമെന്ന് ഡ്യൂട്ടിലുണ്ടായിരുന്ന നഴ്‌സിനോട് ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഡോക്ടറെ കാണിച്ച് പരിശോധിപ്പിക്കുന്നതിനായി കുഞ്ഞിനെ നല്‍കാന്‍ നഴ്‌സ് ആവശ്യപ്പെട്ടപ്പോള്‍ സ്ത്രീ അതിനു തയാറായില്ല. സ്ത്രീയും ഭര്‍ത്താവും ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരോട് തട്ടിക്കയറുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സത്രീയുടെ കയ്യിലുണ്ടായിരുന്നത് കുഴച്ച മാവു കൊണ്ട് നിര്‍മിച്ച് ചുവന്ന നിറം പൂശിയ
രൂപമായിരുന്നുവെന്ന് തിരിച്ചറിഞ്ഞത്.