മയക്കുമരുന്ന് കേസ്: മലയാളിയായ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന് 15 വര്‍ഷം കഠിന തടവ്

Posted on: August 19, 2019 6:34 pm | Last updated: August 19, 2019 at 10:53 pm

മുംബൈ: മയക്കുമരുന്ന് കേസില്‍ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനും മലയാളിയുമായ സജി മോഹന് 15 വര്‍ഷം കഠിന തടവ്. മുംബൈ എന്‍ഡിപിഎസ് കോടതിയുടേതാണ് ശിക്ഷാ വിധി. കേസില്‍ സജി മോഹന്റെ കൂട്ടാളിയും ഡ്രൈവറുമായ ഹരിയാന പോലീസ് കോണ്‍സ്റ്റബിള്‍ രാജേഷ് കുമാറിന് പത്ത് വര്‍ഷം  തടവും വിധിച്ചു. കേസിലെ ഒരു പ്രതിയെ കോടതി വെറുതെ വിട്ടു.

2009ലാണ് മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് സജി മോഹനെ 12 കിലെ ഹെറോയിനുമായി മുബൈയില്‍ വെച്ച് അറസ്റ്റ് ചെയ്തത്. പത്തനാപുരം സ്വദേശിയായ സജി മോഹന്‍ കേരളത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മേധാവിയായി ചുമതലയേറ്റെടുക്കാനിരിക്കെയായിരുന്നു അറസ്റ്റ്. അനധികൃതമായി മയക്കുമരുന്നു കൈവശം വച്ച മറ്റൊരു കേസില്‍ ചണ്ഡീഗഡ് കോടതി സജി മോഹനെ 13 വര്‍ഷം തടവിന് വിധിച്ചിരുന്നു. ഈ കേസില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെയാണ് മുബൈ കേസിലും ശിക്ഷിക്കപ്പെടുന്നത്.